ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണം – പക്ഷെ എങ്ങനെ?

  ജീവിതത്തിൽ ആരെങ്കിലുമൊക്കെ ആകണം … ആയിത്തീരണം… പക്ഷേ എങ്ങിനെ? അതാണ്‌ മനസ്സിലാകാത്തത്! ആരോടാണ് ചോദിക്കുക?

  എങ്കിലും ഞാൻ ചോദിച്ചു, പലരോടും!

  ചിലർ പറഞ്ഞു, നന്നായി കഷ്ടപ്പെടണം!

  ശരി, കഷ്ടപ്പെടാൻ ഞാൻ തയ്യാറാണ്, പക്ഷേ എവിടെയാണ് കഷ്ടപ്പെടേണ്ടത്? എങ്ങിനെയാണ് കഷ്ടപ്പെടേണ്ടത്? അത് പറഞ്ഞു തരാൻ അവർക്കായില്ല!

  ‘എങ്കിൽ പിന്നെ ഞങ്ങൾക്കതങ്ങു ചെയ്‌താൽ പോരേ’ എന്നുള്ള അവരുടെ പിറുപിറുക്കലുകൾ ഞാൻ കേട്ടുവോ ആവോ!

  വെറുതെ തലയിൽ ഒരു കല്ലും വെച്ചു നിന്നാൽ? അതും ഒരു കഷ്ടപ്പാടാണ്, അപ്പൊ അതുകൊണ്ട് ജീവിതവിജയം നേടാനാകുമോ?

  ഇല്ല!

  മറ്റു ചിലർ പറയുന്നു നമ്മൾ എന്തെങ്കിലും ഒരു പ്രത്യേക ഉദ്ദേശം വച്ച് മുന്നോട്ട് നീങ്ങണമെന്ന്, എന്നാൽ എന്ത് ഉദേശമാണെന്ന് അവർക്കും ഉത്തരമില്ല!

  ”Please Come to Us, We will give you success!” എന്ന വാചകത്തിന് പിന്നാലെ നടന്ന് കുറേ കാശും കൊടുത്ത് അവരുടെ ഗീർവാണങ്ങൾ കേട്ടു മടങ്ങിയതു മാത്രം മിച്ചം!

  നല്ല വാഗ്ചാതുരിയുള്ള പ്രസംഗം, അത് നമ്മളെ പിടിച്ചിരുത്തും .., ഓരോരോ അനുഭവങ്ങളിലൂടെ അവർ നമ്മളിലേക്ക് ഊർജ്ജം കുത്തിവെക്കുന്നു, പക്ഷേ, നമ്മുടേതായ ഒരു വഴി കാണിച്ചുതരാൻ അവർക്കും കഴിയുന്നില്ല!

  അപ്പോൾ ഈ success എന്നു പറയുന്നത് നമ്മളിലേക്ക് വന്നു ചേരുന്നതോ അതോ നമ്മൾ കണ്ടെത്തുന്നതോ?

  നമ്മൾ കണ്ടെത്തുന്നതിനെ നമുക്ക് success എന്നു വിളിക്കാം ..!, നമ്മളിലേക്ക് വരുന്നതിനെ ഭാഗ്യമെന്നല്ലേ വിളിക്കാനാകൂ.

  ചിലർ സൈക്കളിൽ ചായക്കട വെച്ച് , പിന്നെ ഹോട്ടലുകൾ വാങ്ങി ജീവിത വിജയം നേടിയിട്ടുണ്ട്.

  എന്നുവെച്ച് അവരുടെ ജീവിത കഥ വായിച്ച് എല്ലാവരും ചായ കെറ്റിലുമായി  സൈക്കിൾ ചവിട്ടാൻ തുടങ്ങിയാൽ വെറുതെ കാലു കഴച്ച് സൈക്കിളിന് തേയ്മാനം വരുത്താമെന്നേയുള്ളൂ.

  ചിലർ അഭിനയത്തിലൂടെ പ്രശസ്തരാകുന്നു, മറ്റു ചിലർ എഴുതി പ്രശസ്തരാകുന്നു… അങ്ങിനെ ഓരോ തുറയിലും ജീവിതവിജയം നേടുന്നവർ, പക്ഷേ അതെല്ലാം വിരലിൽ എണ്ണാവുന്നവർ മാത്രം ബാക്കിയുള്ളവർക്കെല്ലാം എന്തു സംഭവിക്കുന്നു?

  അവർ പരിശ്രമിക്കാഞ്ഞിട്ടാണോ?, അല്ല. അവരും പരിശ്രമിക്കുന്നുണ്ട്. എന്നിട്ടും എന്തേ ആ വിരലിൽ എണ്ണാവുന്നവരിൽ ഒരാളായിത്തീരാൻ കഴിയുന്നില്ല?

  ഇവിടെയാണ്‌ ദൈവാനുഗ്രഹത്തിന്റെ പ്രസക്തി. മറ്റു ചിലർ അതിനെ ഭാഗ്യത്തിന്റെ പേരിട്ടു വിളിക്കുന്നു.

  ദൈവത്തിലൂടെയാണ് ഈ ഭാഗ്യം സംഭവിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നു മാത്രം!

  ”രണ്ടു നാളു കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ
  മാളിക മുകളിലിരിക്കും മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ”

  അപ്പോൾ ഭാഗ്യമെന്നവാക്കിനേക്കാൾ ഉപരിയായി ദൈവീകതയിലൂടെയാണ് നാം ചരിക്കേണ്ടത്

  ദൈവീക ചേതന നമ്മിൽ വന്നു നിറയുമ്പോൾ, മാർഗ്ഗങ്ങൾ താനേ തെളിയപ്പെടുന്നു, ആ മാർഗ്ഗത്തിൽ ചിലപ്പോൾ കല്ലുകൾ ഉണ്ടാകാം, മുള്ളുകൾ ഉണ്ടാകാം! അത് നമ്മൾ താണ്ടിക്കടക്കുകതന്നെ വേണം, ഇവിടെയാണ്‌ കഷ്ടപ്പെടണം എന്നു പറയുന്നതിന്റെ പ്രസക്തി!

  ചുരുക്കിപ്പറഞ്ഞാൽ, ദൈവീകമായ പ്രകാശം പരത്തുന്ന കഠിനമായ വഴികളിലൂടെ നാം ചരിക്കുമ്പോൾ പലപ്പോഴും വീണു പോകുമായിരിക്കും. എന്നുവെച്ച് നിരാശർ ആകേണ്ട കാര്യമില്ല ചാടിയെഴുന്നെല്ക്കുക …!

  ദൈവം കാണിച്ചു തന്നെ വഴിയാണത്. അവിടെ ദൈവീക കരങ്ങൾ നമ്മളെ താങ്ങുവാനുണ്ടാകും. അങ്ങിനെ അതിലൂടെ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരുമ്പോൾ അതിനെ success എന്നു വിളിക്കുന്നു.

  ആത്മീയമായും  മാനസീകമായും ശാരീരികമായും ആ ആത്മീയ ചൈതന്യത്തിലൂടെ നാം നേടുന്ന വിജയത്തിനേ  നിലനിൽപ്പുള്ളൂ!

  മറ്റുള്ളതെല്ലാം വെറും നൈമിഷികമായ നീർക്കുമിളകളാണ്. ഒരു ചെറിയ കാറ്റടിച്ചാൽ, എന്തിന്, വെറുതെ ഒന്നൂതിയാൽ പോലും പൊട്ടിപ്പോകുന്ന വെറും നീർക്കുമിളകൾ!

  സുരേഷ് ആർ നായർ

  LEAVE A REPLY

  Please enter your comment!
  Please enter your name here