തിരുവനന്തപുരം: പൂജ ശകുന്‍ പാണ്ഡെ എന്ന പേരിന് ഇപ്പോള്‍ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ല. ലോകം ആദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ് ബാപ്പുജിയെ വെടിവെച്ചുകൊല്ലുന്നത് പുനരാവിഷ്കരിച്ച് ആഹ്ലാദം പ്രകടിപ്പിച്ച ‘ഹിന്ദുത്വ’ നേതാവ്. അവരുടെ സംഘടന ഹിന്ദു മഹാസഭയും ഇപ്പോള്‍ പ്രസിദ്ധമാണ്. സി.പി. സുഗതനെന്നും രാഹുല്‍ ഈശ്വറെന്നും കേള്‍ക്കുമ്പോള്‍ പൂജ ശകുന്‍ പാണ്ഡെയെപ്പോലെ, മലയാളികള്‍ക്ക് കൂടുതല്‍ വിശദീകരണമില്ലാതെ തന്നെ മനസിലാകും. അവരുടെ സംഘടനയായ ഹിന്ദു പാര്‍ലമെന്റിനെക്കുറിച്ചും വിശദീകരിക്കേണ്ടതില്ല.
ഹിന്ദുത്വമോ ഹിന്ദൂയിസമോ ആണ് ഇവരുടെയെല്ലാം പ്രത്യയശാസ്ത്രം. പൂജ ഗാന്ധിജിയെ വെടിവെച്ചുകൊല്ലുന്നത് ഹിന്ദുത്വത്തിന് വേണ്ടിയാണ്!. സുഗതന് നിലക്കലില്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കുന്നതും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വനിതാ മതില് നിര്‍മ്മിക്കുകയും ചെയ്യുന്നത് ഹിന്ദുത്വത്തിന് വേണ്ടിയാണ്!. അഖിലയുടെ വീട്ടില്‍ കയറിക്കൂടി വീഡിയോ എടുത്ത് സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും നല്ല തെളിവുണ്ടാക്കി രാഹുല്‍ ഈശ്വര്‍ നല്കിയതും ഹിന്ദുവിന്റെ മുന്നേറ്റത്തിന് വേണ്ടിയായിരുന്നു!. വെളുത്തഛനെന്ന ക്രൈസ്തവ സഭയുടെ കെട്ടുകഥ പ്രചരിപ്പിക്കാന്‍ രാഹുല്‍ മുന്നില്‍നില്‍ക്കുന്നതും ഹിന്ദു സ്നേഹം ഉള്ളതുകൊണ്ട് മാത്രമാണ്!.
1948നാണ് ലോകത്തിന്റെ മുഴുവന്‍ വെളിച്ചമായിരുന്ന മഹാത്മജിയെ നാഥുറാം വിനായക് ഗോഡ്സെയെന്ന ഹിന്ദു മഹാസഭാ പ്രവര്ത്തകന് വെടിവെച്ചുകൊന്നത്. ഇത്രയും കാലത്തെ രക്തസാക്ഷിത്വ ദിനാചരണത്തില്‍ ഇല്ലാത്ത തരത്തില്‍ ഹിന്ദു മഹാസഭ എന്തിനാണ് ഇത്തവണ വെടിവെപ്പ് പുനരാവിഷ്കരിച്ചത്?. ഒറ്റ ഉത്തരമേയുള്ളു- രണ്ട് മാസം കഴിഞ്ഞാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. സമൂഹത്തില്‍ രോഷവും മുറിവും ഉണ്ടാക്കുന്ന പ്രവൃത്തിയാണിതെന്നും ഭരണത്തിലിരിക്കുന്ന ബിജെപിയും നരേന്ദ്ര മോഡിയും പ്രതിക്കൂട്ടിലാവുമെന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ കോണ്‍ഗ്രസ്സും ഇടതുപക്ഷവും വിഷയം ബിജെപിക്കും മോഡിക്കും ആര്‍എസ്എസ്സിനുമെതിരെ തിരിച്ചുകഴിഞ്ഞു. യുപി സര്‍ക്കാര്‍ കേസെടുത്തെങ്കിലും വിഷയം ഇപ്പോഴും കത്തിപ്പടരുകയാണ്. അഫ്സല് ഗുരുവിനും യാക്കൂബ് മേമനും മയ്യിത്ത് നിസ്കാരം നടത്തിയ സംഘടനകള്‍ പോലും ഇതിനെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.
പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയുണ്ട് അവര്‍ എത്രത്തോളം ബിജെപി വിരുദ്ധയാണെന്ന്. മോഡിക്കെതിരെ നിരവധി പരിപാടികളാണ് ഹിന്ദു മഹാസഭ നടത്തിയിട്ടുള്ളത്. കേരളത്തില്‍ ബിജെപി വിരുദ്ധര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദു പാര്‍ലമെന്റും സുഗതനും രാഹുല്‍ ഈശ്വറും ചെയ്യുന്നതാണ് ഉത്തരേന്ത്യയില്‍ ഹിന്ദു മഹാസഭയും പൂജയും ചെയ്യുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത്തരം സംഘടനകള്‍ക്ക് ഹിന്ദു ബോധമുണ്ടായിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. ജെഎന്‍യുവില്‍ ഇടത്-മുസ്ലിം തീവ്രവാദികള്‍ അഭിപ്രായസ്വാതന്ത്ര്യമുയര്ത്തി പ്പിടിച്ച് അഫ്സല് ഗുരു അനുസ്മരണം നടത്തിയതും ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷമാണ്. ഹിന്ദുക്കള്‍ക്കും ആര്‍എസ്എസ്സിനുമെതിരെ ജിഹാദികളും കമ്യൂണിസ്റ്റുകാരും ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ് മാത്രമാണ് ഹിന്ദു പാര്‍ലമെന്റും ഹിന്ദു മഹാസഭയും. പോപ്പുലര്‍ ഫ്രണ്ടിന്റെ കൂലിയെഴുത്തുകാരി ഗൗരി ലങ്കേഷിന്റെ വധമുള്‍പ്പെടെ ഇവര്‍ ബിജെപിയുടെ തലയില്‍ കെട്ടിവച്ചിട്ടുണ്ട്.
ഹിന്ദു മഹാസഭയും ആര്‍എസ്എസ്സുമായി ബന്ധമില്ലെങ്കിലും ഗാന്ധി വധവും ഇപ്പോഴും ഇത്തരക്കാര്‍ ആര്‍എസ്എസ്സിന്റെ ചുമലിലാണ് ഇട്ടിട്ടുള്ളത്. ജസ്റ്റിസ് കപൂര്‍ കമ്മീഷന് ഈ ആരോപണം തള്ളിക്കളഞ്ഞത് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് വിഷയമല്ല. ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ ഗോഡ്സെ ഗാന്ധിജിയെ വധിച്ചതിന് ആര്‍എസ്എസ്സിനെയാണ് നെഹ്റു നിരോധിച്ചത്. അറുപത് വര്‍ഷത്തിലേറെക്കാലം കോണ്‍ഗ്രസ് ഭരിച്ചിട്ടും ഒരിക്കല്‍പ്പോലും ഈ സംഘടനയെ നിരോധിക്കുകയുണ്ടായില്ല. ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദു മഹാസഭയുടെ പ്രസിഡണ്ടായിരുന്ന നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജി സിപിഎം പിന്തുണയോടെ ലോക്സഭയിലെത്തുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ മകനായ സോമനാഥ് ചാറ്റര്‍ജി സിപിഎമ്മിന്റെ സമുന്നതനായ നേതാവുമായിരുന്നു. ഹിന്ദുവിന്റെ പേര് പറഞ്ഞ് സുഗതന് പിണറായിക്കും രാഹുല്‍ ഈശ്വര്‍ പോപ്പുലര്‍ ഫ്രണ്ടിനും ഒപ്പം ചേര്‍ന്ന് ആ വിഭാഗത്തെ ഒറ്റുകൊടുക്കുന്ന പണിയാണ് പൂജയും ഹിന്ദു മഹാസഭയും കോണ്‍ഗ്രസ്സിന് വേണ്ടി ചെയ്യുന്നത്. തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ‘തീവ്ര ഹിന്ദു സ്നേഹിക’ളുടെ ഇത്തരത്തിലുള്ള പല പ്രകടനങ്ങളും കാണേണ്ടി വരും!.
Discussion about this post