ന്യൂഡല്‍ഹി ∙ ന്യൂസ് 18 ഡല്‍ഹി ബ്യൂറോ പൂട്ടിയത് സാമ്പത്തിക ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്നെന്നു വെളിപ്പെടുത്തല്‍. ബ്യൂറോ ഓഫിസ് മുറി വാടകയെന്ന പേരിലാണ് ചുമതലക്കാര്‍ സ്ഥാപനത്തില്‍ വെട്ടിപ്പു നടത്തിയിരുന്നത്. ഇതു കണ്ടെത്തിയതിനെ തുടര്‍ന്നു ബ്യൂറോ ചുമതല വഹിച്ചിരുന്ന ടി.ജെ.ശ്രീലാലിന്റെയും സതീഷ് കുമാറിന്റെയും കരാര്‍ അവസാനിപ്പിച്ചു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകനും ഇവരുമായി ചേര്‍ന്നാണ് വാടക തിരിമറി നടത്തിയിരുന്നത്. കേരള ഹൗസിനെതിര്വശത്തുള്ള അഭിഭാഷകന്റെ ഫ്ലാറ്റില്‍ ഓഫിസ് വാടകയ്ക്കെടുത്തുവെന്ന വ്യാജ ബില്ലു സമര്‍പ്പിച്ചാണ് സ്ഥാപനത്തില്‍ നിന്നു തുക തട്ടിയെടുത്തിരുന്നത്. അഭിഭാഷകന് ഈ ബില്ലു വച്ചു പ്രതിമാസം മൂന്നുലക്ഷം രൂപയുടെ കള്ളപ്പണവും വെളുപ്പിച്ചു. ഈ തുക ബ്യൂറോ ചുമതലക്കാര്‍ വീതിച്ചെടുത്തിരുന്നു. വാടക ഫ്ലാറ്റ് കടലാസില്‍ മാത്രമായിരുന്നതിനാല്‍ ന്യൂസ് 18നു ന്യൂഡല്‍ഹിയില്‍ ഫലത്തില്‍ ഓഫിസ് ഇല്ലായിരുന്നു. ഇതിനു പകരമായി കേരള ഹൗസിലെ മീഡിയ റൂം ന്യൂസ് 18 സംഘം കയ്യടക്കി ഓഫിസ് പോലെ സജ്ജീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഈ കയ്യേറ്റം ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) ഭാരവാഹികളെ പാട്ടിലാക്കി ശ്രീലാല്‍ ഏറെക്കാലം മീഡിയ റൂം കയ്യടക്കി വച്ചിരുന്നു. സതീഷ് കുമാര്‍ യൂണിയന് വൈസ് പ്രസിഡനറ് സ്ഥാനത്തിരുന്നതും മുറി കയ്യേറ്റത്തിനു സഹായകമായി.
മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ റൂം കയ്യേറ്റത്തിനെതിരെ കേരള ഹൗസ് അധികൃതര്‍ക്കു പരാതി നല്‍കിയതോടെയാണു പ്രശ്നം വഷളായത്. സമൂഹ മാധ്യമങ്ങളില്‍ കയ്യേറ്റ വാര്‍ത്ത വന്നതോടെ ഓഫിസ് മുറി വാടകയുടെ പേരിലുള്ള തട്ടിപ്പ് സ്ഥാപനത്തിലറിഞ്ഞു. ഇതോടെയാണ് ഡല്‍ഹി ബ്യൂറോയില്‍ നിന്നു ശ്രീലാലിനെയും സതീഷിനെയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. അന്നു ന്യൂസ് 18 മലയാളത്തിന്രെ ചുമതല വഹിച്ചിരുന്നയാളുടെ സഹായത്താല്‍ ജോലി നഷ്ടപ്പെട്ടില്ലെന്നു മാത്രം. ഡല്‍ഹി ബ്യൂറോയില്‍ നിന്നു തിരുവനന്തപുരം ഡസ്കിലേക്കു മാറ്റിയതോടെ ശമ്പളം വെട്ടിക്കുറച്ചു. മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും പ്രതിമാസ ശമ്പളം ഇവര്‍ക്കുണ്ടായിരുന്നത് 75,000 രൂപയും 50,000 രൂപയുമായി വെട്ടിക്കുറച്ചാണു തിരുവനന്തപുരം ഡസ്കിലേക്കു മാറ്റി നിയമിച്ചത്.
വന്‍ മുതല്‍മുടക്കു നടത്തിയിട്ടും ന്യൂസ് 18 റേറ്റിങില്‍ ഏറ്റവും താഴെയായതിനാല്‍ മലയാളം ചാനല്‍ അടച്ചു പൂട്ടുന്നതിനെ കുറിച്ചും ഉടമകളായ റിലയന്‍സ് ആലോചിക്കുന്നുണ്ട്. വന്‍ പ്രതിഫലം നല്കി മറ്റു ചാനലുകളില്‍ നിന്നു റാഞ്ചിയെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം ശമ്പളം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ ബ്യൂറോകളിലെല്ലാം അംഗബലം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
Discussion about this post