ജയ് ജവാന്‍: നാല് വര്‍ഷത്തിനിടെ കശ്മീരില്‍ തുടച്ചുനീക്കിയത് എഴുനൂറിലേറെ ഭീകരരെ

    ശ്രീനഗര്‍: കശ്മീരില്‍ ഭീകരരെ തുടച്ചുനീക്കാനുള്ള മോദി സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പദ്ധതി വിജയത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 709 ഭീകരരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്- ഇതുവരെ 587 സംഭവങ്ങളിലായി 238 ഭീകരരെ സൈന്യം ഇല്ലാതാക്കി. 2017ല്‍ 206 ഭീകരരും 2016ല്‍ 165 ഭീകരരും 2015ല്‍ 100 ഭീകരരും കൊല്ലപ്പെട്ടു. ഈ വര്‍ഷം 86 സുരക്ഷാ ഭടന്മാരും കഴിഞ്ഞ വര്‍ഷം 77 സുരക്ഷാ ഭടന്മാരും വീരമൃത്യു വരിച്ചു.
     2010ല്‍ 270 ഭീകരരെ വധിച്ചിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സൈന്യത്തിന് കടിഞ്ഞാണിട്ടു. 2014ല്‍ ഭരണമൊഴിയുമ്പോള്‍ ഇത് പകുതിയായി കുറഞ്ഞു. പിന്നീട് വന്ന മോദി സര്‍ക്കാര്‍ നയം മാറ്റുകയും ശക്തമായ പ്രത്യാക്രമണങ്ങള്‍ക്ക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2015 മുതല്‍ പുതിയ നയം നടപ്പാക്കിത്തുടങ്ങി. ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശം ഭീകരര്‍ക്ക് നല്‍കി 2017ല്‍ ഓപ്പറേഷന്‍ ഓള്‍ ഔട്ട് ആരംഭിച്ചു. ഓരോ വര്‍ഷവും കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.