കോട്ടയം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 26 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ടയിലും, രാജസ്ഥാനിലും, ഉത്തര്‍പ്രദേശും കര്‍ഷകര്‍ക്കായി ലോങ്മാര്‍ച്ച് നടത്തിയ സിപിഎം ഭരിക്കുന്ന കേരളത്തിലാണ് 26 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ഒരുമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 4 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലെ പ്രളയദുരിത മേഖലകളിലെ കടക്കെണിയും ബാങ്കുകളുടെ ജപ്തി ഭീഷണിയും മൂലം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകളെ സംസ്ഥാനസര്‍ക്കാരും സിപിഎമ്മും നിസാരവത്കരിക്കുകയാണ്. ബാങ്ക് ജപ്തി ഭീഷണിയില്‍ ഇതിനോടകം കേരളത്തില്‍ 26 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സഹകരണ ബാങ്കുകളും ജപ്തി ഭീഷണി മുഴക്കുന്നു. ലോകോത്തര ധനകാര്യ വിദഗ്ദ്ധന് തോമസ് ഐസക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്. വടക്കേയിന്ത്യയിലെ കര്‍ഷക ആത്മഹത്യ വലിയ വാര്‍ത്തയാക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഗൂഢമായ നിശബ്ദതയിലാണ്.
സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി പാക്കേജ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെയ്ക്കുന്ന പ്രഖ്യാപനം മാത്രമാണ്. 2008 ല്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1800 കോടിയുടെ ഇടുക്കി പാക്കേജില്‍ 150 കോടിയോളം മാത്രമാണ് ഇതുവരെ ചിലവഴിച്ചത്. ഇതിന്റെ തനിയാവര്‍ത്തനം മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടിയുടെ പുതിയ ഇടുക്കി പാക്കേജും. ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകസ്നേഹത്തിന്റെ കാപഠ്യം കര്‍ഷകര്‍ തിരിച്ചറിയണം.
Discussion about this post