നഷ്ടങ്ങളെല്ലാം വീണ്ടെടുക്കാം, ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരുന്നാൽ

  അലക്‌സാണ്ടർ ചക്രവർത്തി ലോകം മുഴുവൻ കീഴടക്കി ഇന്ത്യയിലേക്കു കടന്നു. പോറസ് രാജാവിന് അലക്‌സാണ്ടറുടെ ലോകോത്തര സൈന്യത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു. വിജയശ്രീലാളിതനായി നിൽക്കുന്ന അലക്‌സാണ്ടറുടെ മുമ്പിലേക്ക് സൈന്യം പോറസിനെ ബന്ധനസ്ഥനാക്കി കൊണ്ടുവന്നു. രാജ്യവും സൈന്യവും സമ്പത്തും എല്ലാം നഷ്ടപ്പെട്ട പോറസ് പക്ഷേ, ശിരസ്സു താഴ്ത്തിയിരുന്നില്ല. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന അലക്‌സാണ്ടർ പരാജയത്തിന്റെ പടുകുഴിയിൽ കിടക്കുന്ന പോറസിനോട് ചോദിച്ചു. ഞാൻ നിന്നോട് എപ്രകാരമാണ് പെരുമാറേണ്ടത്? പോറസിന്റെ ഗംഭീരമായ മറുപടി ഇതായിരുന്നു: അലക്‌സാണ്ടർ ഒരു രാജാവ് മറ്റൊരു രാജാവിനോട് എങ്ങനെയാണോ പെരുമാറേണ്ടത്, അങ്ങനെ തന്നെ പെരുമാറണം

  ചരിത്രത്തിന്റെ ഏടുകളിൽ ഈ സംഭവം വായിക്കുന്ന ഏതൊരാളുടെയും മനസ്സിൽ ഒരുണർവുണ്ടാകും. പരാജയങ്ങൾ ഏറ്റു വാങ്ങി നിൽക്കുമ്പോൾ സാധാരണ മനുഷ്യർ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെട്ടവരെ പോലെയാണ് പെരുമാറുക പതിവ്. അമ്പേ പരാജയപ്പെട്ടു സകലതും നഷ്ടപ്പെട്ടു നിൽക്കുന്ന പോറസ്, അലക്‌സാണ്ടർക്കു കൊടുത്ത ധീരമായ മറുപടിയും അതിനു ശേഷമുണ്ടായ ചരിത്ര സംഭവങ്ങളും നമ്മെ സുപ്രധാനമായ ചില പാഠങ്ങൾ പഠിപ്പിക്കുന്നു.

  ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും എത്രയൊക്കെ പരാജയപ്പെട്ടാലും മനുഷ്യാ, നിനക്കു നിന്നെ കുറിച്ചുള്ള വിശ്വാസവും നിന്നിൽ തന്നെയുള്ള മതിപ്പും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല. അവ നഷ്ടമാകാതിരുന്നാൽ മറ്റെന്തെല്ലാം നിനക്കു നഷ്ടപ്പെട്ടിട്ടുണ്ടോ അവയെല്ലാം നിനക്കു തിരിച്ചു കിട്ടുക തന്നെ ചെയ്യും. പോറസ് പഠിപ്പിക്കുന്ന പാഠമിതാണ്. പോറസ് രാജാവിന് അലക്‌സാണ്ടർ രാജ്യം തിരിച്ചു നൽകിയെന്നാണല്ലോ ചരിത്രം രേഖപ്പെടുത്തുന്നത്.

  ജീവിതത്തിൽ വിജയങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പൊതുവെ മനുഷ്യർക്ക് ആത്മവിശ്വാസവും സ്വയം മതിപ്പും കൂടുതലായിരിക്കും. പക്ഷേ, പരാജയങ്ങളുണ്ടാകുമ്പോഴും നഷ്ടങ്ങൾ സംഭവിക്കുമ്പോഴുമാണ് യഥാർഥത്തിൽ സ്വയം മതിപ്പ് ഉണ്ടാകേണ്ടത്. മനുഷ്യ ജീവിതത്തിൽ ഏറ്റവും വിലപിടിച്ചത് തന്നിൽ തന്നെയുള്ള വിശ്വാസവും മതിപ്പുമാണ്. അത് കാത്തുസൂക്ഷിക്കുന്നവരെ ലോകത്തിന് ഒരിക്കലും അവഗണിക്കാനാകില്ല.

  പരാജയങ്ങളെയും നഷ്ടങ്ങളേയും ജീവിതത്തിലെ സാധാരണ സംഭവങ്ങളായി തന്നെ കാണുന്നവരാണ് മഹത്തുക്കൾ. സംഭവങ്ങളാണ് പരാജയങ്ങൾ, വ്യക്തികളല്ല എന്നു പറയുന്നത് അതുകൊണ്ടാണ്. ഞാൻ ഒരു യുദ്ധത്തിൽ തോറ്റു, പരീക്ഷയിൽ തോറ്റു എന്നൊക്കെ പറയാം. അല്ലാതെ ഞാൻ ഒരു പരാജയമായി എന്നു പറയരുത്.

  എന്റെ ഇഷ്ടതാരമായ രജനീകാന്ത് അദ്ധേഹത്തിന്റെ ശിവജി എന്ന സിനിമയിൽ നമുക്ക് നൽകുന്ന സന്ദേശം ഇതു തന്നെയാണ്. വേറിട്ടൊരു കണ്ണോടുകൂടി ഈ സിനിമയെ സമീപിച്ചാൽ നമുക്ക് കിട്ടുന്ന പ്രചോദനംവളരെ വലുതാണ്. സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി നല്ല നൽകുന്നതിനായി നല്ല ഉദ്ധ്യേശത്തോടെ പ്രവർത്തിക്കുന്ന ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള നായകനെ കുതന്ത്രങ്ങൾകൊണ്ട് പരാജയപ്പെടുത്തുന്ന വില്ലനെ ആദ്യ പകുതിയിൽ നമുക്ക് കാണാം. എല്ലാം നഷ്ടപ്പെട്ടു റോഡരികിൽ നിൽക്കുന്ന നായകന്റെ അടുത്തേക്ക് ബെൻസ് കാറിൽ വന്നിറങ്ങുന്ന വില്ലൻ ഒരു ഭിക്ഷക്കാരനു നൽകുന്നതുപോലെ ഒരുരൂപ നാണയം വച്ചു നീട്ടുന്ന രംഗം ഇടവേളയ്ക്കു തൊട്ടുമുമ്പുണ്ട്. ആ സമയത്തു നായകൻ പ്രതികരിക്കുന്നത് എല്ലാം നഷ്ടപ്പെട്ട്‌ ആത്മവിശ്വാസം ഇല്ലാതായവനെ പോലെയല്ല. പോറസ് രാജാവിന്റെ അതേ മനോഭാവമാണ് ആ കഥാപാത്രത്തിൽ രജനീകാന്ത് പ്രകടിപ്പിക്കുന്നത്. സിനിമ തീരുമ്പോൾ നായകൻ നഷ്ടപ്പെട്ടതിനെക്കാളേറെ വീണ്ടെടുക്കുന്നുണ്ട്. എന്തൊക്കെ നഷ്ടപ്പെട്ടാലും ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടമാകാതിരുന്നാൽ എല്ലാം വീണ്ടെടുക്കാനാകും എന്നതാണ് ശിവജി നൽകുന്ന സന്ദേശം.

  സിനിമയിലല്ല, പോറസ് രാജാവിന്റെ ജീവിതത്തിലല്ല, നമ്മുടെ ജീവിതങ്ങളിലും ഇത് സത്യമാണ്. ചുറ്റുമുള്ള മനുഷ്യരിലേക്ക് കണ്ണോടിച്ചാൽ നമുക്ക് തന്നെ ഇത്തരം വേറെ സംഭവങ്ങൾ കണ്ടെത്താൻ കഴിയുകയും ചെയ്യും.

  സുരേഷ് ആർ നായർ

  LEAVE A REPLY

  Please enter your comment!
  Please enter your name here