കാസര്‍കോട്: ജയിലില്‍നിന്നിറങ്ങുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് ഒഴുകുന്നു. കാസര്‍കോട് ജില്ലയില്‍നിന്നുള്‍പ്പെടെ മുഴുവന്‍ ജില്ലകളിലെയും പ്രവര്‍ത്തകരാണ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. വന്‍ സ്വീകരണമൊരുക്കാനാണ് പദ്ധതി. സുരേന്ദ്രനിലൂടെ ഇടത് സര്‍ക്കാരിനെതിരെ വന്‍ പ്രചാരണമാകും ബിജെപി നടത്തുക. ശബരിമല വിഷയത്തില്‍ ഒന്നിനുപുറകെ ഒന്നായി കേസുകള്‍ ചുമത്തി പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ ജയിലിലടച്ചത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി.
ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ പൂജപ്പുര ജയിലില്‍ നിന്നും സുരേന്ദ്രന് പുറത്തിറങ്ങും. ഇവിടെ നിന്നും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്കുകളുടെ അകമ്പടിയോടെ പഴവങ്ങാടിയില്‍ എത്തിക്കും. നിരവധി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ എത്തിച്ചേരും. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
Discussion about this post