ഷാമ്പൂവിൽ ക്യാൻസറുണ്ടാക്കുന്ന രാസവസ്തുക്കൾ; വിൽപന നിർത്തിവയ്ക്കാൻ ഉത്തരവ്

    Representative Image

    ന്യൂഡൽഹി : ഷാമ്പൂവിൽ ക്യാൻസറുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ജോൺസൺ ആന്റ് ജോൺസൺ ബേബി ഷാംപൂവിന്റെ വിൽപ്പന നിർത്തിവയ്ക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് . സ്റ്റോക്കുകൾ പിൻവലിക്കാനും കമ്മീഷൻ ഉത്തരവ് നൽകിയിട്ടുണ്ട്.

    ക്യാൻസറിനു കാരണമാകുന്ന ഫോർമർ ഡീ ഹൈഡ് എന്ന രാസവസ്തുവാണ് ഷാമ്പുവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിനും ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. മാരകമായ ഈ പദാർത്ഥം ജോൺസൺ ആന്റ് ജോൺസൺ ബേബി ഷാംപൂവിൽ ഉള്ളതായി രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു .

    കഴിഞ്ഞ വർഷം ജോൺസൺ ആന്റ് ജോൺസന്റെ ടാൽക്കം പൗഡർ ഉപയോഗിച്ച 22 സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് സെന്റ് ലൂയീസ് ജൂറി കമ്പനിക്ക് 32000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു .ആസ്ബറ്റോസ് കലർന്ന പൗഡർ ഉപയോഗിച്ചതിനെ തുടർന്നാണ് ഇവർക്ക് അർബുദം വന്നതെന്ന് വ്യക്തമായിരുന്നു . അസുഖം വന്ന 22 പേരിൽ 6 പേർ മരണപ്പെട്ടു .

    പൗഡറിന്റെ വർഷങ്ങൾ നീണ്ട ഉപയോഗം മെസോതെലിയോമ എന്ന ക്യാൻസറിനിടയാക്കിയ ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫൻ ലാൻസോ എന്നയാൾക്ക് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാനും ന്യൂ ജേഴ്സി കോടതി വിധിച്ചിരുന്നു .