ശ്രീറാം വെങ്കട്ടറാമിന് നേരെ സംഘടിത മാധ്യമ ആക്രമണമോ? കൈയടി നേടാൻ മുഖ്യനും നേതാക്കളും

  ശ്രീറാം വെങ്കട്ടറാം: സംഘടിത മാധ്യമ ആക്രമണം; കൈയടി നേടാൻ മുഖ്യനും നേതാക്കളും

  യുവ മാധ്യമ പ്രവര്‍ത്തകന്‍ അപകടത്തിൽപ്പെട്ട് മരിച്ച് രണ്ടു നാളുകൾ കഴിഞ്ഞിരിക്കുന്നു. ഇത്തരം അപകടങ്ങളിൽ സംസ്ഥാനത്ത് ദിവസേന നൂറുകണക്കിന് പേരാണ് മരിക്കുന്നത്. പക്ഷെ ഇവിടെ മരിച്ചിരിക്കുന്നത് ഒരു മാധ്യമപ്രവർത്തകനാണ്, അപകടം സംഭവിച്ചിരിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ഗുരുതരമായ തെറ്റ് കാരണമാണ്.

  ജനങ്ങളെ സേവിക്കാൻ നിയോഗിക്കപ്പെട്ട ഒരു സിവിൽ സർവീസ്കാരന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത തെറ്റ്, പക്ഷെ ആഘോഷിക്കാൻ വാർത്തകൾ തേടി നടക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒരവസരമായാണ് സംഭവത്തെ കണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ (ഒരു പരിധിവരെ ഉദ്യോഗസ്ഥ തലത്തിൽ കേസ് ഒതുക്കിത്തീർക്കുന്നതിനെ ഇത് പ്രതിരോധിച്ചുവെന്നത് സത്യമെങ്കിലും). അതിലും കൗതുകമായത് മുഖ്യനടക്കമുള്ള കേരളത്തിലെ ഇടത് നേതാക്കളുടെ പ്രതികരണങ്ങളാണ്.

  കമ്മ്യൂണിസ്റ് പാർട്ടിയെ അധഃപതനം തുറന്നു കാട്ടുന്ന എത്രയോ സംഭവങ്ങൾ ചുരുങ്ങിയ കാലയളവിൽ സംസ്ഥാനത്ത് നടന്നിരിക്കുന്നു. പക്ഷെ ഇതിലൊന്നും പ്രതികരണം അറിയിക്കാൻ ഈ നേതാക്കൾ തയ്യാറായില്ല എന്നതാണ് സത്യം. പക്ഷെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലകൊണ്ട ഒരു ഐ.എ.എസ് ഓഫീസർക്ക് സംഭവിച്ച വീഴ്ച ആഘാഷിക്കാനായി ലവലേശം ലജ്ജയില്ലാതെ പ്രതികരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് നേതാക്കൾ.

  ഒരേ കൊടി പിടിച്ചവന്റെ മുഖത്തിനു 51 വെട്ടു സമ്മാനിച്ചും, വെറും അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഒട്ടനവധി പേരെ വെട്ടിക്കൊന്ന പാർട്ടിയുടെ മുഖ്യമന്ത്രിയുടേതാണ് ആദ്യ പ്രതികരണം. പാർട്ടിയുടെ, പാർട്ടി പ്രവർത്തകരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തെ നിയമങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന മുഖനാണ് നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നും, നിയമം നടപ്പിലാക്കുമെന്നും ഒരുളുപ്പുമില്ലാതെ പറയുന്നത്.

  കുപ്രസിദ്ധമായ ‘വൺ, ടു, ത്രീ’ പ്രസംഗത്തിന്റെ പേരിൽ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന മന്ത്രിയുടേതാണ് അടുത്ത പ്രതികരണം. വൺ, ടു, ത്രീ. ഒരാളെ വെട്ടി കൊന്നു , മറ്റൊരാളെ ഇടിച്ചു കൊന്നു, വീണ്ടുമൊരാളെ കുത്തി കൊന്നു , എന്നിട്ട് ഡാമിലെ ചെമ്പല്ലിക്കു ഇട്ടു കൊടുത്തുവെന്ന് മൈക്ക് കെട്ടി പ്രസംഗിച്ച മന്ത്രി, നിരവധി ഡാമുകൾ ഒറ്റയടിക്ക് തുറന്നുവിടാൻ ഉത്തരവ് നൽകി നൂറുകണക്കിന് നിരപരാധികളെ ഇല്ലാതാക്കിയ മന്ത്രിയാണ് അപകട മരണത്തിന് കാരണക്കാരനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ വിമർശിക്കുന്നത്.

  സൗമ്യനായ ഒരു മാധ്യമപ്രവർത്തകനെയാണ് മാധ്യമലോകത്തിന് നഷ്ടപ്പെട്ടത്. അതേ സമയം അപകടത്തിന് കാരണമായ വ്യക്തി നല്ലൊരു മനുഷ്യനും, ഭരണകര്‍ത്താവുമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ ഭൂതകാലം തെളിയിക്കുന്നുണ്ട്. അപകടം നടന്നതിന് ശേഷം ഇടികൊണ്ട് വീണയാളെ താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വണ്ടി വിളിച്ചതും ഹോസ്പിറ്റലില്‍ വിളിച്ച് പറഞ്ഞതും,പോലീസിനോട് തന്റെ വണ്ടിയാണ് തട്ടിയതെന്ന് പറഞ്ഞതും ശ്രീറാമാണ്. മനപൂര്‍വമല്ലാത്ത നരഹത്യ – അതിന് അദ്ദേഹം അർഹിക്കുന്ന ശിക്ഷ അദ്ദേഹത്തിന് ലഭിക്കണം. അതല്ലാതെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഉൾപ്പെടുത്തി സദാചാരത്തെയും മറ്റും ചേർത്ത് മാധ്യമവിചാരണ ചെയ്യുകയല്ല വേണ്ടത്. സദാചാരത്തെ ഏറെ വിമർശിക്കുന്നവർ മാധ്യമപ്രവർത്തകർ തന്നെയാണെന്ന് വിസ്മരിക്കാൻ സാധിക്കില്ല.

  ശ്രീറാമിന് നേരെ ഇന്ന് നടക്കുന്ന മാധ്യമ ആക്രമണം സംഘടിതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി മണിയുടെ പ്രതികരണങ്ങൾ ആ സംശയത്തിനു ബലം നൽകുന്നു.

  എല്ലായ്പ്പോഴത്തെയും പോലെ ഏതാനും നാളുകൾ കഴിയുമ്പോൾ, ഈ വാർത്തയുടെ ‘വ്യൂവർഷിപ്പ്’ കുറയുമ്പോൾ, കേരളത്തിലെ മാധ്യമങ്ങളിൽ നിന്ന് ശ്രീറാം വെങ്കട് രാമൻ അപ്രത്യക്ഷനാകും, ഒപ്പം ജനങ്ങളുടെ മനസ്സിൽ നിന്നും. ശക്തരായ ആളുകളോട് പിടിച്ചു നിന്ന് ഭൂമാഫിയയോട് പട പൊരുതിയിട്ടുള്ള ആളാണ്‌ ശ്രീറാം. പക്ഷെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച ഈ മുറിപ്പാട് ശ്രീറാം വെങ്കട് രാമനെന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ കുറച്ചൊന്നുമല്ല ബാധിക്കുകയെന്ന് നിശ്ചയമാണ്.