ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അയ്യപ്പ ഭക്തര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഇടത് മാധ്യമപ്രവര്‍ത്തകരുടെ നീക്കം വിശ്വാസികള്‍ പരാജയപ്പെടുത്തി. ഇന്ന് (ജനു.3) വൈകിട്ട് ഏഴിന് ജന്തര്‍ മന്ദിറില്നിന്നും കേരളാ ഹൗസിലേക്ക് വിശ്വാസികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇടത് മാധ്യമപ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചത്. ഏറെ പ്രകോപനമുണ്ടായിട്ടും വിശ്വാസികള്‍ സംയമനം പാലിച്ചാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.
കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് പിണറായിയുടെ കോലം കത്തിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കേരളാ ഹൗസിലേക്ക് ഏറുണ്ടായെന്നാരോപിച്ച് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ നിരപരാധിയായ വിശ്വാസിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് വിട്ടയച്ചു. ഇതിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തിരക്ക് കൂട്ടി. ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റ് വിശ്വാസികള്‍ക്കെതിരെയും അസഭ്യവര്‍ഷം ഉതിര്‍ത്ത് കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതോടെ പോലീസ് ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകരെ നീക്കിയത്. പ്രകോപനം പരിധി കടന്നതോടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അടികിട്ടുകയും ചെയ്തു. ഒടുവില്‍ നേതാക്കള്‍ ഇടപെട്ട് മറ്റുള്ളവരെ പിന്തരിപ്പിക്കുകയായിരുന്നു. ന്യൂസ് 18 ക്യാമറാമാന് ധനേഷ്, റിപ്പോര്‍ട്ടര്‍ ഉണ്ണിക്കൃഷ്ണന്, മാതൃഭൂമി ന്യൂസ് ക്യാമറാമാന് എ.വി. മുകേഷ്, റിപ്പോര്‍ട്ടര്‍മാരായ ബല്‍റാം, അരുണ്‍, ന്യൂസ് 24 ക്യാമറാമാന് അരുണ്‍, റിപ്പോര്‍ട്ടര്‍ സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. മാധ്യമപ്രവര്‍ത്തകരും വിശ്വാസികളും പാര്‍ലമെന്റ് സ്റ്റേഷനില്‍ പരാതി നല്കി. രാജ്യതലസ്ഥാനത്ത് വലിയ സംഘര്‍ഷമുണ്ടാക്കാനാണ് ഇടത് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് വിശ്വാസികള്‍ പറഞ്ഞു.ന്യൂസ് 18, 24 ന്യൂസ്, മാതൃഭൂമി എന്നിവയുടെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. സാധാരണയുള്ള പ്രതിഷേധ പരിപാടികള്‍ കവര്‍ ചെയ്യുന്നതിന് ഒരു റിപ്പോര്‍ട്ടറെ മാത്രമാണ് ചാനലുകള്‍ നിയോഗിക്കുന്നത്. പ്രശ്നമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇടത് മാധ്യമപ്രവര്‍ത്തകര്‍ ഡ്യൂട്ടിയില്ലാതെ എത്തിയതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post