നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ നികുതിപ്പണം കൊണ്ട് മുഖ്യന്റെ നവമാധ്യമപ്രവർത്തനം

    പിണറായി വിജയൻ

    തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കെ ഇടത് സർക്കാർ മുഖ്യമന്ത്രിയുടെ നവ മാദ്ധ്യമ ഇടപെടലുകൾക്കായി പൊതു ഖജനാവിൽ നിന്ന് ചിലവാക്കുന്നത് ലക്ഷങ്ങൾ. ഒരുഭാഗത്ത് പ്രളയ പുനരധിവാസത്തിനെന്ന പേരിൽ വിവിധ മാർഗ്ഗങ്ങളിലൂടെ സാമ്പത്തിക നില മിച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോഴാണ് മറ്റൊരു ഭാഗത്ത് ഇത്രയും ദുർവ്യയം.

    ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വെബ് സൈറ്റ് അക്കൗണ്ടുകൾക്കായി ഒരു കോടി പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. മദ്ധ്യകേരളത്തിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ടീം ഉള്ളതിന് പുറമേയാണ് കോടികൾ ചിലവാക്കി സിഡിറ്റിന്റെ കീഴിൽ പുതിയ ടീമിനെ നിയമിച്ച് പണം അനുവദിച്ചത്. നിയമനം പൂർണമായും രാഷ്ട്രീയ പരമാണെന്നാണ് റിപ്പോർട്ടുകൾ.

    രാഷ്ട്രീയ വിവാദങ്ങൾക്ക്‌ അടക്കം സോഷ്യൽ മീഡിയയിലൂടെ സംവദിക്കാനുള്ള പുതിയ പദ്ധതിയാണ് ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഔദ്യോഗിക വെബ്സൈറ്റുകളുടെയും പരിപാലനത്തിനായി ചിലവാക്കുന്നത് ഒരു കോടി പത്ത് ലക്ഷം രൂപയാണ്. സിഡിറ്റ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ച് പിആർഡി പണം അനുവദിച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.