മറ്റ് സംസ്ഥാനങ്ങളും മോശമല്ല, ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറക്കാന്‍ സഹായിച്ചു: തുറന്നുപറഞ്ഞ് ഡോ.ബി.ഇക്ബാല്‍

  കോഴിക്കോട്: കോവിഡിനെ നേരിടുന്നതില്‍ മറ്റ് സംസ്ഥാനങ്ങളും മോശമല്ലെന്ന് ഇടത് സഹയാത്രികനായ ഡോ.ബി.ഇക്ബാല്‍. രോഗവ്യാപനം കുറക്കാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ വെല്ലുവിളികളുണ്ട്. ഉദാഹരണത്തിന് താരതമ്യേന നല്ല നിലക്ക് നിയന്ത്രണങ്ങളുമായി പൊയ്‌ക്കോണ്ടിരുന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. തമിഴ്‌നാട്ടിലേക്ക് വെളിയില്‍ നിന്നും ആളുകള്‍ വന്നുകഴിഞ്ഞപ്പോള്‍ രോഗസംഖ്യ വന്‍തോതില്‍ ഉയര്‍ന്നു. പിന്നെ അവര്‍ കൊയമ്പേടു മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ തയ്യാറായില്ല. ദല്‍ഹിയില്‍ നിന്നെത്തിയവര്‍  കാര്യങ്ങളാകെ അട്ടിമറിച്ചു. ദല്‍ഹിയിലും ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇവിടെ കേരളത്തില്‍ രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെ  കണ്ടുപിടിക്കാന്‍ താരതമ്യേന എളുപ്പമാണ്. ഡല്‍ഹിയില്‍  മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ രോഗമുള്ള ഒരാളുടെ കോണ്ടാക്റ്റ് കണ്ടു പിടിക്കുക സാധ്യമല്ല. പക്ഷേ, പൊതുവേ പറഞ്ഞാല്‍ ഇന്ത്യയിലെ മരണ നിരക്കും വ്യാപന നിരക്കും മറ്റ് രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. പലരും പല കാരണങ്ങളാണ് പറയുന്നത്. ബി സി ജി വാക്‌സിന്‍ എല്ലാവരും എടുക്കുന്നുണ്ട് ഇന്ത്യയില്‍, ഇത് കോവിഡിന് എതിരായ രോഗപ്രതിരോധത്തിനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. ചൂട് ഒരു ഘടകമാണെന്നു പറയുന്നു. നമ്മുടെ ജനിതക ഘടനയുടെ പ്രത്യേകതമാണെന്നു പറയുന്നു. ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അല്‍ഭുതകരമെന്ന് പറയട്ടെ, കേരളത്തെപ്പോലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനമോ ജനകീയ ഇടപെടലോ ഇല്ലാതിരുന്നിട്ടും ….. ഒഡീഷ, ബിഹാര്‍, ത്രിപുര.. സംസ്ഥാനങ്ങളിലും  രോഗനിയന്ത്രണം സാധിച്ചിരിക്കുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര (അവിടെ തന്നെ മുംബൈ)  തുടങ്ങിയ സംസ്ഥാനങ്ങളൊഴിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അത്ര മോശമല്ല. അതു കൊണ്ട് മറ്റു സംസ്ഥാനങ്ങള്‍ അത്ര മോശമാണെന്ന അഭിപ്രായത്തില്‍ ഞാന്‍ എത്തില്ല. കനത്ത സാമൂഹ്യ സാമ്പത്തിക ആഘാതം നമുക്ക് ഉണ്ടാക്കിയെങ്കിലും രോഗവ്യാപനം കുറയ്ക്കുന്നതില്‍ ലോക്ക്ഡൗണ്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അദ്ദേഹം വ്യക്തമാക്കി.
  കേരളത്തില്‍ ചില  ദിവസങ്ങളില്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുക, ചില ജില്ലകളില്‍ രോഗികളെല്ലാം രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യപ്പെടുക എന്നിങ്ങനെയൊക്കെ വന്നപ്പോള്‍ കേരളം കോവിഡില്ലാത്ത ഒരു സംസ്ഥാനമായി മാറും എന്നൊരു മിഥ്യാധാരണ ചിലരിലുണ്ടായി. പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് കഴിഞ്ഞിട്ടില്ല. അടുത്തു തന്നെ വെളിയില്‍ നിന്നും ആളുകള്‍ വരുമ്പോള്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചിക്കാം എന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ പറയുമായിരുന്നെങ്കിലും ആളുകളുടെ ഇടയില്‍ അമിതമായ ഒരു സുരക്ഷാ ബോധം വളര്‍ന്ന് വന്നിരുന്നു. അമിതമായ ആത്മവിശ്വാസം, മാസ്‌ക് ധരിക്കുന്ന കാര്യത്തിലും കൈ കഴുകുന്ന കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും ഒക്കെയുള്ള ഒരു ശുഷ്‌കാന്തിയില്ലായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ അയച്ച് തുടങ്ങിയ സാഹചര്യത്തില്‍ നേരത്തെ കര്‍ശനമായി നമ്മള്‍ പാലിച്ചു പോന്ന സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടി എന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. അതു പ്രതീക്ഷിച്ചിരുന്നതാണ്. അതിനുള്ള മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ, അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെയാണ് ഒഴിവാക്കേണ്ടത്. അതിനായി 14 ദിവസത്തെ സമ്പര്‍ക്ക വിലക്ക് കര്‍ശനമായി തുടരുക തന്നെ വേണം.
  കോവിഡ് രോഗവ്യാപനം  ആരോഗ്യപ്രശ്‌നം മാത്രമല്ല. അതൊരു സാമൂഹിക സാമ്പത്തിക പ്രശ്‌നം കൂടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതം ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ കൂടാനിടയുണ്ട്. കേരളത്തില്‍ നടന്നില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ പലയിടത്തും, പട്ടിണിമരണങ്ങളിലൂടെ മനുഷ്യ ജീവന്‍ തന്നെ നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവാം. കേരളത്തിലും അന്നന്ന് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന എത്രയോ പേരുണ്ട്. സാമൂഹിക സുരക്ഷിതത്വത്തിനായി സൗജന്യറേഷന്‍, ക്ഷേമ പെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായും കേന്ദ്രസര്‍ക്കാര്‍ പരിമിതമായും പല ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പക്ഷേ, കോവിഡ് ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇങ്ങനെ പരിഹരിക്കാവുന്നതിലും  വലുതായിരിക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ട്, ബ്രേക്ക് ദ ചെയിന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതൊക്കെ മേഖലയില്‍ ക്രയവിക്രയങ്ങളും വാണിജ്യവും കൃഷിയുമൊക്കെ പുനഃസ്ഥാപിക്കാം എന്നു സൂക്ഷ്മതയോടെ പരിശോധിക്കണം.  ഉദാഹരണത്തിന് ശാരീരിക അകലം പാലിച്ചുകൊണ്ട് ജോലി ചെയ്യാവുന്ന മേഖലയാണ് കെട്ടിട നിര്‍മാണ രംഗം. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ. കൃഷി പോലും അങ്ങനെയാണ് പണ്ടുമുതലേ. ശാരീരിക അകലം പാലിച്ചുകൊണ്ടേ കൃഷി ചെയ്യാന്‍ പറ്റൂ. ഇങ്ങനെയുള്ള മേഖലകള്‍ തുറന്നു കൊടുത്ത് സാമൂഹിക സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ആരോഗ്യത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പട്ടിണിമൂലം പോഷകങ്ങള്‍ കുറയുകയും ചെയ്യുമ്പോള്‍ രോഗങ്ങള്‍ പിടിക്കാനും പകരാനുമുള്ള സാധ്യതകള്‍ വര്‍ധിക്കും. കേരളത്തിന് വേറെയും പേടിക്കാനുണ്ട്. മഴക്കാലം വരുന്നു. കേരളത്തില്‍ പോലും നിരവധി പകര്‍ച്ചവ്യാധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഡങ്കിപ്പനി ബാധിച്ച് ഇപ്പോള്‍ തന്നെ ഏതാനും പേര്‍ മരിച്ചു കഴിഞ്ഞു. എച്ച് വണ്‍ എന്‍ വണ്‍, ഡങ്കി, എലിപ്പനി ഇങ്ങനെയുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. വലിയൊരു വെല്ലുവിളിയാണ് നമുക്ക് നേരിടാനുള്ളത്. അത് അഭിമുഖീകരിച്ചേ പറ്റൂ, വേറെ വഴിയില്ല. ഇക്ബാല്‍ വിശദീകരിച്ചു


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21