ന്യൂഡല്‍ഹി: ഡല്‍ഹി കലാപകാലത്തു മതവിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി.ആര്.സുനില്‍, ഡല്‍ഹി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിൽ പരാതി കൊടുത്തു. ഇതേ വാര്‍ത്തയുടെ പേരിലാണു മുന്‍പു ഏഷ്യാനെറ്റിന്റെ സംപ്രേഷണം 48 മണിക്കൂര്‍ വിലക്കിയത്. ഏഷ്യാനെറ്റ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ മാപ്പപേക്ഷ നല്കി സംപ്രേക്ഷണ വിലക്ക് ആറു മണിക്കൂറായി കുറച്ചെങ്കിലും വാര്‍ത്തയിലെ ക്രിമിനല്‍ കുറ്റം നിലനില്‍ക്കുന്നതിനാലാണ് കേസ്. ഡല്‍ഹിയിലെ ബിജെപി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ പുരുഷോത്തമന് പാലയാണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. പരാതിയുടെ കോപ്പി ഇന്‍ഡസ് സ്ക്രോല്ല്സിന്റെ പക്കലുണ്ട്. കലാപം വളര്‍ത്തുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കിയതിനു ഐപിസി 153, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ചതിനു ഐപിസി 153 എ, മതവികാരം ബോധപൂര്‍വം വ്രണപ്പെടുത്തിയതിനു ഐപിസി 295 എ, ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതിനു ഐപിസി 505 വകുപ്പുകളിലാണു കേസ്.
സായുധരായ കലാപകാരികള്‍ ജനങ്ങളുടെ മതം ചോദിച്ചറിഞ്ഞ് ആക്രമിക്കുന്നതായും മുസ്ലിം പള്ളി കത്തിച്ചതായുമുള്ള പി.ആര്.സുനിലിന്റെ റിപ്പോര്‍ട്ട് കലാപം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന കുറ്റം ആരോപിച്ചിട്ടുണ്ട്.
സുനിലിന്റെ റിപ്പോര്‍ട്ടിന്റെ സിഡി പരിശോധിച്ച കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം റിപ്പോര്‍ട്ട് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കു കലാപം വ്യാപിക്കാന്‍ ഇടയാക്കുന്നതാണെന്നു വിലയിരുത്തിയാണ് ചാനലിനു സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
പുരുഷോത്തമന് പാലാ നേരത്തേ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്.കെ.പുരം പൊലീസ് കേസെടുത്തിട്ടുള്ളത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചവര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് വ്യാപകമായി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ട്.