ന്യൂദല്‍ഹി: ഇസ്രായേലിലെ ടെല്‍അവീവില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്കിയ ഏഷ്യാനെറ്റിനെ പരിഹസിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. തങ്ങള്‍ വാര്‍ത്ത നല്കിയതിനാല് നഴ്സുമാരെ കേരളത്തിലെത്തിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായെന്ന് ഏഷ്യാനെറ്റ് അവകാശപ്പെട്ടിരുന്നു. വിദേശകാര്യ വകുപ്പാണ് വന്ദേ ഭാരത് മിഷന് നടത്തുന്നതെന്ന് ചാനലിന് അറിയില്ലേയെന്ന് മുരളീധരന് ചോദിച്ചു. ടെല്‍ അവീവില്‍ നിന്ന് ലിജി മോള് ജോണും മഞ്ജു കൃഷ്ണന് കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കത്തയച്ചിരുന്നു. സുരേന്ദ്രന് വിദേശകാര്യ മന്ത്രാലയവുമായും ഞാനുമായും ബന്ധപ്പെട്ടു. 25ന് ഇന്ത്യയിലുള്ള ഇസ്രായേലുകാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്നുണ്ട്. ഇതില്‍ നഴ്സുമാരെ തിരികെ കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കുകയാണ്. ഇസ്രായേലില്‍നിന്നും കേരളത്തിലേക്ക് സര്‍വ്വീസ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ചില മാധ്യമങ്ങള്‍ ടെല്‍ അവീവില്‍ നഴ്സുമാര്‍ അകപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്നും വാര്‍ത്ത നല്കി. അവരുടെ വാര്‍ത്തയുടെ ഫലമായി എയര്‍ ഇന്ത്യ ആളുകളെ കൊണ്ടുവരുന്നുവെന്നും പറയുന്നു. വിദേശകാര്യ വകുപ്പാണ് വന്ദേ ഭാരത് മിഷന് നടത്തുന്നതെന്ന് അറിയാത്തതുകൊണ്ടായിരിക്കണം ഇത്. ഇതേ ചാനലിന്റെ ഗള്‍ഫിലുള്ള പ്രതിനിധി ഇവിടെയിരുന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് നമ്മള് കണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post