“കാര്യങ്ങളെല്ലാം ഞങ്ങള്‍ക്കറിയാം”; തന്ത്രിക്കെതിരായ സര്‍ക്കാര്‍ നീക്കം സുപ്രീംകോടതിയില്‍ പൊളിഞ്ഞു

    ന്യൂഡല്‍ഹി: ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കം സുപ്രീം കോടതിയില്‍ പൊളിഞ്ഞു. ആചാരലംഘനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും സുരക്ഷയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തന്ത്രിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം സുപ്രീം കോടതിയില്‍നിന്നുണ്ടാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആചാരലംഘനത്തിന് പ്രതിവിധിയായി ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ കോടതി പരാര്‍ശം ചൂണ്ടിക്കാട്ടി നീക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.
     ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നടപടി വേണമെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെയും മാവോയിസ്റ്റുകളുടെയും അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിനെ ഇവര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കിയത് സുപ്രീം കോടതിയിലെ സിപിഎം അഭിഭാഷകരാണ്. തന്ത്രിക്കെതിരെ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ ചുമതലപ്പെടുത്തിയിരുന്നു. ദേവസ്വം കമ്മീഷണര്‍ വാസുവും കോടതിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനും ഹാജരായിരുന്നു.
     എന്നാല്‍ സുരക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് നേതൃത്വത്തിലുള്ള ബെഞ്ച് മറ്റ് കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്ന പരാമര്‍ശം ചീഫ് ജസ്റ്റിസ് നടത്തിയതും സര്‍ക്കാരിന് നാണക്കേടായി. 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന പട്ടികയും കോടതി പരിഗണിച്ചില്ല. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദര്‍ശനം നടത്തിയതായി കോടതിയില്‍ സമര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തില്‍നിന്നും ആരും ഇല്ലാത്തത് ഗൂഡാലോചന വ്യക്തമാക്കുന്നതാണ്.