നവോത്ഥാനം നാവിന്‍ തുമ്പിലൂടെ..

  ചില വാക്കുകള്‍ അങ്ങിനെയാണ്. പറഞ്ഞുപറഞ്ഞ് അശ്ലീലമാകും. ചിലത് ചിലര്‍ പറഞ്ഞാല്‍ അശ്ലീലമാവും. അഭിസാരികയെപ്പോഴും ചാരിത്ര്യം ചാരിത്ര്യം എന്നുപറഞ്ഞാല്‍ ചാരിത്ര്യം എന്ന വാക്കുപോലും അശ്ലീലമാവുന്നതുപോലെ!
  ഇത് ഏതു വിധത്തിലാണെന്നറിയാന്‍ വയ്യ. പറഞ്ഞുപറഞ്ഞ് ക്ലീഷേ ആക്കിയതാണോ ചിലര്‍ പറഞ്ഞ് അശ്ലീലവല്‍ക്കരിച്ചതാണോ എന്തോ?
  ഇനിയിപ്പോ ഏതാ വാക്ക് എന്നായിരിക്കും ചോദ്യം? എന്തിന് ചോദിക്കണം. അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാമല്ലൊ ആ വാക്ക്. നവോത്ഥാനം സ്ത്രീസമത്വം എന്നതൊക്കെയാണെന്ന്. എന്തായാലും ഇപ്പോള്‍ നവോത്ഥാനവും സ്ത്രീസമത്വവുമൊക്കെ നാവിന്‍തുമ്പിലൂടെയാണ് നടക്കുന്നത്.
  കുറച്ചുകാലങ്ങളായി അങ്ങനെയൊക്കെത്തന്നെയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്. നവോത്ഥാനജാഥയ്ക്ക് ക്യാപ്റ്റനാക്കിയത് തന്നെ ആരെയാ? അഖിലയെ അപമാനിച്ച സഖാവ് സി.പി. സുഗതനെത്തന്നെ!
  എത്രയോ കാലമായി നമ്മള്‍ നാവിന്‍തുമ്പിലൂടെ സ്ത്രീസമത്വം പറയാന്‍ തുടങ്ങിയിട്ട്. ഉദാഹരണം വേണോ?
  ദേ പിടിച്ചോ.
  ‘ഒരു സ്ത്രീയാണ്. അവര്‍ക്കൊരുമാതിരി സൂക്കേടാണ്. അവിടെ പഠിപ്പീരെല്ലാം വാതിലടച്ചിട്ട് വേറെ എടപാടാ.’
  നമ്മുടെ വണ്‍ ടൂ ത്രീ മന്ത്രി മണി ( ഡാം തുറന്നുവിട്ടതോടെ ഫോറും കൂടിയായി) പൈനാവ് പോളിടെക്‌നിക് വനിതാ പ്രിന്‍സിപ്പാളിനെക്കുറിച്ച് 2016 ഫെബ്രുവരി 23-ാം തീയതി  ഒരു പൊതുയോഗത്തില്‍വച്ച് പറഞ്ഞത്.
  ‘അവിടെ ഇയാളുടെ കൂടെയാ……. സബ് കളക്ടറുടെ കൂടെയാ വൈകുന്നേരം. പി. സുരേഷ്‌കുമാര്‍ വന്നിട്ട് കള്ളുകുടി, കെയ്‌സുകണക്കിനായിരുന്നു ബ്രാണ്ടി, എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടവിടെ. മനസ്സിലായല്ലൊ. അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി കൂടിയുണ്ടായിരുന്നു അന്ന്, ഏത്’
  വണ്‍ ടൂ ത്രീ ഫോര്‍ തന്നെ 2017 ഏപ്രില്‍ 23-ാം തീയതി ഒരു പൊതുയോഗത്തില്‍ പറഞ്ഞത്.
  ‘നിന്നെ ഇനി മേലാല്‍ ഈ പാര്‍ട്ടിയില്‍ കണ്ടുപോകരുത്. ഇവളെ പോലെയുള്ളവരെ വച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറും. ഇവളെന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടുവന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു.’
  ~ഒരു പൊതുയോഗത്തില്‍ വച്ച് ജെട്ടി നിരീക്ഷണമന്ത്രിയുടെ നാവില്‍നിന്നും വന്ന വനിതാസമത്വം.
  ‘നിന്നെ ആരാടീ എടുത്തോണ്ടു വന്നത്. നിന്നോടാരാടീ ഇങ്ങനെയൊക്കെ പറയാന്‍ പറഞ്ഞത്’ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, തിരുവനന്തപുരം കളക്ടര്‍ എസ്.ജെ.വിജയയോട് 2017 നവംബര്‍ 26 ന് പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് പറഞ്ഞത്.
  പറഞ്ഞാല്‍ തീരാത്ത അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…
  പ്രതികളെ അന്വേഷിച്ച് പാര്‍ട്ടി ഓഫീസില്‍ തിരച്ചില്‍ നടത്തിയതിന് ഒരു പോലീസ് ഉദ്യോഗസ്ഥയുടെ തൊപ്പി തെറിപ്പിച്ചും നവോത്ഥാനവും സ്ത്രീസമത്വവും നടത്തിയതിന് ചരിത്രം.
  ദേ പിന്നേം നാവിന്‍തുമ്പിലൂടെ നവോത്ഥാനം വിളമ്പുന്നയ്യോ.
  പാര്‍ട്ടിയുടെ കണ്‍വീനര്‍ വിജയരാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരെ അശ്ലീലം ചൊരിഞ്ഞെന്നാ ആരോപണം. അശ്ലീലമൊന്നുമല്ലെന്നേ, ഞങ്ങടെ നവോത്ഥാനത്തിന്റെ ശീലമല്ലേ അതെന്ന് പാര്‍ട്ടിക്കാര്‍. എന്തായാലും സംഗതി കേസായി.
  കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ആരെയും സംസ്‌കാരശൂന്യമായി ആക്ഷേപിക്കാറില്ലെന്നാ കോടിയേരി സഖാവ് പറയുന്നേ. ദേശാഭിമാനി രാഹുല്‍ രാജീവിനെ പപ്പു എന്നു വളിച്ചതിന് എതിരായിട്ടാണ് ഇതു പറഞ്ഞത്. ഉടനെ നമ്മുടെ അച്ചുമാമന്‍ പറഞ്ഞുകളഞ്ഞു ‘രാഹുല്‍ ഒരു അമൂല്‍ ബേബിയാണെന്ന്!’
  തന്നെ സിപിഎം എന്തു പറഞ്ഞാലും മറുപടി പറയില്ലെന്നാ രാഹുല്‍ രാജീവ് പറയുന്നത്. എല്ലാം തനിക്കൊരു അലങ്കാരമായി കാണുന്നുണ്ടാവും.
  അല്ലേലും സംസ്‌കാരത്തോടെയല്ലേ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കൂ.
  ബിഷപ്പിനെ നികൃഷ്ടജീവിയെന്നും, ആര്‍എംപി നേതാവിനെ കുലംകുത്തിയെന്നും, പ്രേമചന്ദ്രനെ പരനാറിയെന്നുമൊക്കെ വിളിച്ചപ്പോള്‍ നമുക്കാ സംസ്‌കാരം നന്നായി മനസ്സിലായിട്ടുള്ളതാണല്ലൊ.
  അങ്ങനെ വരുന്നേ…………………. നവോത്ഥാനം നാവിന്‍ തുമ്പിലൂടെ!
  പിന്‍കുറിപ്പ്: തമ്പ്രാന്‍ അടിയാനോട് പറഞ്ഞു. ‘കര്‍ക്കിടകത്തില്‍ നിനക്ക് ഒരു പറ നെല്ല് കൂടുതല്‍ തരും. പിന്നൊരു കാര്യം. പറഞ്ഞതേ കിട്ടൂ’
  അടിയാന് സന്തോഷായി.
  പഞ്ഞമാസം വന്നു. അടിയാന്‍ തമ്പ്രാന്റടുത്ത് ഒരു പറ നെല്ലിനായി എത്തി.
  തമ്പ്രാന്‍ കൈ മലര്‍ത്തി. എന്നിട്ടു പറഞ്ഞു.
  ഞാന്‍ അന്നേ പറഞ്ഞില്ലേ. പറഞ്ഞതേ കിട്ടൂ എന്ന്.
  വേറെന്തു തരാന്‍.
  കൊള്ളാം നവോത്ഥാനം നാവിന്‍ തുമ്പിലൂടെ……. പറഞ്ഞതല്ലാതെ എന്തു കിട്ടാനാണല്ലേ?

  LEAVE A REPLY

  Please enter your comment!
  Please enter your name here