കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നാവികസേന. ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ള അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും വൈസ് അഡ്മിറല്‍ വ്യക്തമാക്കി.
അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിന് ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നത്. മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ല. രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവി, പ്രത്യേകിച്ചും കൊച്ചിയുടെ. കേരളത്തില്‍ നിന്ന് നേവിയുടെ ഭാഗമാകാന്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നല്‍കണമെന്ന് പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയെ അറിയിച്ചത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ രക്ഷാദൌത്യത്തിലേര്പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിക്കുകയായിരുന്നു
Discussion about this post