വിഭജനത്തിന്റെ പുതിയ മതില്‍

  ലോകാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്‍മതില്‍. ബിസ്മാര്‍ക്ക് ഒന്നിപ്പിച്ച ജര്‍മ്മനിയെ രണ്ടായി പകുത്തുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബര്‍ലിന്‍ മതില്‍ ഉയര്‍ന്നുവന്നത്. അതിനുശേഷം ധാരാളം ജലം ഗംഗയിലൂടെയും നിളാ നദിയിലൂടെയും ഒഴുകി. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിലെ ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ മാനസികമായി വിഭജിച്ചുകൊണ്ട് ഒരു മതില്‍ പണിതുയര്‍ത്താനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റും. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ തകര്‍ന്നു വീണതോടെ ഇന്ത്യയിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരുടേയും അഭയകേന്ദ്രമായി കേരളം മാറി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാരുകള്‍ മാറിമാറി വരുന്ന കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം കൂടി അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും അതിന്റെ വക്താക്കള്‍ക്കും അധികാരം ജീവവായുവാണ്.
  അതു നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാനും എത്ര ഗുരുതരമായ ശസ്ത്രക്രിയ ചെയ്യാനും പാര്‍ട്ടി നേതൃത്വം തയ്യാറാകും.
  ഇഎംഎസ്സിന്റെ മരണത്തോടെ പാര്‍ട്ടി നിലപാടുകളെ കാലാനുസൃതമായി വ്യാഖ്യാനിക്കാനോ തെരഞ്ഞെടുപ്പുകളില്‍ അത് തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്താനോ കഴിയുന്ന ഒരു നേതൃത്വം സിപിഎമ്മിനു നഷ്ടമായി. ഏ.കെ.ഗോപാല നെപ്പോലെ അടിസ്ഥാനവര്‍ഗം അംഗീകരിക്കുന്ന ഒരു നേതാവ് പാര്‍ട്ടിക്കില്ലാതായിട്ട് നാളുകളേറയായി. പുതിയ ഒരു മുതലാളിവര്‍ഗം പാര്‍ട്ടി നേതൃത്വം കൈയടക്കിയതോടെ ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കു മുന്നോട്ടു പോകാന്‍ കഴിയാതെയായി. അതോടുകൂടി മാക്‌സിനെ കൈവിട്ട മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇവിടെ ഉപേക്ഷിച്ചു പോയ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ ആദ്യത്തെ കാല്‍വെയ്പ്പാണ് കേരള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സംഘടിപ്പിക്കുന്ന നവോത്ഥാന മതില്‍
  ഇന്നും ഇടതുപക്ഷ ആശയങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ ഉത്പന്നം വിറ്റഴിക്കാന്‍ പുതിയ പേരും പുതിയ മുദ്രാവാക്യങ്ങളും ആവശ്യമാണന്നാണ് പാര്‍ട്ടിക്കു നേതൃത്വം നല്കുന്ന നവലിബറല്‍ ആശയം സമ്പന്നരാക്കിയ പാര്‍ട്ടി മുതലാളിമാര്‍ക്കറിയാം. ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നു വീണതോടെ പഴയ മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കിയ പാര്‍ട്ടിയുടെ മാര്‍ക്കറ്റിങ്ങ് മാനേജര്‍മാര്‍ വിഭജന വിഷം സമര്‍ത്ഥമായി ഒളിച്ചുവച്ച് പാക്ക് ചെയ്ത പുതിയ ഉത്്പന്നത്തിന്റെ ആകര്‍ഷണീയമായ പേരാണ് നവോത്ഥാന മതില്‍.
  ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് സിപിഎമ്മിനെ ബുദ്ധിമുട്ടിലാക്കിയത്. ലോകത്തിലേറ്റവും അധികം തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് കേരളത്തിലെ ശബരിമല ക്ഷേത്രം. 3.30 കോടി ജനസംഖ്യയുള്ള ഈ കൊച്ച് സംസ്ഥാനത്ത് പ്രതിവര്‍ഷം 4.25 കോടി തീര്‍ത്ഥാടകരാണ് ശബരിമല ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ചാണ് 1528 ക്ഷേത്രങ്ങളും അയ്യായിരത്തിലധികം വരുന്ന ജീവനക്കാരും നിലനില്‍ക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ 70000 കോടി രൂപയാണ് ഓരോ തീര്‍ത്ഥാടന കാലത്തും കേരളത്തില്‍ ചെലവഴിക്കപ്പെടുന്നത്.
  41 ദിവസത്തെ വൃതം അനുഷ്ഠിച്ചുവേണം ശബരിമല ക്ഷേത്ര ദര്‍ശനമെന്നാ ണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. നിബിഡവനത്തില്‍ 18 മലകള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ ക്ഷേത്രത്തില്‍ അതിനാല്‍ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളുടെ പ്രവേശനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ നടന്നുവന്ന കേസിലുണ്ടായ വിധി തുല്യത യുടെ അടിസ്ഥാനത്തില്‍ ഈ വിഭജനം ശരിയല്ലെന്നാണ്.
  ഇന്ത്യന്‍ ഭരണഘടയിലെ ആര്‍ട്ടികള്‍ 15 അനുസരിച്ച് വിധി പറഞ്ഞ ഡിവിഷന്‍ ബഞ്ചിലെ ഏകവനിതയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയുമായി വിയോജിച്ചു. സുപ്രീം കോടതി വിധി പുറത്തു വന്നതോടെ സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനും അതിനു താത്പര്യമുള്ളമുള്ളവരെ കണ്ടെത്തി ആചാരലംഘനം നടത്താനുമുള്ള ഒരു ഗൂഡനീക്കം സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടായി. എന്നാല്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും മുറുകെ പിടിക്കുന്ന കേരളത്തിലെ ഈശ്വരവിശ്വാസികളായ സ്ത്രീകള്‍ ഈ നീക്കത്തിനെതിരെ രംഗത്തു വന്നു. പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മഹാഭൂരിപക്ഷം ഹൈന്ദവരും യുവതീ പ്രവേശനത്തെ എതിര്‍ത്ത് രംഗത്തിറങ്ങി. മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ ആദിവാസികളും പട്ടികജാതിക്കാരും അടക്കമുള്ള ഹൈന്ദവരിലെ ഭൂരിപക്ഷവും സമര പ്രഖ്യാപനവുമായി തെരുവിലിറങ്ങി.
  ക്ഷേത്ര പ്രവേശനത്തിനായി പോലീസ് അകമ്പടിയോടെ വന്ന ചില സ്ത്രീകള്‍ എരിതീയില്‍ എണ്ണ പകര്‍ന്നു. കടുത്ത നിരീശ്വരവാദിയും ആക്ടിവിസ്റ്റുമായ രഹ്നാ ഫാത്തിമയാണ് അവരില്‍ പ്രധാനി. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ അര്‍പ്പിക്കാനുള്ള പൂജാവസ്തുക്കള്‍ കൊണ്ടുവരുന്നത് ഇരുമുടിക്കെട്ടിലാണ്. കര്‍പ്പൂരം ചന്ദനത്തിരി അയ്യപ്പനെ അഭിഷേകം ചെയ്യാനുള്ള നെയ്യ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇരുമുടി പരമപവിത്രമായിട്ടാണ് ഹിന്ദുക്കള്‍ കരുതുന്നത്. ഇരുമുടിയുമായിട്ടു മാത്രമെ പതിനെട്ടാം പടിചവുട്ടാന്‍ അനുവദിക്കുകയുള്ളു. എന്നാല്‍ രഹ്നാ ഫാത്തിമയുടെ ഇരുമുടിയിലുണ്ടായിരുന്നത് സാനിറ്ററി നാപ്കിനുകളായിരുന്നു. പതിനെട്ടാം പടിചവുട്ടാന്‍ വന്ന ആ സ്ത്രീക്ക് ഒരു ഡിഐജിയുടെ നേതൃത്വത്തില്‍ 230 പോലീസുകാര്‍ അകമ്പടി സേവിച്ചു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടിവന്നു. ക്ഷേത്ര ദര്‍ശനത്തിനായി വന്ന മേരി സ്വീറ്റി മാധ്യമ പ്രവര്‍ത്തകയായ സുഹാസിനി രാജ്, ലിബി തുടങ്ങിയവരാരും അയ്യപ്പ വിശ്വാസികളായിരുന്നില്ല. ആചാരം ലംഘിക്കുക, മാധ്യമശ്രദ്ധ നേടുക എന്നതിനപ്പുറം ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നില്ല അവര്‍ ശബരിമലയില്‍ എത്തിയത്. ജീവന്‍ നല്‍കിയും വിശ്വസം സംരക്ഷിക്കും എന്ന നിലപാടില്‍ ഉറച്ചു നിന്ന ആയിരക്കണക്കിനു വിശ്വസികളുടെ എതിര്‍പ്പിനെ മറികടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കോടതി വിധിയുടെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് വനിതകളെ പ്രവേശിപ്പിക്കാമെന്ന ഭരണാധികാരികളുടെ ധാര്‍ഷ്ട്യം വിശ്വാസികള്‍ക്കു മുന്നില്‍ വിലപ്പോയില്ല .
  ശബരിമല ക്ഷേത്രത്തിന്റെ പരിശുദ്ധിയെ മലിനമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിശ്വാസങ്ങളും ജാതി വ്യത്യാസങ്ങളും മാറ്റിവച്ച് ഹിന്ദുക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത് എറ്റവും അധികം ഹിന്ദുക്കളുള്ള സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍ ഹിന്ദുക്കളെ ഭിന്നിപ്പിച്ചു നിര്‍ത്തി തങ്ങളുടെ വീഴ്ചമറക്കാനും തകര്‍ച്ച തടയാനുമാണ് ഹിന്ദു സ്ത്രീകളെ അണിനിരത്തി വനിതാമതില്‍ സൃഷ്ടിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എല്ലാ മതങ്ങളിലും സ്ത്രീകള്‍ക്ക് വിവേചനം നേരിടേണ്ടി വരുമ്പോള്‍ ഹിന്ദുസ്ത്രീകളെ അണിനിരത്തി മനുഷ്യമതിലു സൃഷ്ടിച്ചാല്‍ നവോത്ഥോനം ഉണ്ടാകുമെന്ന ചിന്തയിലെ കുബുദ്ധി തിരിച്ചറിയാന്‍ സാക്ഷര കേരളത്തിനു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല .
  കേരളത്തിന്റെ വടക്കെ അറ്റത്തുള്ള കാസര്‍ ഗോഡു മുതല്‍ തെക്കെ അറ്റത്തുള്ള തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാതയുടെ ഓരത്ത് 2019 ജനുവരി ഒന്നിനാണ് വനിതാ മതിലു നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഒരാള്‍ക്ക് ശരാശരി ഒന്നര അടി സ്ഥലമെടുത്താല്‍ ഈ ദൂരം തോളോട് തോള്‍ചേര്‍ന്ന് നിന്ന് മനുഷ്യമതില്‍ നിര്‍മ്മിക്കാന്‍ 13,56,680 വനിതകളെ അണിനിരത്തേണ്ടി വരും. പ്രളയം ദുര്‍ബലമാക്കിയ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പല മാര്‍ഗങ്ങളിലൂടെ കോടികള്‍ ചെലവഴിച്ച് ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മനുഷ്യമതില്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സര്‍ക്കാര്‍. ഹൈന്ദവ സംഘടനകളുടെ മാത്രം സഹായമാണ് മതിലു നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തേടിയിട്ടുള്ളത്. ശക്തമായ ക്രൈസ്തവ മുസ്ലിം സാന്നിദ്ധ്യമുള്ള കേരളത്തില്‍ അവരെ ഒഴിവാക്കി ഹിന്ദു സ്ത്രീകളെ അണിനിരത്തി നിര്‍മ്മിക്കുന്ന മതിലിന് ഹിന്ദുക്കളെ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു. വിവേചനത്തിന്റെ മതില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഹിമാലയന്‍ വിഡ്ഡിത്തവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കുന്നതുമാ യിരിക്കും. കോൺഗ്രസ്സിനെ തകര്‍ക്കാന്‍ എതു ചെകുത്താനുമായും കൂട്ടുകൂടും എന്നു പണ്ട് പ്രഖ്യാപിച്ച ഇ.എം.എസ്സിന്റെ പിന്‍ഗാമികള്‍ ചെകുത്താന്‍മാരുടെ നേതൃത്വത്തിലാണ് ഇന്ന് മതിലു പണിയുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.