ന്യൂഡല്‍ഹി: ഹിന്ദു ആണെങ്കില്‍ ഹിന്ദുവായും മുസ്ലീമാണെങ്കില്‍ മുസ്ലീമായും ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യാനിയായും തുടരുക. ഒരു വ്യക്തിക്ക് ഏത് മതം സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. മതം മാറുന്നതിന് മുമ്പ് സംവാദങ്ങള്‍ ആവശ്യമാണ്. ആരെങ്കിലും തങ്ങളുടെ ഇഷ്ടപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്. എന്നാല്‍ കൂട്ടമതംമാറ്റം ഉത്കണ്ഠ ഉളവാക്കുന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. ഇന്ത്യയില്‍ എന്നാല്‍ ഭൂരിപക്ഷങ്ങളും. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ആര്‍ക്കെങ്കിലുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ല. മതത്തിന്റെ പേരില്‍ എന്‍ഡിഎ സര്‍ക്കാര്‍ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. അത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഇല്ലെങ്കിലും അത്തരത്തിലൊരു വേര്‍തിരിവ് കാണിക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തിടെ പള്ളികള്‍ക്ക് നേരെ ഏറുണ്ടായി. ഏതാനും പുരോഹിതര്‍ എന്നെ വന്ന് കാണുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്കി. തെരഞ്ഞെടുപ്പുകള്‍ക്ക് ഒരു മാസം മുന്‍പാണ് ഇത്തരത്തില്‍ കല്ലേറുണ്ടാകുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസത്തിന് ശേഷം ഇത് അവസാനിക്കുകയും ചെയ്തു. ആരുടെ ഗൂഡാലോചനയാണ് ഇതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post