യേശു ക്രിസ്തുവിനെ അവഹേളിച്ചു പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകന്‍ സനൂബ് ശശിധരനെതിരെ പരാതി പ്രവാഹം

    കൊച്ചി: പെസഹ ദിനത്തില്‍ യേശു ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും അവഹേളിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകന്‍ സനൂബ് ശശിധരനെതിരെ പൊലീസ് സൈബര്‍ സെല്ലില്‍  പരാതി പ്രവാഹം. സുപ്രീം കോടതിയിലെ അഭിഭാഷകനായ കോശി ജേക്കബ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കി. കോവിഡ് ഭീതിയില്‍ പള്ളികളില്‍ ആരാധന നിര്‍വഹിക്കാന്‍ കഴിയാത്തിന്‍റെ വേദനയില്‍ കഴിയുന്ന ക്രൈസ്തവ വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. കുരിശിലേറ്റപ്പെട്ട ക്രിസ്തുവിനെ ‘കഴുവേറി’യ എന്നു ബോധപൂര്‍വം അസഭ്യച്ചുവയോടെയാണു സനൂബ് ശശിധരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കഴുവേറാത്തതിനാല്‍ ഇത്തവണ ഉയര്‍ത്തെഴുന്നേൽപ്  ഇല്ലെന്നു ക്രൈസ്തവ വിശ്വാസത്തെയാകെ അടച്ചാക്ഷേപിക്കുകയും ചെയ്തു.

    രോഷാകുലരായ വിശ്വാസികള്‍ സനൂബിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനു കീഴില്‍ രൂക്ഷമായ ഭാഷയില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയതായി അറിഞ്ഞതോടെ സനൂബ് ഫെയ്സ്ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്തു വിശ്വാസികളോടു മാപ്പു പറഞ്ഞു. പക്ഷേ വിവാദ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണു പരാതികളെന്നതിനാല്‍ പൊലീസിനു നടപടിയെടുക്കാതിരിക്കാന്‍ കഴിയില്ല. മാതൃഭൂമി ന്യൂസ് ചാനലിലും മീഡിയ വണ്‍ ചാനലിലും റിപ്പോര്‍ട്ടറായിരുന്ന സനൂബ് രണ്ടിടത്തും നിന്നും തെറ്റിപ്പിരിയുകയായിരുന്നു. അതിനു ശേഷം ന്യൂസ് 18ല്‍ ചേര്‍ന്നെങ്കിലും മൂന്നു മാസത്തിനകം അവരും ഒഴിവാക്കി. അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണം സ്ഥാപനങ്ങളില്‍ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. കൊച്ചിയിലെ ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണു വിവരം.

    വിശ്വാസികളെ അവഹേളിച്ച ശേഷമുള്ള ആത്മാര്‍ഥതയില്ലാത്ത മാപ്പപേക്ഷ അംഗീകരിക്കാനാകില്ലെന്നും മതനിന്ദയും മതസ്പര്‍ധ വളര്‍ത്തലും അടക്കമുള്ള വകുപ്പുകളില്‍ സനൂബിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അഡ്വ. കോശി ജേക്കബ് വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ തയാറാകുന്നില്ലെങ്കില്‍ കോടതിയെയും ന്യൂനപക്ഷ കമ്മിഷനെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.