സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണം അങ്ങ് എകെജി സെന്ററില്‍ നടത്തുന്നതാണ് നല്ലത്. രൂക്ഷവിമര്‍ശനവുമായി ബിജെപി 

  കൊച്ചി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും രൂക്ഷവിമര്‍ശനവുമായി ബിജെപി. സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണം അങ്ങ് എകെജി സെന്ററില്‍ നടത്തുന്നതാണ് നല്ലതെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് ആരുടെ തിട്ടൂരമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വാസികള്‍ക്ക് അറിയേണ്ടതുണ്ട്. ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡ് . ഭക്തന്റെ ആവലാതികള്‍ പരിഹരിയ്ക്കാനുള്ളതാണത്. സര്‍ക്കാരിന്റെ വാദം ആവര്‍ത്തിക്കാനാണെങ്കില്‍ എന്തിന് പ്രത്യേകം അഭിഭാഷകനെ വെച്ച് ഭക്തന്റെ കാണിക്കപ്പണം ചെലവാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

  ശബരിമല കേസ് കോടതിയിലെത്തിയപ്പോള്‍ മുതല്‍ ഇടത് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികള്‍ക്കെതിരെയുള്ള സമീപനമാണ് സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഹിന്ദു ആചാര്യന്മാരുടെയോ തന്ത്രിയുടെയോ ക്ഷേത്രജ്ഞന്മാരുടെയോ അഭിപ്രായം ഈ സര്‍ക്കാര്‍ ചോദിച്ചിട്ടില്ല.

  ആരോടും അഭിപ്രായം ആരായാതെയാണ് വിശ്വാസികള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന ശബരിമലയുടെ ആചാരം അത്യന്താപേക്ഷിതമല്ലെന്ന് ഇടത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് ഹിന്ദു വിശ്വാസികള്‍ക്ക് തിരിച്ചടിയായതും സുപ്രീം കോടതിയുടെ വിധി എതിരാകാനും കാരണം.

  സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദുവിശ്വാസികളുടെ വികാരത്തിന് പുല്ലുവില നല്‍കിയാണ് ഇന്നും പിണറായി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പുന: പരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും തള്ളണമെന്നാണ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുടെ വാദം.

  സിപിഎമ്മിന്റെ ലക്ഷ്യം വിശ്വാസം ഇല്ലാതാക്കലും നിരീശ്വരവാദം പ്രചരിപ്പിക്കലും ശബരിമലയെ തകര്‍ക്കലുമാണ് എന്നത് പൂര്‍ണമായി തന്നെ തെളിഞ്ഞതാണ് . ഇപ്പോള്‍ അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതില്‍ അത്ഭുതമില്ല.

  പക്ഷേ ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് ആരുടെ തിട്ടൂരമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വാസികള്‍ക്ക് അറിയേണ്ടതുണ്ട്. ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡ് . ഭക്തന്റെ ആവലാതികള്‍ പരിഹരിയ്ക്കാനുള്ളതാണത്.

  സര്‍ക്കാരിന്റെ വാദം ആവര്‍ത്തിക്കാനാണെങ്കില്‍ എന്തിന് പ്രത്യേകം അഭിഭാഷകനെ വെച്ച് ഭക്തന്റെ കാണിക്കപ്പണം ചെലവാക്കുന്നു ?

  ലക്ഷക്കണക്കിന് അമ്മമാരുള്‍പ്പെടെയുള്ള ഭക്തര്‍ കരഞ്ഞു വിളിച്ചിട്ടും അത് മനസ്സിലാക്കാതെ പിണറായി വിജയന്‍ എഴുതിത്തരുന്നതിന് അനുസരിച്ച് പെരുമാറാനാണെങ്കില്‍ ഈ ദേവസ്വം ബോര്‍ഡ് എന്തിനാണ് ?

  സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണം അങ്ങ് എകെജി സെന്ററില്‍ നടത്തുന്നതാണ് നല്ലത് .

  ഹിന്ദു ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഇങ്ങനെയൊരു ദേവസ്വം ബോര്‍ഡ് ആവശ്യമില്ല. !

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  22 − 19 =