കണ്ണൂര്‍: ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കുക, അന്വേഷണം എന്‍ഐഎക്ക് വിടുക, ബ്രണ്ണന്‍ കോളജ് കേന്ദ്രീകരിച്ചുള്ള രാഷ്ട്ര വിരുദ്ധ റിക്രൂട്ടിംഗ് ഏജന്‍സികളെ സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രണ്ണന്‍ കോളേജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പ്രേമന് കൊല്ലമ്പറ്റ, മഹിള ഐക്യവേദി ജില്ല സെക്രട്ടറി അഡ്വ:ഷൈമ മഹേഷ്, തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി സി.ഒ.മനേഷ് എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനിയുമായ അഞ്ജന ഹരീഷ് കഴിഞ്ഞ 13നാണ് മരിച്ചത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്.
നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. ഇവരുള്‍പ്പെട്ട അര്‍ബന്‍ നക്സലുകള്‍ക്കൊപ്പമാണ് അഞ്ജന താമസിച്ചിരുന്നത്. മദ്യപാനത്തിനും അടിമയായിരുന്നു. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്സ്ജെന്റര് ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു.
Discussion about this post