അഹമ്മദാബാദ്: ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കോട്ടയില്‍ ബിജെപിക്ക് വന്‍ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി കുംവര്‍ജി ബാവലിയ 19985 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിന്റെ അവസര്‍ നാക്കിയയെ തോല്‍പ്പിച്ചു. 1995 മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ ജയിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്ന ബാവലിയ കഴിഞ്ഞ ജൂലൈയിലാണ് എംഎല്‍എ സ്ഥാനമുള്‍പ്പെടെ രാജിവെച്ച് ബിജെപിയിലെത്തി മന്ത്രിയായത്. രാജിവെച്ച അതേ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം വിജയിക്കുകയായിരുന്നു. 2017ല്‍ 9277 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ബാവലിയക്കുണ്ടായിരുന്നതെങ്കില് ഇരട്ടിയിലേറെ ഭൂരിപക്ഷമാണ് ഇത്തവണ അദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുടെ പിന്തുണയുണ്ടായിട്ടും ചലനങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയില്‍നിന്നും ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ പാര്‍ട്ടിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം ക്ഷീണമുണ്ടാക്കി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുന്നതാണ് ഫലമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു.
Discussion about this post