കാമറേഡുകള്‍ വിലസുന്നു; വനിതാ മതില്‍ പണിയുന്നവരെ ഭയന്ന് വനിതകള്‍

    തിരുവനന്തപുരം: ഇടത് ഭരണത്തില്‍ സിപിഎമ്മുകാരുടെ പീഡനത്തിനിരയായി സ്ത്രീകള്‍. അടുത്തിടെ സിപിഎമ്മുകാരുടെ ഡസനിലേറെ പീഡനങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ കോട്ടയെന്ന് സിപിഎം അഭിമാനിക്കുന്ന കണ്ണൂരിലാണ് ഏറ്റവുമൊടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരതകള്‍ക്ക് പെണ്‍കുട്ടികള്‍ ഇരയായത്. കോമ്രേഡ് എന്നതിന് പകരം കാമറേഡുകള്‍ എന്നാണ് സഖാക്കള്‍ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന പേര്.
    പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍ ഉള്‍പ്പെടെ 12 സഖാക്കളാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവും സിപിഎം പ്രവര്‍ത്തകരായ ആന്തൂര്‍ സ്വദേശി എം.മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരരും അറസ്റ്റിലായി. നവംബര്‍ 13, 19 തീയതികളില്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. ലൈംഗിക പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എടുത്ത പ്രതികള്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
    കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ താളിക്കാവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതും സിപിഎം പ്രവര്‍ത്തകരാണ്. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി തളിയില്‍ ഉറുമി വീട് നിഖിലാണ് പ്രതികളിലൊരാള്‍. ഇതില്‍ 16 കേസുകളിലായി 13 പ്രതികളാണ് അറസ്റ്റിലായത്.
    പി.കെ. ശശി എംഎല്‍എ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചത് മാസങ്ങളോളം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ശശിക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുഖം രക്ഷിച്ച പാര്‍ട്ടി പരാതി പോലീസിന് കൈമാറാന്‍ തയ്യാറായിട്ടില്ല. ഇതിന് പുറമെ ഡിവൈഎഫ്‌ഐ നേതാവായ ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍വെച്ച് പീഡിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക പോലീസിന് പരാതി നല്‍കി. ഇതില്‍ കേസെടുത്തെങ്കിലും ജീവന്‍ലാലിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്. വയനാട് നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അടുത്തിടെ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിപിഎം നേതാവായ സി.ആര്‍. കറപ്പന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. മീ ടൂ ആരോപണം വന്നപ്പോഴും കമ്യൂണിസ്റ്റുകാരാണ് മുന്നിട്ടു നിന്നത്. അലന്‍സിയര്‍, മുകേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, രൂപേഷ് പോള്‍ തുടങ്ങി നിരവധി ഇടത് പ്രവര്‍ത്തകരുടെ ലൈംഗികാതിക്രമങ്ങളാണ് സ്ത്രീകള്‍ തുറന്നുപറഞ്ഞത്.
    നവോത്ഥാനത്തിനെന്ന പേരില്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ച് വനിതാ മതില്‍ നിര്‍മ്മിക്കാന്‍ സിപിഎം പടപ്പുറപ്പാട് നടത്തുമ്പോഴാണ് പീഡനക്കേസുകളില്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അറസ്റ്റിലാകുന്നത്. പാര്‍ട്ടിയില്‍പ്പോലും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത സിപിഎം വനിതാ മതില്‍ നിര്‍മ്മിക്കുന്നതിലെയും നവോത്ഥാനം പ്രസംഗിക്കുന്നതിലെയും കാപട്യം സജീവ ചര്‍ച്ചയാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ