ബ്രാഹ്മണ്യം മറന്ന ബ്രാഹ്മണർ

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒരിത്തിരി മാറി പടർന്നു പന്തലിച്ചു നിൽക്കുന്ന വടവൃക്ഷങ്ങൾക്കിടയിൽ ഒരു പുരാതന ക്ഷേത്രം പ്രഭാതസവാരിയുടെ ലക്ഷ്യസ്ഥാനമാണ്. പുലർകാലത്തെ ആ അരണ്ട വെളിച്ചം, നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ചില്ലകളിലിരുന്ന് പാടുന്ന പക്ഷികൾ, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മുഴങ്ങുന്ന മണിനാദം, ചന്ദനത്തിരിയുടെ സുഗന്ധം – ഒരുപക്ഷെ ഇന്ത്യയിലെ പ്രഭാതങ്ങളുടെ ഏറ്റവും മനോഹരമായ ഓർമകളാണിവ!

അന്നെന്തോ വാർത്തകളുടെ തിരക്കിൽ ഒരു ദിവസത്തിന്റെ താളം മുഴുവൻ നഷ്ടപ്പെട്ടിരുന്നു. പുലർച്ചെ മുതൽ കണ്ണും നട്ടിരുന്ന കമ്പൂട്ടർ സ്‌ക്രീനിൽ നിന്ന് മുഖമുയർത്തി മെല്ലെ പകൽ വെട്ടം കണ്ടപ്പോൾ ക്ഷേത്രത്തിന്റെ നടയടച്ചിട്ടുണ്ടാകുമോ എന്ന വേവലാതി മനസ്സിൽ! ശ്രീകോവിലിനകത്ത് നമ്മളൊക്കെ ധരിച്ചു വച്ചിരിക്കുന്ന ഒരു ദൈവമുണ്ടെന്നോ, അവിടെച്ചെന്ന് ആവശ്യങ്ങളുണർത്തിച്ച് ഒപ്പം നാണയങ്ങൾ കൈക്കൂലി കൊടുത്താൽ ആഗ്രഹനിവൃത്തിയുണ്ടാകുമോ എന്നൊന്നും ധരിച്ചിട്ടില്ല, അങ്ങനെയൊരു ഈശ്വരനിൽ വിശ്വാസവുമില്ല. ആ അന്തരീക്ഷത്തിൽ ഒരൽപം നേരം – പ്രശാന്തതയുടെ അനന്ത വിഹായസ്സുകളിൽ ചിറകടിച്ചുയരുവാൻ, വൃക്ഷലതാദികളുടെ കുളിർമ്മയുള്ള നിശ്വാസങ്ങൾ ഉള്ളിലേക്കാവാഹിക്കുവാൻ, എല്ലാറ്റിലുമുപരി കണ്ണടച്ചിരുന്ന് ഉള്ളിലേക്ക് നോക്കുവാൻ!

ആകെയറിയുന്നതിതാണ്, കണ്ണിന് കണ്ണും കാതിനു കാതുമെന്ന് വേണ്ട പ്രപഞ്ചത്തിന്റെയും സകലകോടി ജീവജാലങ്ങളുടെയും സൃഷ്ടിക്ക് പിന്നിൽ ഒരു മഹാശക്തിയുണ്ട്, അതിൽ അടിയുറച്ച വിശ്വാസം, അത് മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന് ഉപനിഷദ് വാക്യം. ഒപ്പം ആയിരക്കണക്കിന് വർഷങ്ങളായി ഒരു സംസ്കാരം നിലനിന്നു പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാരായ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുള്ള വഴികളും കാട്ടിത്തന്ന, പൂർവികരോടുള്ള അങ്ങേയറ്റത്തെ ബഹുമാനവും. വാസ്തുവിദ്യയിലൂടെ ഒരു പ്രദേശത്തിന് എത്രമാത്രം ചൈതന്യമാണ് അവർ പകർന്നു നൽകിയിരിക്കുന്നത്! അത്തരമൊരിടത്ത് , ഭാവനകൾക്കതീതമായ ആ മഹാശക്തിയെക്കുറിച്ചുള്ള ചിന്തകളുമായി ഏതാനും നിമിഷങ്ങൾ – ഇതിനപ്പുറം മറ്റെന്തു വേണം ഒരു ദിവസത്തിന്റെ ശുഭാരംഭത്തിന്!

ക്ഷേത്രമുറ്റത്തെത്തിയപ്പോഴേക്കും പൂജയ്ക്കുള്ള മണിമുഴങ്ങിത്തുടങ്ങിയിരുന്നു. പ്രദക്ഷിണം വച്ച് അകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും ആരതിത്തട്ടുമായി പൂജാരി പുറത്തേക്കിറങ്ങുന്നതും കണ്ടു. ശ്രീകോവിലിൽ കൊളുത്തിയ വിളക്കുകളുടെ പ്രഭയിൽ മുങ്ങിക്കുളിച്ച് ദേവ വിഗ്രഹം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുമ്പോൾ എവിടെ നിന്നൊക്കെയോ വാതിലുകൾ ഉച്ചത്തിൽ കൊട്ടിയടക്കുന്നു. ക്ഷമാപണമെന്നോണം ഒരിക്കൽ നോക്കി ശ്രീകോവിലിനകത്തേക്ക് കടന്ന പൂജാരി വിളക്കുകൾ തല്ലിക്കെടുത്തുന്നത് കണ്ടു, ഒപ്പം മുഴങ്ങുന്ന ശബ്ദത്തോടെ ശ്രീകോവിലിന്റെ വാതിൽ കൊട്ടിയടക്കുകയും! ഇത്രയുമൊക്കെ സംഭവിച്ചത് പക്ഷെ ഏതാനും നിമിഷങ്ങൾക്കകമായിരുന്നു.

അമ്പലത്തിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ ആ ദൃശ്യങ്ങൾ മനസാക്ഷിയെ പിടിച്ചുലയ്ക്കുകയായിരുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ ഏറ്റവും വലിയ ശാപം പുരോഹിത വർഗ്ഗമാണെന്ന് മുൻപ് ഒരു സന്ന്യാസി വര്യൻ പറഞ്ഞതോർമ്മയുണ്ട്. എത്ര വലിയ സത്യമാണ് അദ്ദേഹം അന്നുപറഞ്ഞത് എന്നോർത്തു പോയി. ഉപനയനം കഴിഞ്ഞിട്ടും വിശിഷ്ടമായ ആ സംസ്കാരത്തിന്റെ ആദ്യാക്ഷരങ്ങൾ പോലും മനസിലാക്കാതെ പോയ ഒരു കൂട്ടം മനുഷ്യർ, ഉരുവിടുന്ന മന്ത്രങ്ങളിലെ ശാസ്ത്ര രഹസ്യങ്ങളുടെ വാച്യാർത്ഥം പോലുമറിയാത്ത നിരക്ഷരർ, നൽകുന്ന പണത്തിന്റെ തൂക്കം നോക്കി ഭഗവദ് പ്രസാദം നൽകുന്ന സ്വാർത്ഥചിത്തർ. ഇതിനപ്പുറം എന്ത് വിശേഷണമാണ് ഈ കൂലിക്കാർക്ക് ചേരുകയെന്നത് അറിയില്ല.

രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിൽ നടക്കുന്നത് ഈശ്വരന്റെ പേരിലുള്ള ശതകോടികൾ വരുന്ന ബിസിനസാണെന്ന് ഏവർക്കുമറിയാം. പണക്കാരൻ, പാവപ്പെട്ടവൻ എന്നുതുടങ്ങി ഉച്ചനീചത്വങ്ങൾ ദൗർഭാഗ്യവശാൽ ഇന്നും ഈ ക്ഷേത്രങ്ങളുടെ ഭാഗമാണ്. എവിടെയാണ് ഇതിനൊരന്ത്യമെന്നറിയില്ല, ഏതെങ്കിലും രീതിയിലുള്ള അന്തരങ്ങൾ മനുഷ്യരാശിയുടെ തുടക്കം മുതൽക്ക് തന്നെയുണ്ടായിരുന്നു, അത് അങ്ങനെത്തന്നെത്തുടർന്നേക്കാം. സമത്വ സുന്ദരമായ ഒരു ലോകം വെറുമൊരു മിഥ്യയാണ്, പക്ഷെ എല്ലാറ്റിനെയും സമമായി വീക്ഷിക്കാനുള്ള കഴിവ് ആർജ്ജിക്കാവുന്നതും! എന്തായാലും ബാഹ്മണവംശത്തിന്റെ ഇന്നത്തെ അധഃപതനത്തിന് കാരണം ദേവപൂജ വെറുമൊരു തൊഴിലാക്കി മാറ്റി എന്ന ഒരൊറ്റ കാരണമാണ്. ജീർണിച്ചു പോയ പ്രൗഢ ഗംഭീരമായ ഇല്ലങ്ങൾ ഇതിനൊരുദാഹരണം മാത്രം!

ഈയടുത്ത കാലത്ത് ഒരു കോളേജിൽ നിന്ന് അവിടെ മുൻപ് ജോലി ചെയ്തിരുന്ന ഒരധ്യാപകനെക്കുറിച്ച് കേട്ടറിഞ്ഞു. അധ്യാപനം കൂടാതെ അടുത്തുള്ള ശാസ്താ ക്ഷേത്രത്തിൽ ശാന്തിയുമുണ്ടായിരുന്നത്രെ അദ്ദേഹത്തിന്. ഊണിന് ഒരു സഹപ്രവർത്തക കൊണ്ടുവന്നിരുന്ന മാട്ടിറച്ചി കാത്തിരുന്ന അദ്ദേഹത്തിന് ഒടുവിൽ സ്വഭാവദൂഷ്യത്തിന്റെ പേരിൽ കോളേജിൽ നിന്ന് പടിയിറങ്ങേണ്ടി വന്നുവെന്നും കേട്ടു. മനുഷ്യൻ ഇന്നതേ കഴിക്കാൻ പാടുള്ളൂ, ഇന്നത് പാടില്ല എന്നൊന്നുമല്ല, ബ്രാഹ്മണൻ അഥവാ പോലീസ് വകുപ്പിലാണെങ്കിൽ നല്ല എരിവും പുളിയുമുള്ള മാംസഭക്ഷണം കഴിക്കണം, ഒരുപക്ഷെ അത് അദ്ദേഹത്തിലെ രാജസികഗുണം കൂട്ടി കൂടുതൽ കാര്യക്ഷമമായി തൊഴിൽ ചെയ്യാൻ സഹായിച്ചേക്കും. പക്ഷെ പൂജാദികളും അധ്യാപനവും തൊഴിലായി സ്വീകരിച്ച ബ്രാഹ്മണൻ സാത്വികഭക്ഷണം ശീലിക്കുന്നതാണ് നന്ന്. അതല്ലെങ്കിൽ ആരോ തന്നെ ഉപദ്രവിച്ചു എന്ന പരിഭവവുമായി വരുന്ന ഭക്തനോട്, ‘വാടാ, നമുക്കതൊന്നു ചോദിച്ചിട്ടു തന്നെ കാര്യം’ എന്ന് പറഞ്ഞേക്കാം, അതല്ലെങ്കിൽ സങ്കടം പറയാൻ വന്ന പെണ്ണിനെ വിശേഷ പൂജയ്ക്കായി കിടപ്പ് മുറിയിലേക്ക് ക്ഷണിച്ചേക്കാം!

ഇതൊക്കെ എഴുതുമ്പോഴും ആരെയൊക്കെയോ വേദനിപ്പിക്കുന്നുണ്ടോ എന്ന തോന്നൽ അലട്ടുന്നുണ്ട്. ഒരുപക്ഷെ ഇതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നത് കുടുംബക്ഷേത്രത്തിലെ ആ സാത്വികനായ ബ്രാഹ്മണശ്രേഷ്ടനായിരിക്കും. ദേവിയുടെ ഉപാസനയ്ക്കായി ജീവിതമുഴിഞ്ഞു വച്ച, ഓരോ പുഷ്പവും സ്വന്തം ഹൃദയത്തിൽ നിന്നോണം സമർപ്പിക്കുന്ന, അപരനോടുള്ള വാക്കുകൾ പോലും മന്ത്രമായി ഉച്ചരിക്കുന്ന തേജസ്വിയായ ഒരു ബ്രാഹ്മണൻ. സ്വഭാവഗുണത്തിൽ അദ്ദേഹത്തോളം വിശിഷ്ടനായ ഒരാളെ ഇതേവരെ കണ്ടിട്ടില്ലെങ്കിലും ‘ശാന്തിക്കാർക്ക് പെണ്ണ് കൊടുക്കില്ല’ എന്ന സ്വന്തം സമുദായത്തിലെ ശാഠ്യമാണ് ഇന്നും അദ്ദേഹത്തെ അവിവാഹിതനായി നിലനിർത്തുന്നത്. ഒരുപക്ഷെ അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിയെ പങ്കാളിയായി ലഭിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം പുണ്യമായിരിക്കും എന്നേ പറയാൻ സാധിക്കുകയുള്ളൂ. അങ്ങനെയുമുണ്ട് ചിലർ നമുക്കിടയിൽ!

അദ്ദേഹം പറഞ്ഞ ഒരു അനുഭവം ഓർമ്മിക്കുന്നു. കീഴ്‌ശാന്തിയായി ജോലി ആരംഭിച്ച കാലം, ഒരിക്കൽ മേൽശാന്തിയുടെ അഭാവത്തിൽ പ്രസാദം നൽകുവാനായി ചെന്നപ്പോൾ ദൂരെനിന്നിരുന്ന മേൽശാന്തി അംഗവിക്ഷേപങ്ങൾ കാട്ടുന്നത് കണ്ടത്രെ. എന്താണെന്ന് ശരിയായി മനസിലാക്കാതെ പ്രസാദം നൽകി മേൽശാന്തിയുടെ അരികിലെത്തി കാരണം തിരക്കിയപ്പോൾ പറഞ്ഞത് ഇതാണ് – ‘ഒരു രൂപ പോലും ദക്ഷിണ തരില്ല, അയാൾക്ക് പ്രസാദം കൊടുക്കേണ്ടെ’ന്നാണ് പറഞ്ഞതെന്ന്! ഒന്നുരണ്ടു പതീറ്റാണ്ടുകൾക്ക് മുൻപ് നിറഞ്ഞ കണ്ണുകളോടെ ഒരു ക്ഷേത്രത്തിൽ നിന്നപ്പോൾ പ്രശ്നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കാൻ വെറും നാലായിരം രൂപ നൽകി വിശിഷ്ടമായ ഒരു രുദ്രാക്ഷം ധരിച്ചാൽ മതിയെന്ന് മറ്റൊരു ബ്രാഹ്‌മണ ശ്രേഷ്ഠൻ! ഒരുപക്ഷെ പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വന്നേക്കാവുന്ന നിസ്സഹായാവസ്ഥയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് ഇത്തരം പുരോഹിതരും അഭിനവ ജ്യോതിഷികളുമാണെന്ന് പറയുന്നതിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.

പരമ്പരകളായി കൈമാറി വന്ന ഒരു സവിശേഷസംസ്കാരമുണ്ട് ബ്രാഹ്മണഗോത്രത്തിൽ ജനിച്ചവർക്ക്, മറഞ്ഞിരിക്കുന്ന ആ സംസ്കാരത്തെ തുടച്ചു മിനുക്കി ബ്രഹ്മജ്ഞാനത്തിനായി സ്വയം പ്രാപ്തനാവുകയാണ് വേണ്ടത്.

ജന്മനാ ജായതേ ശൂദ്രഃ സംസ്കാരാത് ഭവേത് ദ്വിജഃ |
വേദ-പാഠാത് ഭവേത് വിപ്രഃ ബ്രഹ്മ ജാനാതീതി ബ്രാഹ്മണഃ |

എന്ന് പറയുന്നു സ്കന്ദപുരാണം. ബ്രഹ്മജ്ഞാനം, അതൊന്നു മാത്രമേ ഒരുവന് ബ്രാഹ്മണനെന്ന പേരിന് അർഹമാക്കുന്നുള്ളൂ, അതാകട്ടെ ഈ ജീവിതം കൊണ്ട് ആർജ്ജിക്കേണ്ടതാകുന്നു.

മറ്റൊരു പ്രഭാതമാണ്. ക്ഷേത്ര ദർശനം നടത്തിയില്ല, പകരം നാലുപേർക്ക് കഷ്ടിച്ചു ജീവിക്കാവുന്ന വാടകവീട്ടിലെ പൂജാമുറിയിൽ വിളക്കുകൊളുത്തി, ഒരു ചെറിയ ഹോമകുണ്ഡമൊരുക്കി ചുറ്റിലും മൃദുഗന്ധമുള്ള ചന്ദനത്തിരികൾ കത്തിച്ചു വച്ചു. പണ്ടെന്നോ പഠിച്ചു മറന്ന പൂജാമന്ത്രങ്ങൾ ഒരിക്കൽക്കൂടി ഓർത്തെടുത്ത്, ഉള്ളിൽ ജ്വലിച്ചുയരുന്ന അഗ്നിയെ സങ്കൽപ്പിച്ച് ഹോമകുണ്ഡത്തിൽ ദ്രവ്യങ്ങൾ സമർപ്പിക്കുമ്പോൾ ആ അഗ്നിയിൽ ഈ ശരീരവും മനസ്സും സ്വയം സമർപ്പിക്കുകയായിരുന്നു ഞാൻ. മുറ്റത്തെ അത്തിമരത്തിൽ പഴുത്തു കിടക്കുന്ന പഴങ്ങൾ രുചിച്ചും ബഹളം കൂട്ടിയും കുഞ്ഞു പക്ഷികൾ അവരുടെ മറ്റൊരു ദിനമാരംഭിക്കുകയാണ്. കിഴക്കേ സീമയിൽ അരുണകിരണങ്ങൾ പ്രകാശം പരത്തുമ്പോൾ സുന്ദരമായ ഈ ഭൂമിയിലെ മറ്റൊരു പ്രഭാതത്തിന് പ്രപഞ്ചത്തിനോട് നന്ദി പറയാതിരിക്കുന്നതെങ്ങനെ?

ഒന്നെനിക്കറിയാം, ബാഹ്യമായ ഈ അർച്ചനയും മറന്ന് ശരീരമാകുന്ന ഈ ക്ഷേത്രത്തിലെ ദേവചൈതന്യത്തെ സാക്ഷിയാക്കിയുള്ള ആ പവിത്രഹോമം – അത് മാത്രമാണ് ഈ ജീവിതത്തിന്റെ സാഫല്യം! ആ തിരിച്ചറിവിലേക്ക് ഇനിയെത്ര കാലം?!

“അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം।
ഹോതാരം രത്നധാതമം ॥”

LEAVE A REPLY

Please enter your comment!
Please enter your name here