കൊലപ്പെടുത്താന്‍ ഐഎസ്, അല്‍ഖ്വയ്ദ പദ്ധതി; ഡോ.മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും

  Haridwar: Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat addresses during an event at Patanjali Gurukul, in Haridwar, Saturday, Nov.24, 2018. (PTI Photo) (PTI11_24_2018_000069B)
  ന്യൂഡല്‍ഹി: ബിജെപി, ആര്‍എസ്എസ് ദേശീയ നേതാക്കളെ കൊലപ്പെടുത്താന്‍ മുസ്ലിം ഭീകരവാദ സംഘടനകളായ ഐഎസ്സും അല്‍ഖ്വയ്ദയും പദ്ധതിയിട്ടതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ഇന്റലിജന്റ്‌സ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര, സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗങ്ങള്‍ സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍. ഡോ.ഭാഗവതിന്റെ സുരക്ഷ എന്‍എസ്ജി കമാണ്ടോകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
   വിവിഐപികള്‍ക്ക് നല്‍കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ മോഹന്‍ ഭാഗവതിനുള്ളത്. 24 മണിക്കൂറും 60 സിഐഎസ്എഫ് കമാണ്ടോകളാണ് സുരക്ഷ ഒരുക്കുന്നത്. എസ്പിജിയും എന്‍എസ്ജിയും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ സുരക്ഷയാണിത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിംഗ് യാദവ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ചത്തീസ്ഡഗ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങി 11 പേര്‍ക്ക് ഇപ്പോള്‍ എന്‍എസ്ജി സുരക്ഷയുണ്ട്. ഈ വിഭാഗത്തില്‍ ഡോ.ഭാവതിനെയും ഉള്‍പ്പെടുത്തും.
   രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഭാഗവതിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വലതുപക്ഷ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട പത്ത് ഭീകരരെ ഏതാനും ദിവസം മുന്‍പ് എന്‍ഐഎ ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ ആര്‍എസ് എസ് നേതാക്കളെ വധിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടതായി കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബിലെ ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസെയ്ന്‍, ബ്രിഗ് ജഗദീഷ് ഗഗ്നേജ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട് പോലീസും അടുത്തിടെ ആറ് ഭീകരരെ അറസ്റ്റ് ചെയ്തു. ഐഎസ്സില്‍ ചേര്‍ന്ന് തിരിച്ചുവന്ന മലയാളി ഭീകരനും കേരളത്തിലെ ആര്‍എസ്എസ്, ബിജെപി നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതായി എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, കെ.സുരേന്ദ്രന്‍ തുടങ്ങിയവരെയാണ് ലക്ഷ്യം വച്ചിരുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here