വിവാഹത്തിലെ പ്രകൃതി വിരുദ്ധത 

  വിവാഹശേഷം അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് ഒരു കുസൃതി തോന്നി – സുഹൃത്തുക്കൾക്കായി കൊണ്ടുവന്ന മദ്യം ഭാര്യയ്‌ക്കൊപ്പം ഒരിത്തിരി രുചിച്ചാലോ എന്ന്. ഭാര്യയ്ക്കും അതിൽ അനിഷ്ടമൊന്നും തോന്നില്ല. മദ്യത്തിന്റെ ലഹരിയിൽ അതിർവരമ്പുകൾ ഇല്ലാതായതോടെ ആ രാത്രി അവർക്ക് കൂടുതൽ ആസ്വാദ്യമായതോടെയാണ് രാത്രിയിലെ മദ്യപാനം ശീലമായി.

  അവധി കഴിഞ്ഞു പ്രവാസി യാത്രയായതോടെ ഭാര്യ വീണ്ടും ഏകാകിയായി. ഒറ്റപ്പെടലിന്റെ വേദനയിൽ മനസ്സിനെ ഒരിത്തിരി സമാശ്വസിപ്പിക്കാനായി ഒരിത്തിരി മദ്യം കിട്ടുമോ എന്നായി ചിന്ത. സുഹൃത്തും ബന്ധുവായ ഒരു റിക്ഷാ ഡ്രൈവറോട് ആഗ്രഹം തമാശയായി പറഞ്ഞപ്പോൾ കളി കാര്യമായി, ഒടുവിൽ ഇടയ്ക്കിടെ മദ്യമെത്തിക്കുക കമ്പനി കൊടുക്കുക എന്ന ജോലികളും ബന്ധുവായ യുവാവ് ഏറ്റെടുത്തു. മദ്യത്തിൽ ബോധം മറന്ന ഒരു രാത്രി ഇരുവരും ശരീരവും പങ്കുവച്ചതോടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയും!

  കഥയുടെ ബാക്കിഭാഗത്തിലേക്ക് കടക്കുന്നതിന് മുൻപ് വിവാഹമെന്ന സമ്പ്രദായത്തെക്കുറിച്ച് ഒരിത്തിരി പറയാം.

  പ്രകൃതിയുടെ നിലനിൽപ്പിനാധാരമായ ഏറ്റവും പ്രധാനപ്പെട്ട ഭാവങ്ങളിലൊന്നാണ് ലൈംഗികത എന്നത്. സ്ത്രീ – പുരുഷ ലിംഗങ്ങൾ സ്ഥിതി ചെയ്യുന്നതും ഇണ ചേർന്ന് സന്തതി പരമ്പരകൾ ഉണ്ടാക്കുക എന്നത് പ്രകൃതിയുടെ ആവശ്യമാണ്. വിശേഷബുദ്ധിയുള്ള മനുഷ്യന്‍ തങ്ങളുടെ ലൈംഗികതക്ക്‌ വ്യവസ്ഥാപിതമായ രൂപഭാവങ്ങള്‍ നല്‍കിയതോടെയാണ് അത് വിവാഹമെന്ന സമ്പ്രദായത്തിലേക്ക് മാറിയത്.

  വിവിധ സമുദായങ്ങൾ സാമൂഹികമായ ഘടകങ്ങൾ പരിഗണിച്ച് വിവാഹത്തെക്കുറിച്ച് അവരവരുടേതായ ചിട്ടവട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ബഹുഭാര്യാത്വം, ഏകപത്നീ വ്രതം അങ്ങനെ തുടങ്ങി ഒട്ടേറെ ഭർത്താക്കന്മാർ എന്ന ചിട്ടവരെ പലയിടത്തും നിലനിൽക്കുന്നുണ്ട്. സമൂഹത്തിൽ ലൈംഗികമായ അച്ചടക്കം കൊണ്ടുവരിക എന്നതാണ് ഉദ്ദേശം. പക്ഷെ അടിസ്ഥാനപരമായി മൃഗവർഗ്ഗത്തിൽ പെടുന്ന മനുഷ്യരിൽ പക്ഷെ കെട്ടുപാടുകളില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ത്വര അവശേഷിക്കുന്നു എന്നതാണ് സത്യം.

  രാഷ്ട്രം, മതം, ജാതി, ഉപജാതികൾ എന്നിവ മുന്നോട്ട് വയ്ക്കുന്ന നിയമങ്ങൾ കൊണ്ട് മെരുക്കിയെടുക്കപ്പെടുന്ന മൃഗമാണ് മനുഷ്യൻ. പലപ്പോഴും പക്ഷേ എത്രയൊക്കെ അടക്കിയായും  സഹജാവബോധം പലപ്പോഴും മറനീക്കി പുറത്ത് വരുന്നത് കാണാം. കോപാകുലനാകുമ്പോൾ അറിയാതെ മറ്റൊരാളെ ആക്രമിച്ച് വധിക്കാനുള്ള ത്വര പോലും ഇതിൽപ്പെടുന്നു.  പരപുരുഷ/പരസ്ത്രീ ഗമനവും ഇതിൽപ്പെടുന്നത് തന്നെ. പക്ഷെ വിവാഹശേഷം എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളോട് തോന്നുന്ന വികാരം പാപമായി മതങ്ങൾ പഠിപ്പിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ലൈംഗിക അടിച്ചമർത്തലിലേക്കാണ് അത് നയിക്കുന്നത്. അത്തരത്തിലുള്ള അടിച്ചമർത്തലുകൾ ഒത്തിരി നേരിടുന്ന ഒരു സമൂഹമാണ് നമ്മുടേത്. പ്രണയം പോലും തെറ്റാണെന്ന് പഠിപ്പിക്കുന്ന ഒരു സംസ്കാരം, പക്ഷെ മഹത്തായ പ്രണയ കഥകൾ ലോകത്തിന് നൽകിയിട്ടുണ്ടെന്നത് മറ്റൊരു സത്യം. ഒരുപക്ഷെ വർദ്ധിച്ച ബലാൽസംഗക്കേസുകളുടെ എണ്ണവും ഇതേ അടിച്ചമർത്തലിന്റെ സൂചനയാണ്.

  യാഥാസ്ഥിതിക മനസ്സുകളെ മുറിവേൽപ്പിക്കുമെങ്കിലും പറയാതെ വയ്യ, ഒരുപക്ഷെ ഇന്നുള്ളതിലും കൂടുതൽ വിവാഹേതര ബന്ധങ്ങൾ പഴയ കാലത്തുണ്ടായിരുന്നതായി പൂർവികരോട് അന്വേഷിച്ചാലറിയാം. മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് അതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ലെന്ന് മാത്രം. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം ബന്ധങ്ങളെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. സാമൂഹിക മാധ്യമങ്ങൾ പ്രചുരപ്രചാരം നേടിയതോടെ സ്ത്രീപുരുഷന്മാർ പരസ്പരം ബന്ധപ്പെടാനുള്ള മികച്ച സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. സാമൂഹിക ചുറ്റുപാടുകൾ മാറിയതോടെ പരസ്പരം കാണാനും ഇടപഴകാനുമുള്ള സാധ്യതകളും വർദ്ധിച്ചിരിക്കുന്നു.

  വിവിധ മതങ്ങളിൽ സ്ത്രീകൾ പൊതുസമൂഹത്തിൽ ഇടപഴകുന്നതിനെ വിലക്കിയിട്ടുണ്ട്. അതിന് പ്രധാന കാരണമായി പറയുന്ന കാരണം വരും തലമുറയെ നന്നായി വളർത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം അവരിൽ നിക്ഷിപ്തമാണ് എന്നതാണ്. പറയപ്പെടാത്ത ഒരു കാരണം സ്ത്രീയുടെ ചഞ്ചലമായ മനസ്സ്! ഇത് സ്ത്രീകളുടെ കുറ്റമായല്ല, പക്ഷെ പ്രകൃതി നൽകിയിരിക്കുന്ന വിശേഷ ഗുണമായാണ് ഇവിടെ പറയുന്നത്. മറ്റുള്ളതിനോട് എളുപ്പത്തിൽ തോന്നുന്ന മതി മോഹം കൂടുതൽ സന്തതി പരമ്പരകൾ ഉണ്ടാകുവാനുള്ള  പ്രകൃതിയുടെ വിദ്യയാണ്, സ്ത്രീയുടെയോ പുരുഷന്റെയോ തെറ്റല്ല. ദാമ്പത്യ ബന്ധത്തിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ സാമൂഹത്തിന്റെ താളം തെറ്റിച്ചേക്കാം എന്നത് കൊണ്ട് തന്നെ സ്ത്രീകളെ പൊതുസമൂഹത്തിൽ യഥേഷ്ടം വ്യവഹരിക്കുവാൻ അനുവദിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. ഇസ്ലാം മതത്തിൽ ശരീരം മൂടുന്ന വസ്ത്രം ധരിക്കുന്നതും ഇതേ കാരണമാണ്. അപരിഷ്കൃതമെന്ന് നമുക്ക് തോന്നുമെങ്കിലും ഈ നിയന്ത്രണങ്ങൾ ഒരർത്ഥത്തിൽ സമൂഹത്തിലെ ആരോഗ്യകരമായ നിലനിൽപ്പിന് തന്നെ പ്രധാനമാണെന്ന് വേണം കരുതാൻ. പക്ഷെ മാറിയ വ്യവസ്ഥിതിയിൽ ഈ പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

  വിവാഹേതര ബന്ധങ്ങൾ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി നിൽക്കുന്നുണ്ട്.  പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മിക്കരാജ്യങ്ങളിലുമെന്ന പോലെ ഇന്ന് ഭാരതത്തിലും കുറ്റമല്ല. ഇത്  തികച്ചും പ്രകൃതി സഹജമാണ് എന്ന കാരണമാണ് കോടതി ചൂണ്ടികാട്ടിയിരിക്കുന്നത്. ഒപ്പം വിവാഹം ചെയ്യാതെ തന്നെ ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് രാജ്യത്തെ ഉന്നത നീതിന്യായ കോടതി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ കാര്യങ്ങളൊക്കെ കുറ്റകരമായി കാണുന്നത് മതങ്ങൾ മാത്രമാണ്. ഒരർത്ഥത്തിൽ രാജ്യത്തെ മതങ്ങളും നീതിന്യായവ്യവസ്ഥിതിയും തമ്മിൽ ഗുരുതരമായ ഒരു ഭിന്നത നിലനിൽക്കുന്നു. മതത്തിന്, അത് ഹിന്ദുവാകട്ടെ, ഇസ്‌ലാമാകട്ടെ, കൃസ്ത്യനാകട്ടെ, അവരവരുടേതായ ലിഖിതവും അലിഖിതവുമായ നിയമങ്ങളുണ്ട്, ചിട്ടവട്ടങ്ങളുണ്ട്. മതത്തിൽ ശക്തമായി വിശ്വസിക്കുന്നയാളിന് അതാത് മതം അനുശാസിക്കുന്ന നിയമങ്ങളാണ് പ്രധാനം. ഈ സാഹചര്യത്തിൽ മതമാണോ, ഭരണ ഘടനയാണോ അതോ പ്രകൃതിയുടെ മാറ്റങ്ങൾക്കതീതമായ നിയമമാണോ ഒരു വ്യക്തിക്ക് അഭികാമ്യം? പ്രകൃതിയുടേതെന്ന ഉത്തരമാണ് ശാശ്വതം, കാരണം മറ്റുള്ളവ ആപേക്ഷികമാണ്.

  വിവാഹം പ്രകൃതി വിരുദ്ധമാണ്. വസ്ത്രധാരണം പ്രകൃതി വിരുദ്ധമാണ്. വിവാഹേതരബന്ധങ്ങൾക്കായുള്ള ലോകമെങ്ങുമുള്ള സമരം വിജയത്തിലാണ് കലാശിച്ചത്. വസ്ത്രം ധരിക്കാതിരിക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവുമൊടുവിൽ വെറുമൊരു മൃഗമായിത്തന്നെ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമാകണം വരും തലമുറകൾ ആവശ്യപ്പെടുന്നത്. ശരിതെറ്റുകൾ, പാപ പുണ്യങ്ങൾ ഒന്നും തന്നെ ബാധിക്കാത്ത, പ്രകൃതിയുടെ താളത്തെ അതേപടി പിന്തുടരുന്ന ഒരു സമൂഹം – ഇത് ഭീതിയാണോ സന്തോഷമാണോ ഉളവാക്കുന്നത്? പക്ഷെ ആത്യന്തികമായ ശരി എന്താണ്?

  വിശാലമായ ലോകത്തിലെ ഒരു ചെറിയ രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനത്തെ ഒരു ചെറു ജില്ലയിലെ ഒരു കുഞ്ഞു ഗ്രാമത്തിലേക്ക് മടങ്ങി വരാം. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാടിനെയും ഭാര്യയേയും ഒത്തിരി സ്നേഹിച്ച ആ മനുഷ്യൻ തിരിച്ചു വന്നപ്പോൾ ചോരനീരാക്കി ഉണ്ടാക്കിയ വീടോ, മാസാമാസം അയച്ചു കൊടുത്ത തുകയോ അദ്ദേഹത്തിന്റേതായിരുന്നില്ല. പ്രവാസകാലത്ത് നാട്ടിൽ അദ്ദേഹത്തിൻറെ കുറവ് നികത്തിയ ഓട്ടോക്കാരൻ അങ്ങനെത്തന്നെ തുടർന്നു. പട്ടണത്തിലെ ബസ്സ്റ്റാന്റിൽ മനോനില തെറ്റിയ അയാളെ പിന്നീടും നാട്ടുകാർ കണ്ടു, ഒടുവിൽ തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിക്കണ്ട ശരീരവും അയാളുടെ തന്നെയായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here