ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഏഷ്യാനെറ്റ് അയ്യപ്പ വിശ്വാസികള്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടില്‍ സഹികെട്ട ബിജെപി നേതൃത്വം ഒടുവില്‍ കര്‍ശന നടപടിയുമായി രംഗത്ത്. ഏഷ്യാനെറ്റിന്റെ പ്രധാന ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖറിനെ രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തില്‍നിന്നും പാര്‍ട്ടി ഒഴിവാക്കി. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ച വിശദീകരിക്കാന്‍ ബുധനാഴ്ചയാണ് ബിജെപി നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചതനുസരിച്ച് കേരളം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ എംപിമാരായ സരോജ് പാണ്ഡെ, വിനോദ് സോംകാര്‍, പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍, മലയാളി എംപിമാരായ പ്രൊഫ.റിച്ചാര്‍ഡ് ഹെ, സുരേഷ് ഗോപി, വി.മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എംപിമാരുടെ സംഘത്തെയാണ് രാഷ്ട്രപതിയെ കാണാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷനെന്നതിനാലാണ് ശ്രീധരന് പിള്ള സംഘത്തിലുണ്ടായത്. എംപിയെന്നതിന് പുറമെ കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനുമാണ് രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി തയ്യാറായില്ല.
രാജീവ് ചെയര്‍മാനായുള്ള ജൂപിറ്റര്‍ കാപിറ്റല്‍ വെന്‍ച്വേഴ്സിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. അടുത്തിടെ ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്നും രാജീവ് രാജിവെച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ നിലനിര്‍ത്തി സാങ്കേതികമായാണ് പദവി ഒഴിഞ്ഞത്. ഇപ്പോഴും ഭൂരിഭാഗം ഓഹരികളും രാജീവിനാണ്. ശബരിമലയിലെ യുവതീ പ്രവേശന വിധിയുണ്ടായതിന് പിന്നാലെ ഏറ്റവും പ്രകോപനപരമായി അയ്യപ്പ ഭക്തര്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയത് ഏഷ്യാനെറ്റാണ്. നിരവധി വ്യാജ വാര്‍ത്തകള്‍ നല്‍കിയതായും ബിജെപി കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.
രാജീവിന്റെ നേതൃത്വത്തിലുള്ള ഏഷ്യാനെറ്റിന്റെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രത്തോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ശബരിമല വിഷയത്തിലാണ് രാഷ്ട്രപതിയെ കാണുന്നതെന്നതിനാല്‍ വിശ്വാസികളെ അധിക്ഷേപിച്ച ചാനലിന്റെ മുതതലാളിയെ കൂടെക്കൂട്ടാനാവില്ലെന്ന കര്‍ശന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തില്‍ മത്സരിക്കാനുള്ള രാജീവിന്റെ നീക്കം തടയാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
”ബിജെപിക്ക് അനുകൂലമായി ഏഷ്യാനെറ്റ് പ്രവര്‍ത്തിക്കണം എന്നല്ല ആവശ്യം. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്ന പരിഗണനയെങ്കിലും ബിജെപിക്ക് നല്‍കണം. ഇതര പാര്‍ട്ടികള്‍ക്ക് നേരെയില്ലാത്തത്രയും കടുത്ത ആക്രമണമാണ് ബിജെപിക്കെതിരെ നടത്തുന്നത്. പലപ്പോഴും വ്യാജവാര്‍ത്തകള്‍ നല്കുന്നു. സ്വന്തം നേതാവിന്റെ നേതൃത്വത്തിലുള്ള ചാനല്‍ ഇത് ചെയ്യുന്നു എന്നതിലാണ് പ്രതിഷേധം. സാധാരണക്കാരായ പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല”. ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു
Discussion about this post