ശരീര-മനസ്സുകളുടെ പുനരുജ്ജീവനത്തിനായി ഒൻപത് നാൾ ഉപവാസം; അനിർവ്വചനീയ അനുഭവമെന്ന് സായിനാഥ് 

  ഭാരതം നവരാത്രിയുടെ നിറവിലാണ്. സർവവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗാ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യമെങ്ങും  വ്രതാനുഷ്ഠാനങ്ങൾ തുടരുമ്പോൾ ഒരുപക്ഷെ കേരളത്തിൽ നവരാത്രി പൂജ വേണ്ടത്ര ആചരിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ബുദ്ധിജീവികൾക്ക് ഈശ്വരഭക്തി ഭൂഷണമല്ലെന്ന അഹന്ത കൊണ്ടോ, അടിമപ്പെട്ട ഭക്ഷണ ശീലങ്ങൾ കൊണ്ടോ അതുമല്ലെങ്കിൽ മറ്റു മതങ്ങളുടെ അതിപ്രഭാവം കൊണ്ടോ വ്രതാനുഷ്ഠാനങ്ങൾ പൊതുവെ കുറവാണ് കേരളത്തിൽ. ആഘോഷങ്ങളാകട്ടെ മദ്യവും മാംസവും യഥേഷ്ടം ഉപയോഗിച്ച് പോരുന്ന ഓണം വിഷു നാളുകളിലും. ഈ പ്രവണത മലബാർ ഭാഗങ്ങളിൽ  കൂടുതലാണ് താനും.

  വ്രതാനുഷ്ഠാനത്തിനായി ഒരു നേരത്തെ ആഹാരം പോലും ഉപേക്ഷിക്കാൻ ഭക്തർ മടി കാണിക്കുന്ന ഈ സാഹചര്യത്തിലാണ്  സർവവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ   ദുർഗ്ഗയെ പ്രീതിപ്പെടുത്തുന്നതിനായി ഒൻപത് ദിവസം നീളുന്ന സമ്പൂർണ ഉപവാസവുമായി സായി നാഥ് എന്ന യുവാവ് ശ്രദ്ധ നേടുന്നത്. ജലം മാത്രം സേവിച്ച് ദേവീ സ്തുതികളുമായി കഴകക്കാരനായി സേവനമനുഷ്ഠിക്കുന്ന ശാസ്താക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങളുമായി നവരാത്രിയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചിരിക്കുകയാണ് ഈ യുവാവ്.

  “ആദ്യനാളുകൾ ചില ബുദ്ധിമുട്ടുകളൊക്കെ അനുഭവപ്പെട്ടിരുന്നു, ചിലപ്പോൾ സേവിച്ച ജലം പോലും പുറത്തേക്ക് വരുമെന്ന തോന്നൽ.” സായി പറയുന്നു. “പക്ഷെ പിന്നീട് ഭക്ഷണത്തെക്കുറിച്ച് ചിന്തകൾ പോലും ഉണ്ടായിട്ടില്ല. ശ്രദ്ധ അറിയാതെ തന്നെ ആ ദേവീ ഭാവത്തിൽ ഉറക്കുകയായിരുന്നു. ലളിതാ സഹസ്രനാമ പാരായണവും കൂടിയായപ്പോൾ ഒരുപക്ഷെ പതിവ് ദിനങ്ങളിൽ അനുഭവപ്പെടാറുണ്ടായിരുന്നതിൽ കൂടുതൽ ഊർജമാണ് ശരീരത്തിനും മനസ്സിനും.” സായി വാക്കുകൾ തുടരുമ്പോൾ ഉള്ളിലെ ചൈതന്യം ആ മുഖത്ത് പ്രതിഫലിക്കുന്നതായി തോന്നി. പൊതുവെ സ്ഥൂലപ്രകൃതനായ ഈ ഇരുപത്തെട്ടു വയസ്സുകാരൻ വ്രതാവസാനം ശരീരത്തിന് ലഘുത്വം തോന്നുന്നതായും സാക്ഷ്യപ്പെടുത്തുന്നു.

  കാഞ്ഞങ്ങാട് ഉണ്ണികൃഷ്ണൻ വാര്യരുടെയും  കാർത്യായനി വാരസ്യായരുടെയും മകനായ സായിക്ക് ദിയയെന്ന പേരിൽ രണ്ടു വയസ്സുകാരിയായ ഒരു മകളുണ്ട്. ശ്രുതി ഭാര്യയാണ്.  ദേവസേവയും പൂജാനുഷ്ഠാനങ്ങളുമായി കഴിയുന്ന കുടുംബത്തിൽ സായിയുടെ സഹോദരനും ഇത്തരത്തിൽ വ്രതമനുഷ്ഠിക്കാറുണ്ട്. ഉദ്യോഗാർത്ഥം വിദേശത്തുള്ള സഹോദരന് പക്ഷെ ഇത്തവണ വ്രതം അവിടെയാണ്. പാരമ്പര്യമായി കൈമാറി വന്ന അവകാശമായ നൈവേദ്യച്ചോറിനായി കാതങ്ങൾ ദൂരെയുള്ള സുബ്രഹ്മണ്യ ക്ഷേത്രം ദിവസവും  സന്ദർശിക്കാറുണ്ട് എഴുപതു കഴിഞ്ഞ  വയസ്സുള്ള സായിയുടെ മുത്തശ്ശി മാധവി വാരസ്യാർ. അല്ലലില്ലാതെ കഴിയാനുള്ള വക ഈശ്വരൻ അവർക്ക് നൽകിയിട്ടുണ്ടെങ്കിലും ദേവന്റെ നൈവേദ്യം അവർക്ക് എല്ലാ സൗഭാഗ്യങ്ങൾക്കും മുകളിലാണ്.

  വ്രതശുദ്ധിയുടെ നാളുകൾ പരിസമാപ്തിയിലേക്ക് നീങ്ങുമ്പോൾ ക്ഷീണിതനല്ല, മറിച്ച് കൂടുതൽ ഊർജ്വസ്വലനാണ് സായി. തിരക്കേറിയ ജീവിതത്തിൽ ശരീരത്തെയും മനസ്സിനെയും ശരീരമനസ്സുകൾക്കപ്പുറത്തെ ആത്മചൈതന്യത്തെയും  സുദൃഢമാക്കാൻ ഏതാനും നാളുകൾ ചിലവഴിക്കുമ്പോൾ അത് ജീവിതത്തിന് സമ്മാനിക്കുന്നത് വാക്കുകൾക്കതീതമായ ധന്യതയാണ്. ഒരുപക്ഷെ ദിവ്യമായ ആ ധന്യതയുടെ പേരാണല്ലോ ദേവിയെന്നത്!

  LEAVE A REPLY

  Please enter your comment!
  Please enter your name here