ന്യൂദല്‍ഹി: കേരളത്തിലെ നഗര മാവോസിറ്റുകള്ക്കെതിരെ നടപടിക്കൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. ഇത് സംബന്ധിച്ച് എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് ഇടത് -മുസ്ലിം തീവ്രവാദികള്‍ക്ക് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹായം നല്കുന്നതായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. ആദ്യ ഘട്ടത്തില്‍ എന്‍ഐ തയ്യാറാക്കിയ പട്ടികയില്‍ മുപ്പതോളം അര്‍ബല്‍ നക്സലുകളാണുള്ളത്.
മാധ്യമപ്രവര്‍ത്തകര്‍, സാംസ്കാരിക നായകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അധ്യാപകര്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളും മുസ്ലിം തീവ്രവാദ സംഘടനകളും സഹകരണത്തോടെയാണ് പ്രവര്‍ത്തനം. പന്തീരാങ്കാവില്‍ പിടിയിലായ മാവോയിസ്റ്റുകളായ അലനും താഹയും തീവ്ര മുസ്ലിം ആശയങ്ങള്‍ പിന്തുടരുന്നവരാണ്. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത അഭിലാഷ് പടച്ചേരി ഐഎസ് റിക്രൂട്ട്മെന്റിലുള്പ്പെടെ പ്രതിസ്ഥാനത്തുള്ള സംഘടനയുടെ ഓണ്‍ലൈന്‍ പത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം മൗലികവാദ സംഘടനയുടെ മാധ്യമ സ്ഥാപനങ്ങള്‍ നഗര മാവോയിസ്റ്റുകള്‍ക്കുള്ള സുരക്ഷിത താവളങ്ങളായി മാറിയിട്ടുണ്ട്.
ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് ബൗദ്ധിക പരിസരവും മറ്റ് സഹായങ്ങളും ഒരുക്കുകയാണ് അര്‍ബന്‍ നക്സലുകള്‍ ചെയ്യുന്നത്. പ്രധാന മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഇതിന്റെ കണ്ണികളാണ്. മനുഷ്യാവകാശം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ ലേബലിലെല്ലാം തീവ്രവാദികളെ വെളുപ്പിക്കാനുള്ള അജണ്ടകളുമായി പണിയെടുക്കുന്നവരുണ്ടെന്നാണ് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലും നഗരമാവോയിസ്റ്റുകള്‍ രംഗത്തിറങ്ങിയിരുന്നു. അലന്, താഹ കേസാണ് ഇപ്പോള്‍ ഇവരിലേക്കുള്ള അന്വേഷണത്തില്‍ എത്തിനില്‍ക്കുന്നത്. നേരത്തെ മഹാരാഷ്ട്രയില്‍ ഭീമാ-കൊറിഗാവ് സംഘര്‍ഷത്തില്‍ അര്‍ബന്‍ നക്സലുകളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പദ്ധതിയിട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള വെള്ളക്കോളര്‍ മാവോയിസ്റ്റുകള്‍ പിടിയിലായി. ഇതേ നിലയില്‍ കേരളത്തിലും വേട്ടക്കൊരുങ്ങുകയാണ് എന്‍ഐഎ.
ഏതാനും ദിവസം മുന്‍പ് കോഴിക്കോട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോടും വയനാടും റെയ്ഡ് നടത്തി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സജീവമായി തീവ്രവാദം പ്രചരിപ്പിച്ചിരുന്ന പലരും നിശബ്ദരായി. തൃശൂരിലെ സിപിഎം ബുദ്ധിജീവിയായ കോളേജ് അധ്യാപിക ഫേസ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാക്കിയത് ചര്‍ച്ചയായിരുന്നു. എന്‍ഐഎ കസ്റ്റഡിയിലെടുത്ത അഭിലാഷ് പ്രവര്‍ത്തിച്ചിരുന്ന മാധ്യമവുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഈ മാധ്യമത്തിന്റെ സംഘടനകള്‍ അധ്യാപികക്ക് ഗള്‍ഫില്‍ നിരവധി പരിപാടികള്‍ ഏര്‍പ്പാടാക്കി നല്‍കിയിരുന്നു.
Discussion about this post