അഴിമതി ആരോപണം മറയ്ക്കാൻ ആർ.എസ്.എസിന്റെ മുതുകത്ത് കയറി തൃശൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി; ലക്ഷ്യം ദൃശ്യമാധ്യമ പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിക്കൽ

  ദൃശ്യമാധ്യമ പ്രവർത്തകരുടെ പത്രസമ്മേളന ബഹിഷ്ക്കരണവും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട അഴിമതിയും പ്രസ് ക്ലബ്ബ് റൂമുമായി ബന്ധപ്പെട്ട കേസ് തട്ടിപ്പും അടക്കമുള്ള പുകയുന്ന വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ സംഘപരിവാറിന്റെ മുതുകത്ത് കയറി തൃശൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി. സ്വന്തം കുഴിച്ച കുഴിയിൽ വീണ് മാധ്യമ പ്രവർത്തക സമൂഹത്തിന്റെ മൊത്തം പരിഹാസത്തിനും രോഷത്തിനും വിധേയയായ സെക്രട്ടറി രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് സംഘ് പരിവാറിനെതിരേ നിന്ദ്യമായ രീതിയിൽ പ്രസ്ഥാവനാ ആക്രമണം അഴിച്ചുവിട്ടത്.

  തൃശൂർ പ്രസ് ക്ലബ്ബ് നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചും പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാണിച്ചും വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരും പ്രസ് ക്ലബ്ബ് പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. നേതൃത്വം തങ്ങളെ നിരന്തരം അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ദൃശ്യമാധ്യമങ്ങൾ ഒന്നടങ്കം പ്രസ് ക്ലബ്ബ് ബഹിഷ്ക്കരണം തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ ആഴ്ച പ്രസ് ക്ലബ്ബിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാൻ നടത്തിയ വാർത്താ സമ്മേളനവും മുഖ്യധാരാ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ബഹിഷ്കരിച്ചിരുന്നു. പകരം ഡി.സി.സി ഓഫീസിലെത്തി ദൃശ്യ മാധ്യമങ്ങൾ ബൈറ്റെടുക്കുകയാണ് ചെയ്തത്. ഇത് സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാകുകയും ചെയ്തു. ഇതോടെ നേതൃത്വം പ്രതിരോധത്തിലായി. ഇതേ തുടർന്നാണ് ഒത്തു കിട്ടിയ അവസരം സമർത്ഥമായി വിനിയോഗിച്ച് ദൃശ്യമാധ്യമ പ്രവർത്തകർക്കിടയിൽ വിള്ളൽ വീഴ്ത്തി ഒരു വിഭാഗത്തെ തനിക്ക് അനുകൂലമാക്കി മാറ്റാൻ സെക്രട്ടറി നീക്കം നടത്തിയത്. എരുമപ്പെട്ടി നരസിംഹ ക്ഷേത്രത്തിൽ നൂറിലേറെ പേർ പങ്കെടുത്ത് ഭാഗവത സപ്താഹ യജ്ഞം നടത്തുന്നുവെന്ന ചാനൽ വാർത്തയെ തുടർന്ന് പോലീസ് അന്വേഷണത്തിനെത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ക്ഷേത്ര ഭാരവാഹികളും രംഗത്തെത്തി. സോഷ്യൽ മീഡിയായിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നു. ഇതിൽ മാധ്യമ പ്രവർത്തകയ്ക്കെതിരായ ചില പരാമർശങ്ങൾ പൊക്കിപ്പിടിച്ച് പിന്നിൽ സംഘപരിവാറാണെന്ന് മുദ്രകുത്തിയാണ് സെക്രട്ടറി നിന്ദ്യമായ രീതിയിൽ പ്രസ്ഥാവനയിറക്കിയത്.

  കഴിഞ്ഞ വർഷം ഒക്ടോബറിൽ തൃശൂരിൽ നടന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ വരവ് ചെലവ് കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. സ്വാഗത സംഘവും പിരിച്ചു വിട്ടിട്ടില്ല. ഇതിന് പിന്നിലെ ദുരൂഹതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാണിച്ച് മാധ്യമ പ്രവർത്തകർ രംഗത്ത് വന്നെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. അഴിമതി ആരോപണം ഉയർന്നിട്ടും സെക്രട്ടറി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഇതോടെ യൂണിയൻ തൃശൂർ യൂണിറ്റ് വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച മുറുകി. സെക്രട്ടറിയെ മുന്നിൽ നിർത്തി അണിയറയിൽ കളിക്കുന്ന പ്രസിഡന്റിന്റെ ഓഫീസിലുള്ള ഒരു സംഘത്തെ രംഗത്തിറക്കി തെറിയഭിഷേകവും വ്യക്തിഹത്യയും നടത്തി നേതൃത്വം വാട്സാപ്പ് ചർച്ച വഴിതെറ്റിക്കാൻ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചു വരുത്തി.

  മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ജെയ്സൺന്റെ കുടുംബത്തെ വരെ, നേതൃത്വം രംഗത്തിറക്കിയ സംഘം, ഹീനമായ ഭാഷയിൽ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതിനെതിരേ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ അസഭ്യം പറഞ്ഞ അംഗത്തെ, പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടാനെന്നോണം, ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. തൊട്ടുപിന്നാലെ ഗ്രൂപ്പ് അഡ്മിൻ ഓൺലിയാക്കി. ചർച്ചയ്ക്കും അഭിപ്രായപ്രകടനത്തിനുമുള്ള എല്ലാ മാർഗങ്ങളും അടച്ച ശേഷം പുറത്താക്കിയ അംഗത്തെ ഗ്രൂപ്പിൽ തിരിച്ചെടുത്താണ് നേതൃത്വം മറ്റ് അംഗങ്ങളെ വെല്ലുവിളിച്ചത്.

  അന്ന് പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് ഗൂഢാലോചനയുടെ ഭാഗമായി ഗ്രൂപ്പ് യുദ്ധത്തിനിറങ്ങിയ സംഘാംഗം സീനിയർ ദൃശ്യമാധ്യമ പ്രവർത്തകന്റെ കുടുംബത്തെ അടക്കം തേജോവധം ചെയ്തിട്ടും നീതിയുക്ത നടപടി സ്വീകരിക്കാതിരുന്ന സെക്രട്ടറി, ഇപ്പോൾ സംഘ് പരിവാറിന്റെ മുതുകത്ത് കയറുന്നത് നിലനിൽപ്പിന്റെ അവസാന ശ്രമമെന്ന് വ്യക്തം. കോൺഗ്രസ് നേതൃസ്ഥാനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സെക്രട്ടറിക്ക് അതിനുള്ള ഉപാധി മാത്രമാണ് പ്രസ് ക്ലബ്ബ് നേതൃപദവിയെന്നാണ് വിമർശനം. സംഘ് പരിവാറിനെതിരേയുള്ള പ്രസ്താവന തയ്യാറാക്കിയത് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഉപദേശപ്രകാരമാണെന്നും സൂചനയുണ്ട്. അതിന് ബലം കൂട്ടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണഘടനാ പദവിയിലിരിക്കുന്ന നേതാക്കൾക്കെതിരേ തരം താണ ഭാഷയിൽ സോഷ്യൽ മീഡിയായിൽ പോസ്റ്റിടുന്നതും പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ വിനോദമാണ്. ഇത്തരം പോസ്റ്റുകൾക്ക് പ്രാധാന്യം നൽകി കോൺഗ്രസ് സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കാൻ പ്രത്യേക സംഘവും ഇവർക്കുണ്ട്.

  അതേ സമയം തന്നെ പത്രപ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യൂണിയൻ സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി പ്രാദേശിക പ്രസ് ക്ലബ്ബുകൾ പ്രസ്താവനയിറക്കുന്നത് വർധിച്ചുവരികയാണ്. ഒരേ വിഷയത്തിൽ തന്നെ പ്രസ് ക്ലബ്ബുകളും യൂണിയൻ സംസ്ഥാന കമ്മിറ്റിയും രണ്ട് തരത്തിൽ വിശദീകരിച്ച് പ്രസ്താവനയിറക്കുന്നതും പ്രഹസനമായി മാറുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കടലാസിന്റെ വില പോലുമില്ലാത്ത നിലയിലേക്ക് പ്രസ് ക്ലബ്ബ് – യൂണിയൻ – പ്രസ്താവനകൾ മാറുകയും ചെയ്തു.

  വീക്ഷണത്തിൽ പ്രവർത്തിക്കുന്ന സെക്രട്ടറി എം.വി വിനീത, സപ്താഹ വാർത്തയുമായി ബന്ധപ്പെട്ട ജന്മഭൂമി ഇ-പത്രത്തിന്റെ ലിങ്ക് ദുരുദ്യേശപരമായി പ്രചരിപ്പിച്ച്, ജന്മഭൂമിയിലെ മാധ്യമ പ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. ജന്മഭൂമി പത്രത്തിനും പത്ര പ്രവർത്തകർക്കും എതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണ് പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിർന്ന അംഗങ്ങളും ചൂണ്ടിക്കാട്ടുന്നു. നേതൃസ്ഥാനത്തിരിക്കുന്നവരുടെ പക്വതയില്ലായ്മ യൂണിയന്റെ അന്തസ് തന്നെ ഇല്ലാതാക്കുന്നതിൽ അംഗങ്ങൾ അസ്വസ്ഥരുമാണ്. ദേശാഭിമാനിയിൽ പ്രവർത്തിക്കുന്ന പ്രഭാതാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്.