ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന് ജോസഫിനെ കടന്നാക്രമിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനും സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കാനും കാരണമാകുന്ന പ്രസ്താവനകളാണ് കുര്യന് ജോസഫിന്റേതെന്ന് കമ്മീഷന് വൈസ് ചെയര്മാന് അഡ്വ.ജോര്‍ജ്ജ് കുര്യന് കുറ്റപ്പെടുത്തി. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ന്യൂനപക്ഷ മതവിഭാഗമെന്നത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വളര്‍ച്ചക്ക് തടസ്സമായിരുന്നുവെന്ന കുര്യന് ജോസഫിന്റെ പരാമര്‍ശമാണ് കമ്മീഷനെ പ്രകോപിപ്പിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരുന്ന തന്റെ അവസ്ഥ ഇതാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് കുര്യന് ജോസഫ് സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ ഉയര്‍ത്തുന്നത്. സമൂഹത്തില്‍ ഭയവും വെറുപ്പും ഉണ്ടാക്കുന്ന പ്രസ്താവനയാണിത്. ന്യൂനപക്ഷ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മിശിഹ ആകാനാണ് കുര്യന് ജോസഫ് ശ്രമിക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് ലോകത്തിന് മുന്നില്‍ വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ സംരക്ഷണം ലഭിക്കുന്ന വേറെ ഏത് രാജ്യമാണുള്ളത്. സുപ്രീം കോടതി ജഡ്ജിയുടെ അന്തസ്സിന് ചേരാത്ത പ്രവൃത്തിയാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം നടത്തിയ കുര്യന് ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ നടപടി. ദീപക് മിശ്രയുടെ കാലത്ത് തെറ്റായ കാര്യങ്ങള്‍ നടന്നിരുന്നുവെന്ന് പറയുന്ന കുര്യന് ജോസഫിന് വിരമിച്ചതിന് ശേഷവും ഇതിന്റെ തെളിവുകളൊന്നും നല്കാനില്ല.
Discussion about this post