കാസര്‍കോട്: ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷ് അര്‍ബന്‍ നക്സല്‍ സംഘത്തിലെത്തിയത് എസ്എഫ്ഐയിലൂടെ. മൂന്ന് മക്കളില്‍ ഏറ്റവും മൂത്തവളായിരുന്ന അഞ്ജനക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അമ്മ ജോലി ചെയ്താണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. ചെറുപ്പത്തില്‍ ദൈവവിശ്വാസിയായിരുന്ന അഞ്ജന അടുത്തുള്ള അമ്പലത്തില്‍ ദേവിക്ക് ചാര്‍ത്താന്‍ മാല കെട്ടിക്കൊടുത്തിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു. ബിരുദ പഠനത്തിനായി തലശ്ശേരി ബ്രണ്ണന്‍ കോളേജിലെത്തിയതോടെയാണ് ഇടത് രാഷ്ട്രീയം തലയില്‍ കയറുന്നത്. ഇവിടെ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായി. ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. ഇതിനിടെ പരിചയപ്പെട്ട ഒരു സുഹൃത്താണ് അഞ്ജനയെ അര്‍ബന്‍ നക്സല്‍ സംഘവുമായി പരിചയപ്പെടുത്തുന്നത്. ഇയാളുമായി പ്രണയ ബന്ധവും ഉണ്ടായി. നക്സല്‍ നേതാവ് അജിതയുടെ മകളായ ഗാര്‍ഗി, സുള്‍ഫത്ത്, ആതിര, നസീമ, ശരത്ത് തുടങ്ങിയവരായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.
അതിപുരോഗമന വാദങ്ങളില്‍ ആകൃഷ്ടയായ അഞ്ജന പിന്നീട് ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. വീട്ടുകാരെ അവഗണിച്ചു തുടങ്ങി. കോളേജിലും പോകാതായതോടെ അറ്റന്റന്‍സ് ഇല്ലാത്തതിനാല്‍ പഠനം നിന്നു. പിന്നീട് കോഴിക്കോട് എത്തി സംഘത്തിനൊപ്പം ചേര്‍ന്നു. ചുംബന സമരം വന്നപ്പോള്‍ മുന്നിട്ടിറങ്ങി. ലെസ്ബിയന്‍ പാര്‍ട്നറായ സുല്‍ഫത്തിനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ അന്ന് പ്രചരിച്ചിരുന്നു. മകളെ മടക്കിയെത്തിക്കാന്‍ അമ്മ നിയമപരമായ വഴികള്‍ ഉള്‍പ്പെടെ സ്വീകരിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ട അഞ്ജന തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനിടെ അഞ്ജന എന്ന പേര് ഫേസ്ബുക്കില്‍ ചിന്നു സുള്‍ഫിക്കര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇതെന്തിനാണെന്നത് ഇപ്പോഴും ദുരൂഹമാണ്.
2018 മെയ് 13ന് അഞ്ജന ഫേസ്ബുക്കില്‍ അമ്മയെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. പെണ്ണ് നോക്കിയാല്‍ വീടിന് ബര്‍ക്കത്ത് ഉണ്ടാകില്ല എന്ന് പറയുന്നവര്‍ എന്റെ വീട്ടിലേക്ക് ഒന്ന് വരണം. ആരുടെയും സഹായമില്ലാതെ ഞങ്ങള്‍ മൂന്ന് മക്കളെ ഒരു കുറവും ഇല്ലാതെ കഴിഞ്ഞ എട്ട് വര്‍ഷമായി വളര്‍ത്തുന്ന ഒരു പെണ്ണ് ഉണ്ടിവിടെ. എന്റെ അമ്മ. എവിടെയൊക്കെ പോയി ഭക്ഷണം കഴിച്ചാലും വീട്ടില്‍വന്നു അമ്മയുടെ ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ഇതായിരുന്നു പോസ്റ്റ്. ഇത്രയധികം സ്നേഹിച്ചിരുന്ന അമ്മയെ വെറുക്കുന്ന തരത്തിലേക്ക് അഞ്ജനയെ എത്തിച്ചത് ഗാര്‍ഗിയും സംഘവുമാണ്. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍നിന്നും അഞ്ജന വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള് പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്നും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
Discussion about this post