കൊച്ചി: സാഹിത്യ മോഷണ ആരോപണത്തില്‍ സുനില്‍ പി ഇളയിടത്തെ പിന്തുണച്ചതില്‍ മലക്കംമറിഞ്ഞ് കെ.സച്ചിദാനന്ദന്. ഇളയിടത്തിന്റെ ഒരു പുസ്തകവും താന്‍ വായിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സച്ചിദാനന്ദന് വ്യക്തമാക്കി. ഫേസ്ബുക്കില്‍ അരുണ്‍ രാജ് എന്ന വ്യക്തിയുടെ അഭിപ്രായത്തിന് മറുപടിയായാണ് സച്ചിദാനന്ദന്റെ പ്രതികരണം.
കോപ്പിയടി ആരോപണത്തില്‍ സുനിന് പി ഇളയിടത്തിനെ പിന്തുണച്ച് അക്കാദമിക ഗവേഷണ രംഗത്തുള്ളവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ സച്ചിദാനന്ദന് ഒപ്പുവെച്ചിരുന്നു. പുസ്തകം വായിക്കുക പോലും ചെയ്യാതെ ഒപ്പുവെച്ച സച്ചിദാനന്ദന്റെ നടപടി കാപട്യമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇളയിടത്തിന്റെ അനുഭൂതികളുടെ ജീവചരിത്രം എന്ന പുസ്തകത്തിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍: ദേശീയ ആധുനികതയുടെയും ഭരതനാട്യത്തിന്റെയും രംഗ ജീവിതം എന്ന ലേഖനം ദേവേഷ് സോണേജിയുടെ ഗ്രന്ഥം മോഷിടച്ചതാണെന്നാരോപിച്ച് രവിശങ്കര്‍ എസ് നായരാണ് ആരോപണമുന്നയിച്ചത്. രവിശങ്കര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും അതിനാസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണെന്നും ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും സച്ചിദാനന്ദനുള്പ്പെടെ ഒപ്പുവെച്ച പ്രസ്താവനയില്‍ ആവഷ്യപ്പെട്ടിരുന്നു. ഇളയിടത്തിന്റേത് തെറ്റുതന്നെയാണെന്ന് വ്യക്തമാക്കി ഇടത് ചിന്തക ജെ.ദേവികയും രംഗത്തുവന്നിരുന്നു.