നോര്‍ത്ത് ഈസ്റ്റില്‍ പതനം പൂര്‍ണ്ണം; അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങള്‍

    ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങി കോണ്‍ഗ്രസ്. അഞ്ച് വര്‍ഷത്തിനിടെ വടക്കു കിഴക്കന്‍ മേഖലയിലെ അഞ്ച് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്. ഏറ്റവുമൊടുവില്‍ മിസോറാമാണ് കോണ്‍ഗ്രസ്സിന് നഷ്ടമായത്. ഇവിടെ ബിജെപി നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യ (എന്‍ഇഡിഎ)ത്തില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടാണ് ഭരണത്തിലെത്തുന്നത്. ഇതോടെ നോര്‍ത്ത് ഈസ്റ്റിലെ എട്ട് സംസ്ഥാനങ്ങളിലെയും ഭരണത്തില്‍നിന്നും കോണ്‍ഗ്രസ് പുറത്തായിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം നോര്‍ത്ത് ഈസ്റ്റിലെങ്കിലും യാഥാര്‍ത്ഥ്യമായിരിക്കുന്നു. മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമാണ് ഭരണത്തില്‍. അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാരും.
     കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസാമിലാണ് കോണ്‍ഗ്രസ്സിന് ആദ്യം തിരിച്ചടി നേരിട്ടത്. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്സിന്റെ തരുണ്‍ ഗൊഗോയിയെ മലര്‍ത്തിയടിച്ച് ബിജെപിയുടെ സര്‍ബാനന്ദ സോനോവാള്‍ അധികാരത്തിലെത്തി. ബിജെപി, അസംഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുള്‍പ്പെട്ട സഖ്യമാണ് ഭരണത്തില്‍.
     2017ല്‍ 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മണിപ്പൂരില്‍ കോണ്‍ഗ്രസ് പുറത്തായി. ഇവിടെ ആദ്യമായി 21 സീറ്റ് നേടിയ ബിജെപി നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
     2018ല്‍ മേഘാലയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി ബിജെപിയുടെ നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) ഭരണത്തിലെത്തി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി. ഇതേ വര്‍ഷം നാഗാലാന്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം അധികാരം നിലനിര്‍ത്തി.
    ത്രിപുരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി ഭരണം പിടിച്ചു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചു. അസമിലും ബിജെപി സഖ്യത്തിലുള്ള സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടാണ് ഭരണത്തില്‍. അഴിമതിയും വികസനമില്ലാത്തതുമാണ് നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസ്സിന്റെ അന്ത്യം കുറിച്ചത്.