ലക്നൗ: തുടര്‍ച്ചയായി മൂന്ന് തവണ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ജയിച്ച ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ ഒരു സിനിമാ തീയറ്റര്‍ പോലുമില്ല. ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ഉറി- ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രം കാണണമെന്ന ജനങ്ങളുടെ ആഗ്രഹം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നിറവേറ്റിയത് മൊബൈല്‍ ഡിജിറ്റല്‍ തീയറ്ററുകള്‍ ഒരുക്കി. ദിവസനേ നാല് തവണ സൗജന്യമായാണ് പ്രദര്‍ശനം. ഒരു സമയത്ത് 150 പേര്‍ക്ക് സിനിമ കാണാം. റിപ്പബ്ലിക് ദിനത്തിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ സിനിമ കാണാനെത്തിയവരുമായി മന്ത്രി സംസാരിക്കുകയും ചെയ്തു. എല്ലാ പ്രദര്‍ശനവും ഹൗസ് ഫുള്ളാണ്. കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ സിനിമ കാണാന്‍ വരുന്നുണ്ട്.
മണ്ഡലത്തില്‍ തീയറ്ററുകളില്ല. എന്നാല്‍ സിനിമ കാണാന്‍ ജനങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതിനാലാണ് മന്ത്രി സൗജന്യ പ്രദര്‍ശനം ഒരുക്കിയത്. യുവമോര്‍ച്ചാ നേതാവ് വിഷുവ് മിശ്ര പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ 2014ല്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിച്ചിരുന്നു. രാഹുല്‍ ജയിച്ചെങ്കിലും 2009നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ 2.62 ലക്ഷം വോട്ടുകളുടെ കുറവുണ്ടായി. മന്ത്രിയായതിന് ശേഷം മണ്ഡലത്തില്‍ നിരന്തര സന്ദര്‍ശനം നടത്തുന്നുണ്ട് സ്മൃതി. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കി. ഇത്തവണയും സ്മൃതി ഇറാനി തന്നെയായിരിക്കും ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
അടുത്തിടെ മണ്ഡലം സന്ദര്‍ശിച്ച രാഹുലിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇറ്റലിയിലേക്ക് മടങ്ങിപ്പോകൂ എന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ ബിജെപി സംഘടനാ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെയുള്ള നാല് സീറ്റില്‍ മൂന്നും ബിജെപി നേടി. ഒരിടത്ത് സമാജ്വാദി പാര്‍ട്ടിയും ജയിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടെ പ്രതിനിധീകരിച്ച അമേഠി ഇത്തവണ സ്മൃതി ഇറാനിക്ക് മുന്നില്‍ വീഴുമെന്നാണ് സൂചന.
Discussion about this post