കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ മതില്‍ കെട്ടുമ്പോള്‍ പ്രളയബാധിതര്‍ക്ക് സ്ഥലവും വീടും നല്‍കി സേവാഭാരതി

    തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ മാതൃകയായി സേവാഭാരതി. തൃശൂര്‍ ദേശമംഗലം ഗ്രാമപഞ്ചായത്തിലുള്‍പ്പെടുന്ന പള്ളം-കൊറ്റമ്പത്തൂര്‍ കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി നല്‍കി വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 22) തുടക്കമാകും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട 17 കുടുംബങ്ങള്‍ക്ക് സേവാഭാരതി സമര്‍പ്പിക്കുന്ന ഭൂമിയുടെ ആധാരക്കൈമാറ്റമാണ് നാളെ നടക്കുന്നത്. രാവിലെ 11ന് കൊറ്റമ്പത്തൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള സമര്‍പ്പണ ഭൂമിയില്‍ നടക്കുന്ന പരിപാടി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പങ്കെടുക്കും.

    പ്രളയത്തിന്റെ പുനര്‍നിര്‍മ്മാണം സര്‍ക്കാരും മുഖ്യമന്ത്രിയും പ്രസംഗങ്ങളില്‍ മാത്രം ഒതുക്കുമ്പോഴാണ് സേവാഭാരതിയുടെ മാതൃകാ പ്രവര്‍ത്തനം. പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായം പോലും നല്‍കാതെ പൊതുപണമുപയോഗിച്ച് ധൂര്‍ത്ത് നടത്തുകയാണ് ഇടത് സര്‍ക്കാര്‍. സ്ത്രീ സുരക്ഷക്കുള്ള അമ്പത് കോടി ഫണ്ടില്‍നിന്നും പണമെടുത്താണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ തുക പ്രളയ പുനരധിവാസത്തിന് മാറ്റിവച്ചൂടേ എന്ന് കോടതി ചോദിക്കുകയും ചെയ്തു. ദുരിത ബാധിതരുടെ പുനരധിവാസത്തിന് പണമില്ലാതെ വലയുമ്പോള്‍ മന്ത്രിമാരുടെ ഓഫീസില്‍ 24 ലക്ഷം രൂപ മുടക്കി എസി വച്ചതും വിവാദമായിരുന്നു. ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും എല്‍ബിഎസ് സെന്ററിന്റെ

    ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിന് വേണ്ടി 12 ലക്ഷം രൂപക്ക് ഏറ്റെടുക്കാനും ധനമന്ത്രി തോമസ് ഐസക്ക് ഉപധനാഭ്യര്‍ത്ഥ നടത്തിയിരുന്നു.

    ഓരോ കുടുംബങ്ങള്‍ക്കും നാല് സെന്റ് സ്ഥലമാണ് സേവാഭാരതി നല്‍കുന്നത്. 2.60 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയോട് ചേര്‍ന്ന് വായനശാല അടക്കമുള്ള സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കും. സംസ്ഥാനത്ത് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി പി.ആര്‍. സജീവന്‍ വ്യക്തമാക്കി. 400 വീടുകളുടെ അപേക്ഷകള്‍ അംഗീകരിച്ച് നടപടികള്‍ പൂര്‍ത്തിയായി വരുന്നു. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയും നടപ്പാക്കും. അദ്ദേഹം വിശദീകരിച്ചു. പ്രളയദുരിതാശ്വാസത്തിന് സേവാഭാരതിയെ അഭിനന്ദിച്ച് ഇടുക്കി ജില്ലാകലക്ടര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്ക് വേണ്ടി സേവാഭാരതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സേവാഭാരതി തൊടുപുഴ പ്രസിഡന്റിന് കലക്ടര്‍ ജീവന്‍ ബാബു അഭിനന്ദന കത്ത് നല്‍കിയത്. പ്രളയസമയത്ത് സേവാഭാരതി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ഭേദമെന്യേ അംഗീകരിക്കപ്പെട്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.