നമ്മെ നിശ്ചയിക്കുന്ന ആഹാരം

  ബത്തേരി എന്ന കൊച്ചു കൊച്ചു പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ ദൂരെ ഒരു പഴയ തറവാട് ഒരാശ്രമമയായി പുനർനാമകരണം ചെയ്തിരിക്കുന്നു. കാടു പിടിച്ചു കിടന്ന മുറ്റവും കടന്ന് അകത്തെക്ക് പ്രവേശിച്ചപ്പോൾ പഴമയുടെ ഗന്ധം ഒരു തരത്തിൽ വീർപ്പുമുട്ടിച്ചു. ചുരം കടന്ന് വയനാട്ടിലെത്തുമ്പോൾ തണുപ്പിനൊപ്പം വിശപ്പും വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.

  സുഹൃത്തായ സ്വാമിജി ശ്രീ ഓംകാരാനന്ദ ഭക്ഷണത്തിന് ക്ഷണിച്ചപ്പോഴാണ് ശ്വാസം നേരെവീണതെന്ന് പറയുന്നതിൽ തെറ്റില്ല. മുന്നിലുള്ള ഭക്ഷണം വാരി വലിച്ചു കഴിക്കുന്നത്‌ കണ്ടായിരിക്കണം അദ്ദേഹം വീണ്ടും ഭക്ഷണം വച്ചു നീട്ടി. വയറു നിറഞ്ഞു, പക്ഷെ ബാക്കി വയ്ക്കേണ്ടല്ലോ എന്ന് കരുതി കഴിക്കുകയാണെന്ന് ഭംഗി പറയുകയും ചെയ്തു. അങ്ങനെയെങ്കിൽ കഴിക്കണ്ട, ബാക്കിയാവില്ല …പുറത്ത് ഒത്തിരി പക്ഷികളുണ്ട്, അതല്ലെങ്കിൽ ഉറുമ്പുകൾ ഭക്ഷിക്കും, അതുമല്ലെങ്കിൽ ഭൂമി ഭക്ഷിക്കും – അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ മുന്നിലുള്ള ഭക്ഷണത്തെ ഒന്നു കൂടി നോക്കിപ്പോയി, ഉള്ളിൽ അറിയാതെ ഒരു നിശ്ശബ്ദത കടന്നു വരികയും.

  ബാല്യം തൊട്ട് കേട്ട് വരുന്ന നിർദ്ദേശമാണ് – പ്ലേറ്റിൽ ഭക്ഷണം ബാക്കി വയ്ക്കരുത്. ഒരന്നം പോലും താഴെ വീഴ്തരുത് എന്നൊക്കെ. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ ചിന്തകളെയാകെ മാറ്റി മറിക്കുന്നതായിരുന്നു. നമുക്കൊപ്പം സഹജീവികളും ഭക്ഷണം കഴിച്ചിരിക്കണം എന്ന നമ്മുടെ പുരാതനമായ സംസ്കാരം. അതിനായി ഒരുപാട് വഴികളും കണ്ടുവച്ചിരിക്കുന്നു അവർ. ആചാരാനുഷ്ഠാനങ്ങളുടെ പേരിലാകട്ടെ ചിലരെങ്കിലും അത് പിന്തുടരുന്നുമുണ്ട്.

  അതിലൊന്ന് തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും പ്രത്യേകമായും പ്രഭാതങ്ങളിൽ വരച്ചു പോരുന്ന കോലങ്ങളാണ്. പ്രഭാതത്തിൽ വരയ്ക്കുന്ന കോലങ്ങളിലെ ധാന്യമണികൾ ഉറുമ്ബുകൾക്കും മറ്റും ഭക്ഷണമാണ്. കേരളത്തിലും മറ്റും പ്രതിമാസം നടക്കുന്ന വാവു ബലികൾ മറ്റൊരു ചടങ്ങ്. ക്ഷേത്രങ്ങളിൽ ദിവസേന കാണാം ബലിക്കല്ലുകളിൽ അന്നം നേദിക്കുന്നത്. അങ്ങനെയോത്തിരി ചടങ്ങുകൾ. ഉദ്ദേശം ഒന്ന് മാത്രം – നമുക്കൊപ്പം സഹജീവികളും ഭക്ഷണം കഴിച്ചിരിക്കണം എന്ന നിർബന്ധബുദ്ധി.

  ‘നിങ്ങൾ എന്താണ് ഭക്ഷിക്കുന്നതെന്ന് പറയൂ, നിങ്ങളെന്താണെന്ന് ഞാൻ പറയാം’ – വിചിത്രമാണെന്ന് തോന്നാമെങ്കിലും ഏറെ സത്യമായ ഒരു പ്രസ്താവന. നിങ്ങളെന്ത് കഴിക്കുന്നുവോ, അതാണ്‌ നിങ്ങൾ. പക്ഷെ നമ്മളെ നമ്മളാക്കുന്ന ആ ഭക്ഷണത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കുണ്ടെന്ന് അറിയില്ല, വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയാണ് പ്രധാനം, അതെന്തായിക്കൊള്ളട്ടെ.

  ശാസ്ത്രത്തിൽ ഭക്ഷണങ്ങള്‍ 3 തരത്തിലുള്ളതായി പറയുന്നു. സാത്വികം, രാജസികം, താമസികം എന്നിങ്ങനെ. ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ് സാത്വികാഹാരം .അതുകൊണ്ട് തന്നെ ഇവ, കഴിക്കുന്നയാള്‍ക്ക് ശരീരത്തിനും മനസ്സിനും ശാന്തിയും ഉന്മേഷവും പ്രദാനം ചെയ്യുന്നു . വ്യക്തിക്കുള്ളിലെ സ്നേഹത്തെയും സഹാനുഭൂതിയെയും തൊട്ടുണര്‍ത്താന്‍ ഉത്തമമാണ് സാത്വികാഹാരം . സാത്വിക ഭക്ഷണം കഴിക്കുന്ന ആള്‍ ആത്മീയമായി ഔന്നത്യമുള്ളവനായിരിക്കും .അങ്ങനെയുള്ളവര്‍ മദ്യം മുതലായ ലഹരി പദാര്‍ഥങ്ങളും
  ചായ , കാപ്പി തുടങ്ങിയ പാനീയങ്ങളും വര്ജ്ജിക്കും. പച്ചക്കറികള്‍ ധാന്യങള്‍ ഫലങള്‍ നട്സ് എന്നിവ സാത്വികാഹാരത്തില്‍ പെടുന്നവയാണ്. ശരീരത്തിനും മന്സ്സിനും ലഘുത്വവും ശാന്തിയും ഉണ്ടായിരിക്കുക, ഏകാഗ്രത, ക്ഷമ, പ്രശാന്തത എന്നിങ്ങനെ പോകുന്നു സാത്വികതയുടെ ലക്ഷണങ്ങൾ.

  നല്ലതരം ഭക്ഷണമാണെങ്കിലും രാജസികാഹാരം വളരെ ഭാരിച്ച്താണ്. അച്ചാർ ,ചായ, കാപ്പി, മസാല , മുളക്‌, കുരുമുളക്‌, സവാള, വെളുത്തുള്ളി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജസികാഹാരങ്ങല്‍ ശുദ്ധമായതും പോഷകസമ്പുഷ്ടമായതുമാണെങ്കില്‍ കൂടി വയറ്റിൽ അഗ്നി വർദ്ധിപ്പിക്കുകയും ശിരസ്സിൽ പിത്തം അധികമാക്കുകയും ചെയ്യും.ശിരസ്സിൽ പിത്തം വർദ്ധിച്ചാൽ ദേഷ്യം ,കൂടുതൽ ചിന്ത, അസ്വസ്ഥത ,ചപലത ,ശ്രദ്ധക്കുറവു , അത്യാഗ്രഹം എന്നിവയുണ്ടാകും.

  സാത്വികാഹാരത്തെ അപേക്ഷിച്ച്‌ രാജസിക് ആഹാരത്തില്‍ ധാരാളം എണ്ണയും മസാലകളും ചേര്‍ന്നിരിക്കുന്നു.ഇത് കഴിക്കുമ്പോള്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ച അളവില്‍ ആയിരിക്കും . പട്ടാളക്കാര്‍ക്കും ബിസിനസ്സ്‌കാര്‍ക്കും കായികതാരങ്ങള്‍ക്കും,രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും രജസികാഹാരം ഗുണം ചെയ്യുന്നു, കാരണം ഇത്തരം തൊഴിലുകളില്‍ വിക്രാന്തതയ്ക്കും കിടമത്സരങ്ങള്‍ക്കും പ്രാമുഖ്യമുണ്ടല്ലൊ.

  രാജസികാഹാരങ്ങള്‍ കയ്പ്‌,പുളി, ചവര്‍പ്പ് , ഉപ്പ് ,എരിവു എന്നിവയുള്ളതും വരണ്ടതും ദഹിക്കാന്‍ ഏറെ ഊര്‍ജം ചെലവാകുന്നതുമാണ്‌.പൂരി, അച്ചാറുകള്‍ ,സൊസേജുകള്‍ , ചായ, കാപ്പി, സവാള, കുറഞ്ഞ അളവിലുള്ള മദ്യം ,വെളുത്തുള്ളി, ചെറുനാരങ്ങ, പുകയില എന്നിവ രജോഗുണപ്രധാനങ്ങലാണ് . കോപം , അസൂയ, അഹംഭാവം , അത്യാര്‍ത്തി, ലൈംഗികാസക്തി, മിഥ്യാഭ്രമം, ഏകാഗ്രത ഇല്ലായ്ക ,മുന്‍കോപം, ചിന്താതിപ്രസരം എന്നീ അവസ്ഥകള്‍ രാജസിക പ്രകൃതത്തിന്റെ ലക്ഷണങ്ങളാണ്.രജോഗുണപ്രധാനികള്‍ പൊതുവെ അധികാരം, പദവി, ആഡംബരങ്ങള്‍ തുടങ്ങിയ അവസ്ഥകളില്‍ രമിക്കുന്നവരായിരിക്കും .ചായയും,കാപ്പിയും മസ്തിഷ്കത്തിന് കുറഞ്ഞ അളവില്‍ ഉത്തേജനം നൽകുന്നവയാണ്.

  ശരീരത്തിൽ അലസത ഉണ്ടാക്കുന്നവയും പാകം ചെയ്ത് പഴകിയതുമായ ആഹാരത്തെയാണ് താമസികഭക്ഷണമെന്ന് പറയുന്നത്. ഇത് ഉറക്കം കൂടുതലായി ഉണ്ടാക്കുന്നു. കൂണ്, കുമില്, എണ്ണക്കൊഴുപ്പുള്ളവ ഒക്കെ തമോഗുണം ഉള്ളവയാണ്‌. മത്സ്യം , ഗോമാംസം ,ചിക്കന്‍ , മുട്ട, വീഞ്ഞ്‌, കൂടിയ അളവിലുള്ള പാല്‍, പുകയില തുടങ്ങിയവ താമസ ഗുണം ഉണ്ടാക്കുന്നവയാണ്. ഇവ ദഹിക്കാന്‍ ഏറെ സമയവും ഊര്ജ്ജവും വേണ്ടിവരുന്നു.

  താമസപ്രകൃതം ഉള്ളവരില്‍ ഒരു ‘കെട്ടിക്കിടക്കല്‍ ‘ ഉള്ളതായി കാണപ്പെടുന്നു. ഇതു കാരണം അവരുടെ ആരോഗ്യം കാലാന്തരത്തില്‍ രോഗാവസ്ഥയെ പ്രാപിക്കുന്നു. ഇത്തരത്തിലുള്ളവരില്‍ , പെട്ടെന്നുള്ള മനോനിലാ വ്യതിയാനം , അരക്ഷിതാബോധം , വന്യമായ അഭിവാഞ്ഛകള്‍, ഉന്മേഷക്കുറവു, തൂക്കം, മറ്റുള്ളോരുമായി സമചിത്തതയോടെ ഇടപഴകാനുള്ള വൈമുഖ്യം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. കുടുംബത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത കുറഞ്ഞ ഇക്കൂട്ടര്‍ പെട്ടെന്ന്‌ വാര്‍ധക്യത്തെ പ്രാപിക്കുന്നു . കാന്‍സര്‍ ,പ്രമേഹം, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്‌.

  എന്ത് തന്നെയായാലും ഭക്ഷണം പാകം ചെയ്ത് 6 മണിക്കൂരിനുള്ളില്‍ കഴിക്കണം. അല്ലെങ്കില്‍ അവ സാത്വിക ആഹാരം തന്നെയെങ്കില്‍ കൂടി താമസ ഗുണമായിരിക്കും കഴിക്കുന്നയാള്‍ക്ക് നല്‍കുക. സമീകൃതാഹാരം എന്നതു കൊണ്ട്‌ ആയുര്‍വേദം അര്‍ഥമാക്കുന്നത്‌, മധുരം , ഉപ്പ്‌, പുളി, എരിവ്‌, ചവര്‍പ്പ് , കയ്പ്‌ രസങ്ങളുടെ ശരിയായ അളവിലുള്ള ഭക്ഷണം എന്നതാണ്‌. ഒരു പക്ഷെ ഇന്ന് വിറ്റാമിനുകൾ എന്ന് പറയുന്നവയുടെ മറ്റൊരു രൂപം.

  മാംസാഹാരമോ, സസ്യാഹാരമോ എന്നല്ല പകരം കഴിക്കുന്ന ആഹാരം എപ്പോൾ കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം. അഷ്ടാംഗസംഗ്രഹത്തിലെ ഒരു നീണ്ട അദ്ധ്യായത്തിൽ എല്ലാ മാംസങ്ങളുടെയും ഗുണഗണങ്ങൾ വിശദീകരിക്കുന്നു, പക്ഷെ ഏറ്റവുമൊടുവിൽ ഒരൊറ്റവരി – ഇതൊക്കെയായാലും നിങ്ങൾ സസ്യാഹാരം കഴിക്കൂ സാത്വികൻമാരാകൂ എന്ന്. സമൂഹത്തിന്റെ എന്ന് കാണുന്ന പലപ്രശ്നങ്ങൾക്കും ഉത്തരം ശരിയായ ഭക്ഷണരീതിയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെങ്കിലും, അസത്യമാകില്ല.

  മിതമായി ഭക്ഷിച്ച്, കടിഞ്ഞാണില്ലാതെ ഓടുന്ന മനസ്സിനെ ധ്യാനത്തിലൂടെ പിടിച്ചു കെട്ടി ഇന്ദ്രിയ നിഗ്രഹം വരുത്തിയ സാത്വികനായ ഒരു സന്ന്യാസിയുടെ വാക്കുകളിൽ നിന്നാണ് തുടങ്ങിയത്. ചുറ്റുമുള്ള ഔഷധ സസ്യങ്ങൾക്കിടയിലൂടെ നടന്ന് ഉമ്മറത്തേക്ക് തിരിച്ചു കയറുമ്പോൾ അദ്ദേഹം ഉരുവിടുന്നത് കേട്ടു:

  “നിത്യം ഹിതാഹാര വിഹാര സേവീ
  സമീക്ഷ്യകാരീ വിഷയേഷു അസക്ത
  ദാതാസമ സത്യപര ക്ഷമവാന്‍
  ആപ്തൊപസേവി ച ഭവതി അരോഗ”

  ‘നിത്യവും ഹിതമായ ആഹാരവും വിഹാരവും ശീലിക്കുന്നവനും, തന്റെ മുന്നിലുള്ള കാര്യങ്ങളെ സമദൃഷ്ടിയോടെ കാണുന്നവനും, ദാനധർമ്മങ്ങൾ ചെയ്യുന്നവനും, സത്യത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവനും, ക്ഷമാശീലനുമായ ഒരുവൻ ആരോഗ്യവാനായി ഭവിക്കുന്നു.’ ശാരീരികവും മാനസികവും സാമൂഹികവും സാംസ്കാരികവുമായ ആരോഗ്യത്തിന് ഇതിലേറെ എന്തു വേണം!