ലൗ ജിഹാദ് ആവര്‍ത്തിച്ച് കെസിബിസി; കൂലിക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ തീവ്രവാദികളുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നുവെന്ന് ജേക്കബ് ജോബ് ഐപിഎസ്

    കൊച്ചി: പ്രണയത്തിലൂടെ പെണ്‍കുട്ടികളെ മതംമാറ്റുകയും ഭീകര സംഘടനകളിലെത്തിക്കുകയും ചെയ്യുന്ന ലൗ ജിഹാദിനെതിരെ വീണ്ടും കത്തോലിക്കാ സഭ. പോലീസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ലൗ ജിഹാദ് എന്ന് ഒരിടത്തും കാണാനാവില്ലെങ്കിലും ഇസ്ലാമിക ഗ്രൂപ്പുകള്‍ സംഘടിതമായി ഇത്തരം ജിഹാദ് നടപ്പാക്കുന്നതായി കെസിബിസി വിജിലന്റ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന ജാഗ്രത ന്യൂസില്‍ വ്യക്തമാക്കി. റിട്ട.ഐപിഎസ് ഉദ്യോഗസ്ഥന്‍ ജോക്കബ് ജോബാണ് ലേഖനം എഴുതിയിരിക്കുന്നത്.

    തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പരാമര്‍ശമുണ്ടാകുമ്പോള്‍ ഇത് തമസ്‌കരിക്കാനോ അവരുടെ വക്താക്കളായി പ്രവര്‍ത്തിക്കാനോ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് മാധ്യമ ധര്‍മ്മത്തിന് വിരുദ്ധമാണ്. ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ കൂലിക്കെടുക്കപ്പെട്ടവരാണെന്ന് ആരോപണമുയര്‍ന്നാല്‍ തെറ്റുപറയാന്‍ കഴിയില്ല.

    കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നാല്‍പ്പത്തയ്യായിരത്തോളം സ്ത്രീകളെ കേരളത്തില്‍ കാണാതായ സംഭവമുണ്ട്. ഇതില്‍ 875ഓളം പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സ്ത്രീകള്‍ എവിടെപ്പോയി?. ഇത് കണ്ടെത്തിയാല്‍ മാത്രമേ അവര്‍ നിര്‍ബന്ധിതമായി മതംമാറ്റത്തിന് വിധേയരായിട്ടുണ്ടോ, തീവ്രവാദ ഗ്രൂപ്പുകളില്‍ ചെന്നെത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാവു. ഇത്തരം കേസുകളുടെ തുടരന്വേഷണം പലപ്പോഴും നടക്കുന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിം തീവ്രവാദികള്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നതായി കത്തോലിക്കാ സഭ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഐഎസ്സിലേക്ക് പോയ മലയാളികളില്‍ നിരവധി ക്രിസത്യന്‍ പെണ്‍കുട്ടികളും യുവാക്കളുമുണ്ട്.