തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ രോഷവും അസംതൃപ്തിയും പുകയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിലധികം വരുമാനമുണ്ടായിട്ടും കോവിഡ് സാഹചര്യത്തിന്റെ പേരില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശമ്പളം വെട്ടിക്കുറച്ചത് അനീതിയാണെന്ന വാദമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനമാണ് വെട്ടിക്കുറച്ചത്. കൂടാതെ കുടുംബത്തിലെ ആറു പേര്‍ക്ക് ഉണ്ടായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നു പേര്‍ക്കായി വെട്ടിച്ചുരുക്കി. ഫുഡ് കാര്‍ഡ് ആനുകൂല്യം എടുത്തു കളഞ്ഞതും ജീവനക്കാര്‍ക്കു സാമ്പത്തിക ബാധ്യതയായി.
മുന്‍ ശമ്പളത്തിനനുസരിച്ചു ഭവന വായ്പയും വാഹനവായ്പയുമൊക്കെ എടുത്തിട്ടുള്ള ജീവനക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് വേതനം വെട്ടിക്കുറയ്ക്കല്‍ നടപടിയെന്നു മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുന്നു. റേറ്റിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഏഷ്യാനെറ്റിലെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ചട്ടപ്പടി ജോലിയെന്ന പ്രതിഷേധന മാര്‍ഗത്തിലേക്കു തിരിയാനാണ് ജീവനക്കാരുടെ നീക്കം.
ഏഷ്യാനെറ്റ് ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചു കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) ഇടപെട്ടതു വിപരീത ഫലവുമായി. മധ്യസ്ഥ ചര്‍ച്ചയ്ക്കു പോയ യൂണിയന് നേതാക്കളെ മാനേജ്മെന്റ് പ്രതിനിധികള്‍ അവഹേളിച്ചു വിട്ടതായാണു വിവരം. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവരാണു യൂണിയനെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏഷ്യാനെറ്റ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു എച്ച്ആര്‍ വിഭാഗം മേധാവി രാജലക്ഷ്മി, ബിസിനസ് വിഭാഗം മേധാവി ഫ്രാങ്ക് തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. യൂണിയന് നേതാക്കളായ റജി ജോലി ചെയ്യുന്ന മാധ്യമം പത്രത്തില്‍ മാസങ്ങളായി ശമ്പളം നിഷേധിക്കുന്നതും സുരേഷ് വെള്ളിമംഗലത്തിന്റെ ദേശാഭിമാനി പത്രത്തില്‍ വേജ് ബോര്‍ഡ് നിര്‍ദേശങ്ങള്‍ അട്ടിമറിച്ചു ശമ്പളം വെട്ടിക്കുറയ്ക്കുകയും ബോണസ് റദ്ദാക്കുകയും ചെയ്തതില്‍ യൂണിയന് എന്തു ചെയ്തുവെന്ന ഏഷ്യാനെറ്റ് മാനേജ്മെന്റ് പ്രതിനിധികളുടെ ചോദ്യത്തിനു മുന്നില്‍ യൂണിയന് പ്രതിനിധികള്‍ക്ക് ഉത്തരം മുട്ടി. ജില്ലാ പ്രസിഡന്റിന്റെ പേരിലുള്ള നിവേദനവും കൈമാറി യൂണിയന് നേതാക്കള്‍ തടിയൂരുകയായിരുന്നു. സംസ്ഥാന ഭാരവാഹികളുടെ പേരില്‍ നിവേദനം നല്‍കാതെ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ ദുര്‍ബലമായ വാദങ്ങളുമായി നിവേദനം നല്‍കിയതില്‍ യൂണിയന് നേതൃത്വത്തിനെതിരെ അമര്‍ഷവും ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് മാനേജ്മെന്റ് തന്ത്രപരമായാണു ശമ്പളം വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കിയത്. എല്ലാവര്ക്കും ബാധകമായ തരത്തിലാണു വെട്ടിക്കുറയ്ക്കലെന്നായിരുന്നു അറിയിപ്പെങ്കിലും ഉന്നത തസ്തികയിലുള്ളവരുടെ ശമ്പളത്തില്‍ കുറവു വരുത്തിയിട്ടില്ല. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, സുരേഷ് കുമാര്‍, പ്രശാന്ത് രഘുവംശം എന്നിവര്‍ക്കു ശമ്പളം വെട്ടിക്കുറയ്ക്കാതെ മുകള്‍തട്ടില്‍ അസംതൃപ്തി ഒഴിവാക്കി. ജീവനക്കാരെ സമര്‍ഥമായി ഭിന്നിപ്പിക്കുന്നതില്‍ മാനേജ്മെന്റ് വിജയിച്ചു. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന്റെ പേരില്‍ ജീവനക്കാര്‍ ഉഴപ്പാതെ നോക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കുണ്ട്. ഉഴപ്പുന്ന ജീവനക്കാരെ സമ്മര്‍ദ്ദം ചെലുത്തി ജോലി ചെയ്യിക്കണമെന്ന നിര്‍ദേശവും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റിലെ അസംതൃപ്തി മുതലെടുക്കാന്‍ 24 ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ അണിയറ നീക്കവും തുടങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ശമ്പളം കുറിച്ചതിനാല്‍ അതിനേക്കാള്‍ മിക്ച്ച ശമ്പളം വാഗ്ദാനം നല്കി മികച്ച മാധ്യമ പ്രവര്‍ത്തകരെ ചാക്കിടാനായി രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
Discussion about this post