നെതര്‍ലന്‍ഡ്സിലേക്ക് 40,000 നഴ്‌സുമാരെ വാഗ്ദാനം ചെയ്ത് പിണറായി; പാർട്ടി ഫണ്ടിലേക്ക് സംഭാവന ചോദിക്കരുതേയെന്ന് ട്രോളി സാമൂഹിക മാധ്യമങ്ങൾ

  Image Credits: Pinarayi Vijayan Facebook Page

  നെതര്‍ലന്‍ഡ്സിലേക്ക് 40,000 നഴ്‌സുമാരെ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സാമൂഹിക മാധ്യമങ്ങളും ട്രോളന്മാരും. ചില മാധ്യമങ്ങളുടെ പ്രതികരണങ്ങളായാണ് മിക്ക ട്രോളുകളും. പാർട്ടി ഫണ്ടിലേക്ക് സംഭാവന ചോദിക്കരുതേയെന്നും ഇതിനായി ബക്കറ്റ് പിരിവ് നടത്തരുതേയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

  ഡല്‍ഹി കേരള ഹൗസില്‍ സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ നഴ്‌സുമാരുടെ ക്ഷാമം നേരിടുന്നതായി സ്ഥാനപതി സൂചിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

  എന്നാൽ മാധ്യമ വാർത്തകളിലൂടെ കേരളം ആഘോഷിച്ച യു.എ.ഇയുടെ 700 കോടി ധനസഹായവും, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ‘മണിയടി’യും, അമേരിക്കയിൽ നിന്നും ലഭിച്ച ‘പിഞ്ഞാണ’വും ഓർമിപ്പിച്ചാണ് ട്രോളന്മാർ കസറിയത്.

  കേരളത്തിൽ നഴ്‌സ്മാർ തൊണ്ട കീറി സമരം ചെയ്തപ്പോൾ ഈ ‘ അസാധാരണ ചിന്താ ശക്തി എവിടെയായിരുന്നുവെന്നും ഇതിപ്പോൾ എങ്ങനെയെങ്ങിലും കമ്മീഷൻ അടിക്കാം എന്നുള്ള ചിന്ത ആയിരിക്കും ഈ ‘ഉത്സാഹത്തിനു’ പിന്നിൽ എന്നുമാണ് കമന്റുകൾ. ജോലി കിട്ടാൻ പാർട്ടി സെക്രട്ടറിയുടെ കത്തും സംഭാവനയും വേണ്ടിവരും എന്നും ചിലർ കുറിച്ചു. അത്രയും പേരെങ്കിലും കേരളത്തിൽ നിന്ന് രക്ഷപ്പെടുമല്ലോ എന്നാശ്വസിക്കുന്നവരുമുണ്ട് കമന്റു ചെയ്തവരിൽ.

  ഏതായാലും മുഖ്യമന്ത്രിക്ക് നഴ്സുമാരോടുള്ള സ്നേഹം കാണുമ്പോൾ വേതന വർദ്ധനവിനായുള്ള കോടതി വിധിപോലും കാറ്റിൽ പറത്തിയ പിണറായി സർക്കാരിനോടുള്ള ദേഷ്യം മറച്ചുവയ്ക്കുന്നില്ല പലരും.