ഷൂട്ടിംഗ് സെറ്റ് തകര്‍ത്തത് ഒത്തുകളി; എഎച്ച്പി ലക്ഷ്യമിട്ടത് ആര്‍എസ്എസ്സിനെയും ബിജെപിയെയും

    കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നില്‍ ഒത്തുകളി. സിനിമക്ക് പ്രചാരം നല്‍കുന്നതിന് അണിയറ പ്രവര്‍ത്തകരില്‍നിന്ന് പണം വാങ്ങിയാണ് താല്‍ക്കാലിക സെറ്റ് തകര്‍ത്തത്. നിര്‍മ്മാതാവിന് ഇന്‍ഷൂറന്‍സ് തുക ലഭിക്കുകയും ചെയ്യും. 50 ലക്ഷം രൂപ മുടക്കിയാണ് പള്ളിയുടെ സെറ്റ് നിര്‍മ്മിച്ചത്. അക്രമത്തിലൂടെ സാംസ്‌കാരിക ലോകത്തിന്റെ പിന്തുണ ഇതിനകം സിനിമക്ക് ലഭിച്ചുകഴിഞ്ഞു. രണ്ട് ദിവസമായി വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വലിയ പബ്ലിസിറ്റിയാണ് ഇതിലൂടെ സിനിമക്ക് ലഭിച്ചത്. കര്‍ണാടകയിലെ ശ്രീരാമ സേന ഉള്‍പ്പെടെ ഹിന്ദു സംഘടനകളെന്ന് അവകാശപ്പെടുന്ന പലരും ഇത്തരത്തില്‍ സിനിമയും പുസ്തകങ്ങളും വില്‍ക്കുന്നതിന് എതിര്‍ത്ത് സഹായിക്കാറുണ്ട്.
    വിഎച്ച്പി നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയ ആര്‍എസ്എസ്സുമായി ഉടക്കി പുറത്തുപോയി രൂപീകരിച്ചതാണ് എഎച്ച്പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എഎച്ച്പി പ്രചാരണം നടത്തിയിരുന്നു. ശബരിമല പ്രക്ഷോഭ കാലത്ത് ആര്‍എസ്എസ്സിനെതിരെയും ഇവര്‍ രംഗത്തുവന്നു. കാലടി മണപ്പുറത്തെ പള്ളിയുടെ സെറ്റ് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ തകര്‍ത്തത്. സംഘടനക്ക് എളുപ്പത്തില്‍ പേരെടുക്കാമെന്നതും വിഷയം ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുമെന്നതും ഇവര്‍ കണക്കുകൂട്ടി. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം ഭീകരതയില്‍ ആശങ്കയിലായ ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുത്തുവരികയാണ്. ലൗ ജിഹാദ് നടക്കുന്നതായി വെളിപ്പെടുത്തി കത്തോലിക്കാ സഭ തന്നെ രംഗത്തുവന്നിരുന്നു. ക്രൈസ്തവരെ ബിജെപിയില്‍ നിന്നകറ്റാനും ശത്രുവാക്കാനും ഈ വിഷയം ഇപ്പോള്‍ ഉപയോഗിക്കപ്പെടുകയാണ്. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം വിഷയം ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ തിരിച്ചുവിട്ടിട്ടുണ്ട്.  ഇത്തരത്തില്‍ പലവിധ ലക്ഷ്യങ്ങളാണ് ഒരൊറ്റ അക്രമത്തിലൂടെ എഎച്ച്പി ലക്ഷ്യമിട്ടത്. സെറ്റ് തകര്‍ത്തതിന്റെ വിവരങ്ങളും ചിത്രങ്ങളും അവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
    ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാല്‍ എടുത്തു മാറ്റുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രം.  ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല.  മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ?  താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.