വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നാലെ നിരക്ക് വർദ്ധനവിനായി ജല അതോറിറ്റിയും

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ വിവിധ കോണിൽ നിന്നും പ്രതിഷേധം ശക്തമാകുമ്പോൾ നിരക്ക് വർദ്ധനവ് കാരണം അധികച്ചിലവ് വരുമെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന ജല അതോറിറ്റിയും. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും ഉയർത്താൻ സാധ്യത തെളിയുകയാണ്.

    വൈദ്യുതി നിരക്ക് ഇനത്തിൽ ചെലവ് വർദ്ധിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അധിക ചെലവ് കണക്കാക്കിയ ശേഷം സർക്കാരിനെ സമീപിക്കാനാണ് ജല അതോറിറ്റിയുടെ തീരുമാനം. നിരക്കുകൾ വർദ്ധിപ്പിക്കുന്നതിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ മത്സരമാണെന്ന ആക്ഷേപവും ശക്തമാണ്.

    2014ലാണ് ഇതിന് മുൻപ് വെള്ളക്കരം വർദ്ധിപ്പിച്ചത്. 15 കിലോ ലിറ്റർ ജലം ഉപയോഗിക്കുന്നവർക്കാണ് അന്ന് നാല് രൂപയിൽ നിന്ന് ആറ് രൂപയാക്കി കൂട്ടിയത്. നിലവിൽ 23 കോടിയിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകുന്നത്. എന്നാൽ വൈദ്യുതി നിരക്കിൽ വർദ്ധനവുണ്ടായതോടെ കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകേണ്ട തുകയും ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നത്.