ശരീഅത്ത് വാദികള്‍ക്ക് സൗദിയുടെ ചാട്ടവാറടി; അധികാരത്തിനായി ചെയ്ത നെറികേടിന് കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയോട് മാപ്പ് ചോദിക്കണം

  ഹമീദ് ചേന്നമംഗലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ശരീഅത്ത് വാദികള്‍ക്ക് സൗദിയുടെ ചാട്ടവാറടി
  ചരിത്രവിധി വന്നത് മൂന്നര ദശകം മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 1985 ഏപ്രില്‍ 23-ന്. ഷാബാനു ബീഗം എന്ന മുസ്ലിം വിവാഹമോചിതയായിരുന്നു അന്യായക്കാരി. കുറ്റാരോപിതന്‍, അഞ്ചു മക്കളുടെ മാതാവായ അവരെ ഏകപക്ഷീയമായി മൊഴിചൊല്ലുകയും ജീവനാംശം നല്‍കാതിരിക്കുകയും ചെയ്ത മുഹമ്മദ് അഹമദ്ഖാന്‍. താന്‍ വിവാഹമോചനം നടത്തിയ സ്ത്രീക്ക് ജീവനാംശം നല്‍കാന്‍ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്ത് അനുസരിച്ച് തനിക്ക് ബാധ്യതയില്ലെന്നായിരുന്നു അഭിഭാഷകന്‍ കൂടിയായ അഹമദ്ഖാന്റെ വാദം. ഇന്ത്യയിലെ പരമോന്നത നീതിപീഠം ആ വാദം തള്ളുകയും ഷാബാനുബീഗത്തിനു ചെലവിനു കൊടുക്കാന്‍ മുന്‍ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു വിധിക്കുകയും ചെയ്തു.
  കോളിളക്കം സൃഷ്ടിച്ച ആ വിധിന്യായത്തിനെതിരെ അഹമദ്ഖാനേക്കാളേറെ അമര്‍ഷം പ്രകടിപ്പിച്ചതും ക്ഷോഭം കൊണ്ടതും രാജ്യത്തെ മുസ്ലിം മതസംഘടനകളും ലീഗ് പോലുളള മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടികളും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമാണ്. അവര്‍ ദേശീയതലത്തില്‍ പ്രക്ഷോഭകൊടുങ്കാറ്റ് അഴിച്ചുവിട്ടു. സുപ്രീംകോടതി വിധി ശരീഅത്തിനും മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തിനുമെതിരേയുള്
  കടന്നാക്രമണമാണെന്ന് ആക്രോശിച്ച ഈ യാഥാസ്ഥിതിക വൃന്ദം 1985 ജൂണ്‍ 14 ‘ശരീഅത്ത് സംരക്ഷണദിന’മായി ആചരിക്കുകയും ചെയ്തു.
  പ്രക്ഷോഭകര്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദം ശരീഅത്ത് ദൈവദത്തമാണ് എന്നതായിരുന്നു. മുസ്ലിങ്ങള്‍ ആരാധിക്കുന്ന അല്ലാഹുവിനാല്‍ നല്‍കപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താനോ അവ റദ്ദാക്കാനോ ഭൂമുഖത്ത് ഒരു ശക്തിക്കും അവകാശമില്ലെന്നു അവര്‍ വിളിച്ചു പറഞ്ഞു. അത്യുന്നത ന്യായാസനത്തിന്റെ മനുഷ്യാവകാശപരവും സ്ത്രീജനാനുകൂലവുമായ വിധിക്കെതിരെ അവര്‍ തെരുവിലിറങ്ങി. ശരീഅത്ത് വിരുദ്ധമായ കോടിവിധിയെ മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ന്യായത്തിനും നീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മീതെ മുസ്ലിം വോട്ടിനു പ്രാമുഖ്യം നല്‍കിയ അന്നത്തെ  രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്ലിം പ്രതിലോമശക്തികളുടെ മുന്‍പില്‍ മുട്ടുമടക്കുകയും കോടതിവിധി കാറ്റില്‍പറത്തി മുസ്ലിം വനിത ആക്റ്റ് (1986) പാസ്സാക്കുകയും ചെയ്തത് പില്‍ക്കാല ചരിത്രം.
  മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ സൗദി അറേബ്യ എന്ന മുസ്ലിം രാഷ്ട്രത്തില്‍ ശരീഅത്ത് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വ്യഭിചാരം, മദ്യപാനം തുടങ്ങിയവയ്ക്ക്  പൊതുസ്ഥലത്ത് വെച്ചുള്ള നിശ്ചിത എണ്ണം ചാട്ടവാറടികളാണ് ശരീഅത്ത് പ്രകാരമുള്ള ശിക്ഷ. തടവിനോ പിഴയ്ക്കോ പകരം ഇമ്മട്ടിലുള്ള പ്രാകൃത ശിക്ഷാമുറകള്‍ നടപ്പാക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണന്ന വിമര്‍ശനം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. 2014-ല്‍ ബ്ലോഗെഴുത്തുകാരനായ റെയ്ഫ് ബദവിയുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തി അയാള്‍ക്ക് പത്തു വര്‍ഷം തടവിനു പുറമെ വ്യത്യസ്ത തീയതികളിലായി ആയിരം ചാട്ടവാറടി കൂടി ശിക്ഷ വിധിച്ചതും സാര്‍വ്വദേശീയതലത്തില്‍ രൂക്ഷ വിമര്‍ശനത്തിനു വഴിവെക്കുകയുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ശരീഅത്ത് എന്ന നിയമപുസ്തകം മടക്കിവെച്ച് ‘ഇസ്ലാമിക ഭരണം’ നിലനില്‍ക്കുന്ന സൗദി അറേബ്യ ചാട്ടവാറടി എന്ന ശിക്ഷാ സമ്പ്രദായത്തെ  ഇക്കഴിഞ്ഞ ഏപ്രില്‍ 25-നു ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞത്.
  രണ്ടു ദിവസം കഴിഞ്ഞു മറ്റൊരു ഭേദഗതി കൂടി ശരീഅത്ത് ക്രിമിനല്‍ നിയമാവലിയില്‍ സൗദി ഭരണകൂടം നടപ്പാക്കുകയുണ്ടായി. പ്രായപൂര്‍ത്തിയെത്താത്ത കുറ്റവാളികള്‍ക്കുപോലും ശരീഅത്ത് പ്രകാരം വധശിക്ഷ നല്‍കാമായിരുന്നു. അതാണിപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകും മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ നേരത്തേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് കൂടി ബാധകമായ പുതിയ നിയമഭേദഗതിയിലൂടെ ഇനിയങ്ങോട്ട് 18 വയസ്സിനു താഴെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കപ്പെടുകയില്ല. രാജ്യത്തെ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷനായ ഡോ. അവ്വാദുല്‍ അവ്വാദ് ഈ നിയമപരിഷ്‌കാരങ്ങളെ മുന്നോട്ടുള്ള കാല്‍വെപ്പായത്രേ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹം മറ്റൊരു കാര്യം കൂടി ചെയ്തു. മധ്യകാലത്ത് പിന്തുടരപ്പെട്ട പല നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. രാജ്യം ആധുനികശിക്ഷാസമ്പ്രദായത്തിലേക്ക് വളരേണ്ടതുണ്ടെന്ന പക്ഷക്കാരനാണ് ഡോ. അവ്വാദ്.
  ഇപ്പോള്‍ നടപ്പാക്കപ്പെട്ട നിയമപരിഷ്ടാരങ്ങള്‍ക്ക് പുറമേ ശരീഅത്തധിഷ്ഠിതമായ ചില സ്ത്രീവിരുദ്ധ നിയമങ്ങളില്‍ കൂടി സമീപകാലത്ത് സൗദി ഭരണകൂടം മാറ്റങ്ങള്‍ വരുത്തിയിരുന്നു. പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ തുടങ്ങിയ അടുത്ത പുരുഷബന്ധുവിനോടൊപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങിക്കൂടാ എന്നതാണ് ശരീഅത്ത് ചട്ടം, അത് അടുത്ത കാലത്ത് പിന്‍വലിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് തനിച്ച് വീടിനു വെളിയില്‍ പോകാനും യാത്ര ചെയ്യാനുമുള്ള  സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. വാഹനങ്ങളോടിക്കാനോ കായികമത്സരങ്ങള്‍ കാണാനോ സ്ത്രീകള്‍ക്ക് നേരത്തേ അനുവാദമുണ്ടായിരുന്നില്ല. ഇസ്ലാമിക നിയമവ്യവസ്ഥ അതൊന്നുമനുവദിക്കുന്നില്ല എന്നായിരുന്നു പരോഹിത്യം ശഠിച്ചിരുന്നത്. അത്തരം വിലക്കുകളും സല്‍മാന്‍ രാജാവിന്റെ നാട്ടില്‍നിന്നു ഇതിനകം പടിയിറങ്ങി കഴിഞ്ഞിട്ടുണ്ട്.
  ഷാബാനു വിധിയുടെ കാലത്തെന്നപോലെ ഇപ്പോഴും ഇന്ത്യയിലെ മുസ്ലിം മതപണ്ഡിതരും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ദൈവികമെന്നു വിശേഷിപ്പിച്ചുപോരുന്ന ശരീഅത്തിലാണ് സൗദി അറേബ്യ കത്രിക വെക്കുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചാട്ടവാറടി, കുറ്റവാളികളുടെ പ്രായം കണക്കിലെടുക്കാതെയുള്ള വധശിക്ഷ, അടുത്ത പുരുഷബന്ധുവിനോടൊപ്പമല്ലാതെ സ്ത്രീകള്‍ ഗൃഹാങ്കണത്തിനു പുറത്ത് പോകരുതെന്ന വിലക്ക് തുടങ്ങിയവയെല്ലാം ഖുര്‍ആനിലോ ഹദീസിലോ പ്രതിപാദിക്കപ്പെട്ട നിയമങ്ങളാണ്.
  വ്യഭിചാരികള്‍ക്കുള്ള ശിക്ഷ ഖുര്‍ആനിലെ 24-ാം അധ്യായത്തില്‍ രണ്ടാം സൂക്തത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: ‘വ്യഭിചാരിണിയയും വ്യഭിചാരിയേയും നൂറടി വീതം അടിക്കുക. അല്ലാഹുവിന്റെ നിയമ വ്യവസ്ഥനടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ.’ വധശിക്ഷ സംബന്ധിച്ച് ഖുര്‍ആനിലെ പരാമര്‍ശങ്ങളില്‍ ഒന്ന് അഞ്ചാം അധ്യായത്തില്‍ 33-ാം സൂക്തത്തില്‍ ഇങ്ങനെ വായിക്കാം: ”അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്.” (ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ വലതുകയ്യും ഇടതുകാലും എതിര്‍ദിശകളില്‍ വെട്ടിയത് ഈ സൂക്തത്തിന്റെ പിന്‍ബലത്തിലാണെന്നു സാന്ദര്‍ഭികമായി ഓര്‍ക്കാം.)
  ദൈവവചനങ്ങളുടെ ക്രോഡീകരണമെന്ന് ഇസ്ലാം മതാനുയായികള്‍ ദൃഢമായി വിശ്വസിക്കുന്ന ഖുര്‍ആനില്‍നിന്നും മുഹമ്മദ് നബിയുടെ വചനങ്ങളുടേയും ചര്യകളുടേയും സമാഹാരങ്ങളായി കരുതപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍നിന്നുമെടുത്ത നിയമങ്ങളുടെ ആകെത്തുകയാണ് ശരീഅത്ത് എന്ന്
  അവകാശപ്പെട്ടു കൊണ്ടത്രേ മുത്തലാഖ് എന്ന സ്ത്രീവിരുദ്ധ വിവാഹമോചനരീതി നിരോധിക്കുന്നതിനെതിരേ പോലും ഇന്ത്യയിലെ ശരീഅത്ത് വാദികള്‍ സമീപനാടുകളില്‍ കടുത്ത
  നിലപാട് സ്വീകരിച്ചത്. അതേ ശരീഅത്തിന്റെ പേര് പറഞ്ഞു തന്നെയാണ് അവരിപ്പോഴും ബഹുഭാര്യത്വം, സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം, പിതാമഹന്റെ സ്വത്തില്‍ പൗത്രന്മാര്‍ക്കുള്ള അവകാശത്തിന്റെ നിഷേധം, നിക്കാഹ് ഹലാല തുടങ്ങിയ ദുര്‍നിയമങ്ങളെ ന്യായീകരിച്ചു പോരുന്നതും. അത്തരക്കാര്‍ക്ക് സൗദി അറേബ്യയില്‍നിന്നു കിട്ടിയ ചാട്ടവാറടിയാണ് ആ രാജ്യത്ത് ഇപ്പോള്‍ നടന്നു വരുന്ന ശരീഅത്ത് നിയമപരിഷ്‌കാരം.
  സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും കാലദേശങ്ങള്‍ക്കനുസരിച്ച് മാറിയേ മതിയാവൂ. പ്രാചീനസമൂഹങ്ങളില്‍ നിലവിലിരുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ആധുനിക സമൂഹത്തില്‍ പ്രസക്തിയില്ല. മനുഷ്യാവകാശങ്ങള്‍, ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുന്‍പ് നിലവില്‍ വന്ന നിയമങ്ങള്‍ പഴയ സമൂഹങ്ങളില്‍ ധാരാളം കാണാം. അവയ്ക്കു ദൈവികത്വവും അപ്രമാദിത്വവും കല്‍പിച്ച് പുതിയ കാലത്തും അവ അപ്പടി നിലനിര്‍ത്താനാണ് പൗരോഹിത്യം പൊതുവെ ശ്രമിച്ചുപോന്നിട്ടുള്ളത്.
  സൗദിയില്‍ നടന്നുവരുന്ന നിയമ പരിഷ്‌കാരം ഇന്ത്യയിലെ രണ്ടു വിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട് –
  മുസ്ലിം യാഥാസ്ഥിതികരുടേയും 1985-ലെ ഷാബാനു വിധി നിര്‍വ്വീര്യമാക്കാന്‍ മുസ്ലിം സ്ത്രീവിരുദ്ധ നിയമം പാസ്സാക്കിയ കോണ്‍ഗ്രസ്സിന്റെയും. ഇരു കൂട്ടരും അന്നു ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. മാറ്റങ്ങള്‍ വരുത്തിക്കൂടാത്ത ദൈവികനിയമാവലിയാണ് ശരീഅത്തെന്ന തെറ്റായ ധാരണ മുസ്ലിം പൗരോഹിത്യം ഇനിയെങ്കിലും തിരുത്തണം. കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്, വോട്ടിനും അധികാരത്തിനും വേണ്ടി 35 വര്‍ഷം മുന്‍പ് ചെയ്ത നെറികേടിന് ഇന്ത്യന്‍ ജനതയോട് മാപ്പ് ചോദിക്കുകയാണ്.

  ശരീഅത്ത് വാദികൾക്ക് സൗദിയുടെ ചാട്ടവാറടിചരിത്രവിധി വന്നത് മൂന്നര ദശകം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1985 ഏപ്രിൽ 23-ന്….

  Posted by Hameed Chennamangaloor on Friday, 22 May 2020


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21