ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ കടുത്ത അവഗണനക്കെതിരെ ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഹോസ്റ്റല്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ രാജ്യതലസ്ഥാനത്ത് നരകയാതന അനുഭവിക്കുമ്പോള്‍ ഇവരെ നാട്ടിലെത്തിക്കാന്‍ മടിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് കാല്‍നടയായി പോകാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ഞായറാഴ്ച യാത്ര ആരംഭിക്കും.
മുഖ്യമന്ത്രിക്കുള്‍പ്പെടെ നിരവധി തവണ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കേരള ഹൗസുമായി ബന്ധപ്പെട്ടെങ്കിലും മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായില്ല. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പലതവണ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്. മടക്കയാത്രക്ക് പണം നല്‍കാമെന്ന് ദല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് നാട്ടിലേക്ക് പോകുന്നതിനായി കാത്തിരിക്കുന്നത്.
ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നു ജാമിയ. സമരത്തിന് പിന്തുണയുമായി ടി.എന്‍. പ്രതാപന് മുതല്‍ ബൃന്ദാ കാരാട്ട് വരെയുള്ള കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ജാമിയയിലേക്ക് ഒഴുകിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഒരു നേതാക്കളും തിരിഞ്ഞുനോക്കാനില്ല.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ജാമിയയിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സ്വാലിഹ് തിരുവനന്തപുരത്തെ കോവിഡ് വാര് റൂമിലേക്ക് വിളിച്ചതിന്റെ ഓഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് പാസ് നല്‍കുക മാത്രമാണ് ജോലിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് വാര് റൂമില്‍ നിന്നും ലഭിച്ച മറുപടി. യുപിയും ബിഹാറും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. കേരളത്തിലേക്ക് മാത്രമാണ് വാഹനം ലഭിക്കാത്തതെന്നും സ്വാലിഹ് പറയുന്നു.
കേന്ദ്ര സര്‍ക്കാരാണ് ട്രെയിന്‍ ഓടിക്കേണ്ടതെന്നാണ് ഇതിന് മറുവാദമായി സംസ്ഥാനം പറയുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നത് ചൂണ്ടിക്കാട്ടി ദല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ കേരളം നടപടി സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പഞ്ചാബ് സര്‍ക്കാരും അവിടെയുള്ള മലയാളി വിദ്യാര്‍ത്ഥികളോട് കേരളത്തിന്റെ അനാസ്ഥയാണ് വിശദീകരിച്ചത്.
Discussion about this post