ശബരിമല, മുത്തലാഖ്: സുപ്രധാന ബില്ലുകൾ ഇന്ന് ലോകസഭയിൽ

    ദൽഹി: രാജ്യം ഉറ്റുനോക്കുന്ന രണ്ടു സുപ്രധാനമായ ബില്ലുകൾ ഇന്ന് ലോകസഭയിൽ. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ കെ പ്രേമചന്ദ്രൻ എം പി യാണ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത്. സ്വകാര്യ ബില്ലുകൾ സാധാരണ നിലയിൽ പാസാകാറില്ലെങ്കിലും ഇതിൽ കേന്ദ്ര മന്ത്രിസഭയുടെ സമീപനം കേരളത്തിൽ ചർച്ചാവിഷയമാകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ . 17 മത് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്വകാര്യ ബില്ലാണിത്.

    മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് അടുത്ത ബില്‍. മുത്താലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്. 17 മത് ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബില്‍.