തെറ്റ് തെറ്റുതന്നെ; സുനില്‍ പി ഇളയിടത്തിന്റെ ”ന്യായീകരണ തൊഴിലാളികള്‍ക്ക്” ഇടത് ചിന്തകയുടെ മറുപടി

  കൊച്ചി: സാഹിത്യ മോഷണ വിവാദത്തില്‍ ഇടത് സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടത്തെ കുറ്റപ്പെടുത്തി ജെ.ദേവിക. ”ഇളയിടം റഫറന്‍സ് ചേര്‍ത്തിട്ടുണ്ട്, പുസ്തകം ഗവേഷണമല്ല എന്നൊക്കെ പറഞ്ഞു പോസ്റ്റുകള്‍ കാണുന്നു. പ്രമുഖ ബുദ്ധിജീവികള്‍ ഒപ്പുശേഖരണം നടത്തുന്നതായി അറിയുന്നു. ഇനി നിങ്ങള്‍ കേസരി ബാലകൃഷ്ണപിള്ളയുടെ പ്രേതത്തെ കൊണ്ടു വന്നു ഇദ്ദേഹത്തിനുവേണ്ടി സാക്ഷി പറയിച്ചാലും തെറ്റ് തെറ്റുതന്നെ”. ദേവിക ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഇളയിടത്തെ പിന്തുണച്ച് ഒരു വിഭാഗം ഇടത് ബുദ്ധിജീവികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ദേവികയുടെ വിമര്‍ശനം. ഇളയിടത്തിന്റെ അനുഭൂതികളുടെ ജീവചരിത്രം എന്ന പുസ്തകത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍: ദേശീയ ആധുനികതയുടെയും ഭരതനാട്യത്തിന്റെയും രംഗ ജീവിതം എന്ന ലേഖനം ദേവേഷ് സോണേജിയുടെ ഗ്രന്ഥം മോഷിടച്ചതാണെന്നാരോപിച്ച് രവിശങ്കര്‍ എസ് നായരാണ് ആരോപണമുന്നയിച്ചത്.
  ഇത് പ്ലേജിയറിസമാണെന്ന് സമര്‍ത്ഥിച്ച് ജെ.ദേവിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം ഇളയിടത്തെ പിന്തുണച്ച് രംഗത്തെത്തി. പിന്നീട് തന്റെ നിലപാട് വ്യക്തമാക്കി ദേവിക വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

  ആദ്യത്തെ പോസ്റ്റ്

  https://m.facebook.com/story.php?story_fbid=367750213990161&id=100022655571093

  സുനില്‍ പി ഇളയിടം മറ്റൊരാളുടെ പഠനത്തിന്റെ ചില പ്രധാനഭാഗങ്ങള്‍ അപ്പടി പരിഭാഷപ്പെടുത്തി ഉപയോഗിച്ചത് പ്‌ളേജിയറിസം അല്ലെന്ന് ചിലര്‍ എഴുതിക്കണ്ടു.

  The research work carried out by the student, faculty, researcher and staff shall be based on original ideas, which shall include abstract, summary, hypothesis, observations, results, conclusions and recommendations only and shall not have any similarities. It shall exclude a common knowledge or coincidental terms, up to fourteen (14) consecutive words. ഇതാണ് യുജിസി റെഗുലേഷന്‍ പറയുന്നത്. യുജിസിക്കു കീഴിലുള്ള അദ്ധ്യാപകര്‍ക്ക് ഇതൊന്നും അറിയില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. പിന്നെ ഇളയിടത്തിന്റെ രചന ഗവേഷണമല്ല എന്നാണ് വാദമെങ്കില്‍ അദ്ധ്യാപനത്തിന്റെ ബലത്തില്‍ മാത്രമാണോ അദ്ദേഹത്തിന് പ്രമോഷനൊക്കെ കിട്ടിയത്? അതോ മലയാളം അദ്ധ്യാപകര്‍ക്ക് വേറെ മാനദണ്ഡങ്ങളുണ്ടോ? അങ്ങനെയെങ്കില്‍ അവ മാറ്റാന്‍ സമയമായി. കാരണം ബാക്കിയുള്ളവരെ വിഡ്ഢികളാക്കരുതല്ലോ. സെന്റര്‍ ഫോര്‍ ഡവലപ് മെന്റ് സ്റ്റഡീസില്‍ പ്ലേജിയറിസം സോഫ്‌റ്റ്വെയറിലൂടെ കടത്തിവിട്ട് പരിശോധിക്കാതെ ഒരാളു പോലും ഡിഗ്രി എടുക്കില്ല. ഇവിടുത്തെ കണക്കു വച്ചു നോക്കിയാല്‍ ഖണ്ഡികകള്‍ മുഴുവന്‍ പരിഭാഷപ്പെടുത്തിയാല്‍ നിങ്ങള്‍ പ്രോഗ്രാമില്‍ നിന്നു പുറത്താകും.

  പക്ഷേ ഇക്കാര്യത്തില്‍ ഇളയിടത്തെ വ്യക്തിപരമായി കുറ്റപ്പെടുത്താനാവില്ലെന്നു തോന്നുന്നു. ഈ ചെയ്തി നമ്മുടെ വിദ്യാര്‍ത്ഥികളെ എത്ര മോശമായി ബാധിക്കുമെന്ന് വ്യക്തമായിട്ടും, ഇത് ഇടതുപക്ഷ ബുദ്ധിജീവികളുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കുമെന്ന് വ്യക്തമായിട്ടും ഇതിനെ ന്യായീകരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ഇവിടുത്തെ തലമുതിര്‍ന്നവര്‍ എന്തുകൊണ്ടു തയ്യാറാവുന്നു എന്ന് കുറച്ചു ദിവസമായി കിണഞ്ഞാലോചിക്കുകയായിരുന്നു.

  ഇന്നാണ് ശരിക്കും അതു പിടികിട്ടിയത്. പഴയ ഒരു ഓര്‍മ്മ എന്നെ തേടി വന്നപ്പോള്‍. പണ്ട്, അതായത് 1980കളില്‍, തിരുവനന്തപുരത്ത് ഡിഗ്രിവിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഞാന്‍ ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്ന് കുറേ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇത്ര എളുപ്പത്തില്‍ പുസ്തകങ്ങള്‍, പ്രത്യേകിച്ച് ഇംഗ്‌ളിഷ് ചരിത്ര, തത്വശാസ്ത്ര, സാഹിത്യസിദ്ധാന്ത പുസ്തകങ്ങള്‍, കിട്ടാറില്ലായിരുന്നു. സിഡിഎസിന്റെ ലൈബ്രറി, ബ്രിട്ടില്‍് കൌണ്‍സില്‍ വായനശാല, STEPS ഓഫീസ് എന്നിവിടങ്ങളില്‍ പോയി കാത്തുകെട്ടിക്കിടന്നാണ് വായിച്ചിരുന്നത്.

  ഇന്ന് വളരെ അറിയപ്പെടുന്ന, നന്മയുള്ള ഒരു ഇടതുബുദ്ധിജീവി എനിക്ക് ധാരാളം പുസ്തകങ്ങള്‍ തന്നിരുന്നു. അദ്ദേഹം തന്നതില്‍ Barbara Eherenreich, Dierdre English എന്നീ രണ്ടു ഫെമിനിസ്റ്റ് ഗവേഷകര്‍ യൂറോപ്പില്‍ ഗൃഹശാസ്ത്രം എന്ന പഠനശാഖയുടെ ഉത്ഭവത്തെപ്പറ്റി എഴുതിയ ഗംഭീരമായ ഒരു പഠനം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഇതു പോലൊരു പഠനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വേണമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ ഗൌരവമായിത്തന്നെ പറഞ്ഞു, അതൊന്നും വേണ്ട, ഇതങ്ങു മലയാളത്തിലാക്കിയാല്‍ മതി എന്ന്. അന്നത്തെ പശ്ചാത്തലം, പറഞ്ഞല്ലോ, അധികം പുസ്തകങ്ങളൊന്നും ഇല്ല. അപ്പോള്‍ ഈ വിജ്ഞാനം നമ്മളില്‍ എത്തണമെങ്കില്‍ ഇതേ വഴിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

  അന്നെനിക്ക് പ്രായം 19. എങ്കിലും കള്ളത്തരമല്ലേ ഇതെന്നു ഒരു വശത്തും സത്യസന്ധത ഒരു ബൂര്‍ഷ്വാ മൂല്യം ആകാന്‍ സാദ്ധ്യതയുണ്ടെന്ന തോന്നല്‍ മറുവശത്തും നിന്ന് എന്നെ കുഴക്കി. ഒടുവില്‍ ആ കാലത്ത് എന്റെ മെന്റര്‍ ആയിരുന്ന നടാ ദുവ്വുരി (അന്നവഡ സിഡിഎസ്സില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയായിരുന്നു) ആണ് പറഞ്ഞത്, ഒരു കാരണവശാലും അതു ചെയ്യരുത്, കാരണം ഈ സമൂഹപശ്ചാത്തലത്തിനു പ്രസക്തമായ അറിവുത്പാദിപ്പിക്കാനുള്ള കഴിവ് ഇതുകൊണ്ട് ഇല്ലാതാകും എന്ന്. അതെനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.

  ഇതിന്റെ വെളിച്ചത്തില്‍ ആലോചിക്കുംപോള്‍ മനസിലാകുന്നു — ഈ പ്രയോഗം ഇവിടുത്തെ ഇടതുവൃത്തങ്ങളില്‍ മുന്‍പു മുതല്‌ക്കേ തുടര്‍ന്നുവരുന്നതാണ്. അന്നിറങ്ങിയ പല പുസ്തകങ്ങളും ഇങ്ങനെ വല്ലിടത്തു നിന്നും കടംകൊണ്ടവയാണ് – അന്ന് അത് ഏറെക്കുറെ പരസ്യവുമായിരുന്നു.

  അക്കാലത്ത് ഒരു പക്ഷേ അതിനു എത്ര ദുര്‍ബലങ്ങളെങ്കിലും ചില ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.

  പക്ഷേ ഈ ന്യായങ്ങളൊന്നും ഇന്ന് പ്രസക്തമല്ല. പഴയതുപോലെ പുസ്തകദൌര്‍ബല്യമൊന്നും സര്‍വകലാശാലാപരിസരങ്ങളില്‍ യുജിസി ശംബളം
  വാങ്ങുന്നവരുമായവര്‍ക്കില്ല. അവര്‍ ഈ പാരംപര്യത്തെ വളര്‍ത്തേണ്ട സാഹചര്യമേ ഇന്ന് ഇല്ല. പാശ്ചാത്യചിന്തയും നമ്മുടെ ചിന്താപാരംപര്യങ്ങളുമെല്ലാം പരിചയപ്പെടുത്താന്‍ ഒന്നുകില്‍ തുറന്നു പറഞ്ഞുകൊണ്ടുള്ള പരിഭാഷയോ അതല്ലെങ്കില്‍ മറ്റു ആമുഖരചനകളോ നടത്തിയാല്‍ മതി.

  ഞാനിത് ഇത്രയും കാര്യമായി പറയുന്നത് അതു സാദ്ധ്യമാണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടുതന്നെയാണ്. സതീഷ് ദേശ്പാണ്ഡെയുടെയും നിവേദിതാ മേനോന്റെയും മറ്റും കൃതികള്‍ മുഴുവാനായി പരിഭാഷപ്പെടുത്തുകയും അവ ഇവിടുത്തം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാവുന്നതു കാണുകയും ചെയ്തതുകൊണ്ടാണ് ഇതു പറയുന്നത്. ഇംഗ്‌ളിഷില്‍ മാത്രം ലഭ്യമായ അറിവിനെ മലയാളത്തിലാക്കാനാണ് കേരളത്തിലെ സ്ത്രീകളുടെ ചരിത്രത്തെ പറ്റിയുള്ള കുലസ്ത്രീയും ചന്തപ്പെണ്ണുമുണ്ടായതെങ്ങനെ എന്ന പുസ്തകത്തിലൂടെയും, അതിനു ശേഷം എഴുതിയ പെണ്ണൊരുംപെട്ടാല്‍ എന്ന പുസ്തകവും.

  മാത്രമല്ല നമ്മുടെ വിദ്യാര്‍ത്ഥികളുടെ
  സര്‍ഗശേഷിയെയും കഴിവുകളെയും മുരടിപ്പിച്ചു കളയുന്ന ഈ അധാര്‍മ്മികശീലം നിര്‍ത്തണം.

  രണ്ടാമത്തെ പോസ്റ്റ്

  https://m.facebook.com/story.php?story_fbid=367898437308672&id=100022655571093

  ഇളയിടം റഫറന്‍സ് ചേര്‍ത്തിട്ടുണ്ട്, പുസ്തകം ഗവേഷണമല്ല എന്നൊക്കെ പറഞ്ഞു പോസ്റ്റുകള്‍ കാണുന്നു. പ്രമുഖ ബുദ്ധിജീവികള്‍ ഒപ്പുശേഖരണം നടത്തുന്നതായി അറിയുന്നു. ഇനി നിങ്ങള്‍ കേസരി ബാലകൃഷ്ണപിള്ളയുടെ പ്രേതത്തെ കൊണ്ടു വന്നു ഇദ്ദേഹത്തിനുവേണ്ടി സാക്ഷി പറയിച്ചാലും തെറ്റ് തെറ്റുതന്നെ. പ്രാഥമിക സാമഗ്രികള്‍ ഉപയോഗിച്ച് മാത്രമല്ല ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കപ്പെടുന്നത്. സെക്കന്‍ഡറി സോഴ്‌സസ് ഉപയോഗിച്ച്, അവ മാത്രം ഉപയോഗിച്ച്, ഗവേഷണ പ്രബന്ധങ്ങള്‍ എഴുതാറുണ്ട്. ഡോക്ടറല്‍ തീസിസില്‍ അത്തരം അദ്ധ്യായങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകാറുണ്ട്. അവയില്‍ ഗവേഷകര്‍ തങ്ങളുടെ വ്യാഖ്യാനശേഷികളാണ് പ്രയോഗിക്കാറ്. അപ്രകാരം ചെയ്തു എന്ന് ലേഖകന്‍ ഇവിടെ പറഞ്ഞു. അതുകൊണ്ട് ഇത് ഗവേഷണം തന്നെയാണ്.

  പിന്നെ സൈറ്റേഷന്‍. അത് കൃത്യമായ സ്ഥലത്ത് ചേര്‍ക്കുക എന്നു മാത്രമല്ല നേര്‍തര്‍ജമ ആണെങ്കില്‍ quotes ആയി വേണം കൊടുക്കാന്‍. ഇവിടെ നേര്‍തര്‍ജമ ഉണ്ട്, quotes ഉണ്ടോ?
  ഉണ്ടെങ്കില്‍ പ്രശ്‌നമില്ല.

  ഇത്രയും പറയുന്നത് അദ്ദേഹത്തോട് വിരോധമുണ്ടായിട്ടല്ല, വിദ്യാര്‍ത്ഥികളോട് നീതി ചെയ്യണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്. അവരില്‍ നിന്ന് ചെറിയ പിഴവുണ്ടായാല്‍ പോലും എടുത്തു ദൂരക്കളയാം അവരെ അധികാരികള്‍ക്ക്. ആ സ്ഥിതിക്ക് അദ്ധ്യാപകര്‍ക്ക് അത് ബാധകമല്ലെന്ന് വരരുത്. ഒപ്പ് ശേഖരിക്കാന്‍ നടക്കുന്നവര്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയേ ഉള്ളൂ

  മൂന്നാമത്തെ പോസ്റ്റ്

  https://m.facebook.com/story.php?story_fbid=368160693949113&id=100022655571093

  ഇളയിടം കള്ളനാണെന്നു സ്ഥാപിക്കാനല്ല ഈ ചര്‍ചയില്‍ പങ്കെടുത്തു സംസാരിക്കുന്നത്. കവിതാമോഷണം പോലെ ലളിതമല്ല ആശയചോരണം. അത് അബദ്ധം പറ്റിയതാവാം. ഉദാഹരണത്തിന് പഠനത്തിനാവശ്യമായ കുറിപ്പുകള്‍ ശേഖരിക്കവേ വായനയുടെ സൗകര്യം നോക്കി മലയാളത്തില്‍ പരിഭാഷപ്പെടുത്തിവച്ച ലേഖനഭാഗം ഓര്‍ക്കാതെ ചേര്‍ത്തതാവാം. കോട്ട്‌സ് ചേര്‍ക്കാന്‍ മറന്നതാകാം. ഗവേഷണ വിദ്യാര്‍ത്ഥി യെ ഇതേപ്പറ്റി പഠിപ്പിക്കാനും ഓര്‍മിപ്പിക്കാനും സൂപ്പര്‍വൈസര്‍മാരും ബാദ്ധ്യസ്ഥരാണ്. ആ ഘട്ടം കഴിഞ്ഞവര്‍ക്കും അബദ്ധം പിണയാം.

  അത് സമ്മതിക്കുന്നതുകൊണ്ട് ലേഖകന്റെ ഖ്യാതി കൂടുകയേ ഉള്ളൂ. അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അല്ല. നേര്‍തര്‍ജമ കോട്ട്‌സ് കൂടാതെ ചേര്‍ത്തത് ഒരു പക്ഷേ അബദ്ധധമായാകാം. പക്ഷേ അത് സമ്മതിക്കാതിരിക്കുന്നതു തെറ്റാണ്.

  കേരളത്തില്‍ ഇടതു പുരുഷരാഷ്ട്രീയം താലോലിക്കുന്ന മാച്ചോ സംസ്‌കാരം അല്ലേ ഇളയിടം ഫാന്‍സ്‌കൊണ്ടു നടക്കുന്നതെന്ന് സംശയം തോന്നുന്നു. പ്രസംഗിക്കാനും ആളേക്കൂട്ടാനും ആണത്തപ്രകടനം നടത്താനും അറിയുന്നവരാണ് 1990കള്‍ മുതലെങ്കിലും ആ പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തിലെത്തുന്നത്. In other words there is a progressive macho-ization of the left leadership beyond just the domination of men in brute numbers at the top. അത് കഠിന മാച്ചോ ആകാം, മൃദുവും ആകാം. ഇടതുബുദ്ധി ജീവിക്ക് മൃദുമാചോ ആണ് അലങ്കാരമായിരിക്കുന്നത്. എന്തായാലും മാച്ചോ മാച്ചോ തന്ന. എങ്കിലും ഇളയിടം അതുപേക്ഷിക്കുമെന്നാണ് എന്റെ പ്രത്യാശ