സർക്കാരിന്റേത് വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള ശ്രമം: കെ.സുരേന്ദ്രൻ

  തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി കൊണ്ടുള്ള മന്ത്രിസഭയുടെ തീരുമാനം പ്രവാസികളോടുള്ള കടുത്ത ക്രൂരതയാണെന്ന്‌ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

  കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലും വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അംഗീകരിക്കാനാകില്ല. വിദേശ രാജ്യങ്ങളിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രിക്കുൾപ്പടെ എല്ലാവർക്കും അറിയുന്നതാണ്. അവിടെ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പരിശോധന നടത്താനാകില്ല. എംബസികളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും പ്രായോഗികമല്ല. അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് കാലതാമസം വരും. കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്ന മലയാളികളുടെ യാത്ര മുടക്കാനേ ഈ തീരുമാനം ഉപകരിക്കു, സുരേന്ദ്രൻ പറഞ്ഞു.

  മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം നിർദ്ദേശം മുന്നോട്ടു വച്ചിട്ടില്ലാത്തതിനാൽ അവിടങ്ങളിലേക്ക് വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള വിമാനങ്ങൾ യാത്ര ചെയ്യും. കേരളത്തിലേക്കുള്ളവ വൈകിക്കാനോ റദ്ദാക്കപ്പെടാനോ ഉള്ള സാധ്യതയാണുള്ളത്. പ്രവാസികളാണ് കേരളത്തിൻ്റെ നട്ടെല്ല് എന്ന് ഇതുവരെ പറഞ്ഞിരുന്നവരാണിപ്പോൾ അവരെ നികൃഷ്ട ജീവികളായി കണക്കാക്കുന്നത്. എല്ലാ പ്രവാസികളും രോഗ വാഹകരും മരണത്തിൻ്റെ വ്യാപാരികളുമാണെന്ന പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും പ്രചരണം അപലപനീയമാണ്.

  കേരളത്തിലേക്ക് എത്ര പേർ വന്നാലും സ്വീകരിക്കാൻ തയ്യാറെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും ഹൈക്കോടതിയിൽ വരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കോവിഡ് പ്രതിരോധ കാര്യത്തിൽ പിണറായി വിജയൻ സർക്കാർ പൂർണ്ണ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പ്രവാസികളെ വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരാൻ വിമാനത്തിൽ കയറ്റണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിൻവലിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.


  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21