പഠനത്തിൽ മികവിന് കൃപാസനം പത്രമെന്ന് അധ്യാപിക; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്

    പാലക്കാട്: സര്‍ക്കാര്‍ സ്‌കൂളില്‍ കൃപാസനം പത്രവിതരണവും വിശ്വാസക്കച്ചവടവും നടത്തിയ അധ്യാപികയ്ക്കെതിരെ നടപടിയില്ല. ആലപ്പുഴ പട്ടണക്കാട് എസ്.സി.യു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന സംഭവത്തിൽ രക്ഷിതാക്കള്‍ പരാതി നൽകിയെങ്കിലും അധ്യാപികയ്‌ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ മൗനം പാലിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

    അതേസമയം പഠനത്തില്‍ പിന്നാക്കത്തിലായ കുട്ടിക്കു കൃപാസന വിശ്വാസിയായ അധ്യാപിക പത്രം നല്‍കിയതാണെന്നും അവിടെച്ചെന്ന് പ്രാര്‍ഥിച്ചാല്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് ഉപദേശിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നും പി.ടി.എ ഭാരവാഹികള്‍ സമർത്ഥിക്കുന്നു.

    കൃപാസനം പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ വിശ്വസിപ്പിച്ചാണ് ആലപ്പുഴ പട്ടണക്കാട് എസ്.സി.യു ഗവണ്‍മന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തത്. ഹൈസ്‌ക്കൂള്‍ അധ്യാപികയായ ജുസഫിനയുടെ നടപടിക്കെതിരെ രക്ഷിതാക്കളും ഇതര മത വിശ്വാസികളും പരാതി നല്‍കിയതോടെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് അധ്യാപിക.