പെരുന്നാളിന് സമ്പൂര്‍ണ ലോക്ക് ഡൗണുമായി സൗദി; കേരളത്തില്‍ ഇളവ്: കൊറോണയിലും പ്രീണനവുമായി പിണറായി

    തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ്ണ ലോക്ക്ഡൗണുമായി മുസ്ലിം രാജ്യമായ സൗദി അറേബ്യ. ഈ മാസം 23 മുതല്‍ 27 വരെയാണ് രാജ്യത്ത് 24 മണിക്കൂറും ലോക്ക്ഡൗണും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയത്. ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ തുറക്കില്ല. പ്രാര്‍ത്ഥനകള്‍ വീട്ടില്‍ നിര്‍വ്വഹിക്കണം. അഞ്ച് പേരില്‍ കൂടുതലും കുടുംബങ്ങള്‍ തമ്മിലും ഒത്തുകൂടരുത്. ഇത്‌ലംഘിക്കുന്നവര്‍ക്ക് പിഴയുണ്ടാകും. റംസാന്‍ മാസത്തില്‍ ഇതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്ന മാളുകളും ഷോപ്പിംഗ് സെന്ററുകളും അടച്ചിടും.

    അതേ സമയം പെരുന്നാളിന് ലോക്ക്ഡൗണില്‍ ഇളവ് നല്‍കുമെന്ന വിചിത്ര പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാത്രി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുണ്ടാകും. മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്താണ് ഇളവെന്നും പിണറായി പറഞ്ഞു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പെരുന്നാളിന് കൊറോണ അവധിയാകുമോയെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.